Wednesday, May 23, 2012   6:39 PM IST
Vaartha BlogRSS
Loading
ഇപ്പോഴും കാത്തിരിക്കുന്നു
Published : Wednesday, February 01, 2012
|
  
Text Size
മറക്കാറായിട്ടില്ല മാര്‍ച്ച് പതിനൊന്ന്. ജപ്പാന്‍റെ സര്‍വതും അപഹരിച്ച സുനാമി, തൊട്ടു പിന്നാലെ ഭൂകമ്പം. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന തരത്തില്‍ കുറച്ചു ദിവസങ്ങള്‍ നിന്നു കത്തിയ ആണവ നിലയങ്ങള്‍...അഗ്നിപര്‍വതത്തിന്‍റെ മുനമ്പില്‍ നിന്ന് ഇപ്പോഴും നിലത്തിറങ്ങിയിട്ടില്ല ജപ്പാന്‍റെ ആശങ്കകള്‍. രാഷ്ട്രമാകെ പുനര്‍നിര്‍മാണത്തിന്‍റെ തിരക്കുകളിലാണ്. നഷ്ടങ്ങളുടെ ആഴങ്ങളില്‍ നിന്ന് ജപ്പാന്‍ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ മനസുകള്‍ ഇപ്പോഴും തേങ്ങുന്നു. മനസുകള്‍ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നു, പ്രിയപ്പെട്ടവരെ.

ഒരു വര്‍ഷത്തോടടുക്കുന്നു. സുനാമിത്തിര കവര്‍ന്നു കൊണ്ടു പോയവരെ ഇപ്പോഴും കാത്തിരിക്കുന്നു അവരുടെ ബന്ധുക്കള്‍. എടുക്കുന്നതെന്തും മൂന്നാംപക്കം കടലമ്മ തിരിച്ചു തരും എന്ന സങ്കല്‍പ്പത്തിന്‍റെ കാലാവധിയും കഴിഞ്ഞല്ലോ, എന്നിട്ടും എന്തിന്? വെറുതെയാണെന്നറിയാം എന്നാലും കാത്തിരിക്കാമല്ലോ?

ആ ശരീരമെങ്കിലും കാണാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു, പറയുന്നതു യോഷിഫുമി സുസുക്കി. ഇദ്ദേഹം തേടുന്നതു ബന്ധുക്കളെയല്ല. സഹപ്രവര്‍ത്തകരെ. ജപ്പാന്‍റെ കോസ്റ്റ് ഗാര്‍ഡിലെ ഉദ്യോഗസ്ഥനാണ് യോഷിഫുമി. സുനാമിത്തിരകള്‍ ആഞ്ഞടിക്കുമ്പോള്‍ യോഷിഫുമി ഡ്യൂട്ടിയിലായിരുന്നു. കൂടെ എട്ടു പേരും. കിട്ടിയ വാഹനങ്ങളില്‍ പരമാവധി ആളുകളെ രക്ഷിക്കാനാണു ശ്രമിച്ചത്. എല്ലാം കഴിഞ്ഞ് ഒപ്പമുള്ളവരെ നോക്കിയപ്പോള്‍ ആരുമില്ല. എല്ലാവരേയും കാണാതായി അന്നു മനസിലായി യോഷിഫുമിക്ക്. സുഹൃത്തുക്കളാരും ഇനി തിരിച്ചു വരില്ല. എന്നിട്ടും വെറുതേ പ്രതീക്ഷിക്കുന്നു. ഇപ്പോഴും തീരത്തു കുമിഞ്ഞു കൂടിക്കിടക്കുന്ന ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും അവരുടെ ശരീരങ്ങള്‍ അടിഞ്ഞു കിടപ്പുണ്ടാവും. ഡ്യൂട്ടിക്കു പോകുമ്പോള്‍ കണ്ണുകള്‍ പരതുന്നുണ്ട് അത്തരത്തിലൊരു ദൃശ്യത്തിനായി.

എല്ലാം എല്ലാവര്‍ക്കും അറിയാം, എന്നാല്‍ കാത്തിരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ജപ്പാനിലെ എല്ലാ വീട്ടിലും സുനാമിയുടെ ഓര്‍മകള്‍ പേറി ആരെങ്കിലുമൊക്കെ ആരെയെങ്കിലുമൊക്കെ കാത്തിരിക്കുന്നു. ആ കാത്തിരിപ്പിനു ഞാനല്ലാതെ മറ്റാര്? എന്ന് എല്ലാവരും മനസില്‍ ചോദിക്കുന്നു. യോഷിഫുമി തിരയുന്നതു സുഹൃത്തുക്കളെ മാത്രമല്ല. സുനാമി ദുരന്തത്തില്‍ കാണാതായവരെ തിരയുകയാണ് ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ പ്രധാന ജോലി. എന്നാല്‍ ഇതു തന്‍റെ ഔദ്യോഗിക ഡ്യൂട്ടി മാത്രമല്ല എന്നു പറയുന്നു, യോഷിഫുമി. ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്‍റെ ഉത്തരവാദിത്തമാണത്. തിരിച്ചു വരില്ല എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അവരോടൊപ്പം ഈ ലോകത്തു ജീവിച്ചിരുന്നവരാണ്, പ്രിയപ്പെട്ടവരാണ്. സുനാമി ദുരന്തത്തില്‍ മരിച്ചു എന്ന് അംഗീകരിക്കാന്‍ അവര്‍ തയാറാണ്. എന്നാല്‍ തെളിവ് എവിടെ? അവര്‍ ചോദിക്കുന്നു. കടല്‍ ഇപ്പോഴും തെളിഞ്ഞിട്ടില്ല, അല്ലെങ്കില്‍ കൂടുതല്‍ ആളുകളെ കണ്ടെത്താമായിരുന്നു.

പത്തൊമ്പതിനായിരം പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ആറുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടു കിട്ടിയിട്ടില്ല. ഇഷിനോമാക്കി, ഒനാഗവ തുടങ്ങിയ തീരപ്രദേശ നഗരങ്ങളില്‍ മരിച്ചെന്നു കരുതുന്നവരില്‍ ഇരുപതു ശതമാനവും ഇപ്പോഴും സര്‍ക്കാര്‍ കണക്കില്‍ മിസ്സിങ് എന്ന കോളത്തിലാണ്.

കോസ്റ്റ്ഗാര്‍ഡിന്‍റെ ഷിമാകാസെ എന്ന കപ്പല്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഈ കപ്പലിനെ ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏക ദൗത്യവും കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചിലാണ്. സുനാമിത്തിരമാലകള്‍ ആഞ്ഞടിക്കുന്നതു നേരിട്ടു കണ്ട യോഷിയുകി കികുച്ചിയാണ് ഈ ഷിപ്പിന്‍റെ ക്യാപ്റ്റന്‍. കഷ്ടിച്ചാണു രക്ഷപെട്ടത്. മൂന്നാമത്തെ ദിവസമാണ് തീരത്ത് അടുക്കാനായത്. അന്നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ്, ഒരര്‍ഥത്തില്‍ അതിപ്പോഴും തുടരുന്നു.

കെസെന്നുമ എന്ന പട്ടണത്തിലെ തെരച്ചിലിനിടെ അരങ്ങേറിയ ഹൃദയഭേദക രംഗങ്ങള്‍ ജപ്പാനിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഈ പട്ടണത്തിന്‍റെ പകുതിയോളം പൂര്‍ണമായും തിരയെടുത്തു. ഒരു പ്രൈമറി സ്കൂളിലെ എഴുപത്തിനാലു കുട്ടികള്‍ അതില്‍പ്പെട്ടു. അവുരടെ ശരീരത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചിട്ടില്ല. നാലു കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടു കിട്ടാനുണ്ട്. സ്കൂളില്‍ പഠിച്ചിരുന്ന എല്ലാ കുട്ടികളുടേയും മാതാപിതാക്കള്‍ ഒന്നിച്ചാണ് ഇപ്പോഴും അന്വേഷിക്കുന്നത്. അവരെക്കൂടി കാണാതെ ഞങ്ങള്‍ ഇത് അവസാനിപ്പിക്കില്ല...അവര്‍ക്ക് ഒരേ സ്വരം...ആ സ്വരത്തിന്‍റെ ഇടര്‍ച്ചയും ഒരുപോലെ...
Rate This News :
Latest News