Wednesday, May 23, 2012   6:43 PM IST
Vaartha BlogRSS
Loading
പ്യൂഷേ പിന്‍വാങ്ങുന്നു
Published : Wednesday, February 01, 2012
|
  
Text Size
മുംബൈ

സ്വന്തം തട്ടകത്തില്‍ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്നു ഫ്രഞ്ച് ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ പ്യൂഷേയുടെ ഇന്ത്യന്‍ പ്രവേശനം അനിശ്ചിതത്വത്തില്‍. യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ പ്യൂഷേ ഇന്ത്യന്‍ പദ്ധതികള്‍ പുനഃക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്‍റെ ഭാഗമായി മുംബൈയിലെ കോര്‍പ്പറേറ്റ് ഓഫിസ് അടച്ചുപൂട്ടി.

കഴിഞ്ഞ വര്‍ഷം അവസാനം ഗുജറാത്തിലെ സാനന്ദില്‍ നിര്‍മാണ പ്ലാന്‍റിനു തറക്കല്ലിട്ടിരുന്നു. 4,500 കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന പ്ലാന്‍റിനു പ്രതിവര്‍ഷം 1,70,000 യൂനിറ്റ് ഉത്പാദനശേഷിയായിരുന്നു ലക്ഷ്യമിട്ടത്. 2014ല്‍ ആദ്യ കാര്‍ പുറത്തിറക്കാമെന്നും കണക്കുകൂട്ടി. എന്നാല്‍, പദ്ധതികളില്‍ ചില മാറ്റം വരുത്തിയിട്ടുണ്ടെന്നു കമ്പനി വക്താവ് ജോനാഥന്‍ ഗുഡ്മാന്‍. അതേസമയം, ഇന്ത്യയില്‍ നിന്നു പിന്‍മാറുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.

ഒരു ദശകക്കാലം വിട്ടുനിന്ന ശേഷം ഇന്ത്യന്‍ വിപണിയില്‍ പുനഃപ്രവേശിക്കുന്ന കാര്യം കമ്പനി പ്രഖ്യാപിച്ചതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍. എന്നാല്‍ പ്രതിസന്ധി മുന്നില്‍ക്കണ്ട് ഇപ്പോള്‍ സംയുക്ത സംരംഭം രൂപീകരിക്കാനാണു കമ്പനിയുടെ ശ്രമം.

ഡണ്‍ലപ്പ് ഉടമ പവന്‍ കെ റൂയിയ, ഐഷര്‍ മോട്ടോഴ്സിന്‍റെ സിദ്ധാര്‍ഥ് ലാല്‍ എന്നിവരുമായി കമ്പനി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

യൂറോപ്പിലെ വില്‍പ്പന കുറഞ്ഞതിനെത്തുടര്‍ന്ന് ഈ വര്‍ഷം 6,000 പേരെ പിരിച്ചുവിടുമെന്നു കമ്പനി പ്രഖ്യാപിച്ചിരുന്നു.
Rate This News :
Latest News