Wednesday, May 23, 2012   11:03 PM IST
Vaartha BlogRSS
Loading
വ്യവസായ മന്ത്രിക്കു മേയര്‍ നിവേദനം നല്‍കി
Published : Wednesday, February 01, 2012
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖിക

വിളപ്പില്‍ശാലയിലേക്ക് ചവര്‍ കൊണ്ടുപോകാന്‍ പൊലീസ് സംരക്ഷണമാ വശ്യപ്പെട്ട് മേയര്‍ കെ. ചന്ദ്രിക മന്ത്രി കുഞ്ഞാലിക്കുട്ടിക്കു നിവേദനം നല്‍കി. ചവറെത്തിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇതു നടപ്പാക്കണമെന്നാണു മേയര്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടന്‍ തീരുമാനം അറിയിക്കാമെന്നാണ് ഇക്കാര്യത്തില്‍ മന്ത്രി മറുപടി പറഞ്ഞത്. കൂടാതെ ഉറവിടത്തില്‍ത്തന്നെ മാലിന്യ സംസ്കരണം നടത്തുന്ന പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സബ്സിഡി അനുവദിക്കും. പ്ലാസ്റ്റിക് സംസ്കരണത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12 ഏക്കര്‍ സ്ഥലത്ത് പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് സ്ഥാപിക്കുമെന്നും മന്ത്രി മേയര്‍ക്ക് ഉറപ്പു നല്‍കി. ഇതിനായി സ്ഥലം ലഭിച്ചിട്ടുണ്ട്.

മാലിന്യസംസ്കരണത്തിന് ബദല്‍ സംവിധാനമുണ്ടാകുന്നതുവരെ വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് നഗരസഭ കൂടുതല്‍ പ്രോത്സാഹനം നല്‍കണം. ഇതു മാലിന്യ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ മാത്രമെ മാലിന്യ പ്രശ്നത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയുള്ളുവെന്നു മേയര്‍. ഹൈക്കോടതി വിധിക്കനുകൂലമല്ലാത്ത തീരുമാനമാണ് സര്‍ക്കാരെടുക്കുന്നതെങ്കില്‍ വീണ്ടും കോടതിയില്‍ പോകാനും നഗരസഭ പദ്ധതി തയാറാക്കുന്നു. അതേസമയം നിരവധി തവണ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടാകാത്തതില്‍ നഗരസഭ സര്‍ക്കാരിനോടുള്ള അനിഷ്ടം പ്രകടമാക്കുന്നുണ്ട്. നഗരസഭാ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം മേയറോടൊപ്പം എത്തിയിരുന്നു. പൊലീസ് സംരക്ഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതു തങ്ങളോട് ആലോചിക്കാതെയാണെന്നും ഇവര്‍ ആരോപിച്ചു.

മന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചതുകൊണ്ടാണ് എത്തിയതെന്നും പ്രതിപക്ഷം തുറന്നടിച്ചു. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടന്നിട്ടില്ല. വിളപ്പില്‍ശാലക്കാരോടു നിഷേധാത്മകമായ നിലപാടാണു സ്വീകരിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇന്നു തീരുമാനമായില്ലെങ്കില്‍ വീണ്ടും

ഹൈക്കോടതിയെ സമീപിക്കും: നഗരസഭ


നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു നഗരസഭ. കോടതി ഉത്തരവു സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല എന്നു കാണിച്ചാകും ഹൈക്കോടതിയെ സമീപിക്കുക.

പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നിരവധി തവണ നഗരസഭാ നേതൃത്വം സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. അതില്‍ നഗരസഭയ്ക്കു കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം മേയര്‍ പലതവണ തുറന്നടിച്ചിട്ടുണ്ട്. അതേസമയം ചവര്‍ ലോറികള്‍ കടത്തിവിടില്ലെന്ന ഉറച്ച നിലപാട് സമ രസമിതി എടുത്ത സ്ഥിതിക്ക് എന്ത് തിരുമാനം കൈക്കൊള്ളുമെന്ന ആശങ്കയിലാണു സര്‍ക്കാര്‍.

നഗരസഭയ്ക്കെതിരായ നിലപാടെടുത്താല്‍ കോടതിയലക്ഷ്യമാകും. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സ്ഥി തിക്കു പൊലീസ് സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയാറാകുന്നില്ല. മാലിന്യ പ്രശ്നം രൂക്ഷമായ സ്ഥിതിക്കു സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണു നഗരസഭ. ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെ ചവര്‍ കുഴിച്ചുമൂടാനാണു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. കുഴിച്ചുമൂടല്‍ കാര്യക്ഷമല്ലെന്നു നഗരസഭാ അധികൃതര്‍.

കൂടാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇടഞ്ഞു നില്‍ക്കുന്നതു നഗരസഭയ്ക്കു വിനയായിട്ടുണ്ട്. ഇന്നലെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കു നിവേദനം സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണു നടത്തിയത്. നഗരസഭ ഹൈക്കോടതിയ സമീപിക്കുമ്പോള്‍ പ്ലാന്‍റ് പൂട്ടണമെന്ന് ആവശ്യപ്പെട്ടു വിളപ്പില്‍ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

നഗരത്തിലെ മാലിന്യനീക്കം നിലച്ചിട്ട് ഒന്നര മാസത്തോളമായി. പ്രശ്നത്തില്‍ നഗരസഭയും സര്‍ക്കാരും പരസ്പരം പഴിചാരുന്നതല്ലാതെ ശാശ്വതപരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. നഗരസഭയിലെ യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രശ്നം രാഷ്ട്രീയമായാണു നേരിടുന്നത്. ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കുകയാണു നഗരസഭയുടെ ലക്ഷ്യം.

എന്നാല്‍ ഇതിനു ഫലപ്രദമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. പല വാര്‍ഡുകളിലും മിനി പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.

പ്ലാന്‍റിനു സബ്സിഡി നല്‍കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്ന് ചില കൗണ്‍സിലര്‍മാര്‍ പറയുന്നു. ബയോഗ്യാസ് പ്ലാന്‍റും റിങ് കമ്പോസ്റ്റും ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നഗരസഭാ കൗണ്‍സിലിലും ചര്‍ച്ചയായിരുന്നു.

വിളപ്പില്‍ശാല പ്ലാന്‍റ് പഞ്ചായത്ത് അധികൃതര്‍ പൂട്ടിയതിനെത്തുടര്‍ന്നു കഴിഞ്ഞ മാസമാണു നഗരസഭാ സെക്രട്ടറി കോടതിയെ സമീപിച്ചത്. കോടതി പഞ്ചായത്തിനും സമരസമിതിക്കും നോട്ടീസ് അയച്ചു. അതിനു ശേഷം പ്രശ്നത്തെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വ. കെ. മീര അധ്യക്ഷയായ അഭിഭാഷക കമ്മിഷനെ നിയമിച്ചു.

കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണു പ്ലാന്‍റിലേക്കു ചവര്‍ കൊണ്ടു പോകാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.
Rate This News :
Latest News