പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
Published : Wednesday,
February 01,
2012
തൃശൂര്‍
മാര്‍ത്ത് മറിയം വലിയ പള്ളി , തിരുവെട്ടാര്‍ ദേവീക്ഷേത്രം എന്നിവടങ്ങളില്‍ കവര്‍ച്ച നടത്തി പിടിയാലായ ശേഷം മുങ്ങിയ പ്രതി അറസ്റ്റില്‍. മരത്താക്കര പതിയാക്കര സന്തോഷിനെ( 38)യാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ആമ്പല്ലൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 1996ല്‍ തൃശൂര്‍ ഹൈറോഡിലുള്ള മാര്‍ത്ത്മറിയം വലിയ പള്ളിയിലെ പൊന്‍കുരിശും കാസയും പിലാസയും സ്വര്‍ണക്കുരിശ് അടങ്ങിയ മാലയും ഉള്‍പ്പടെ ആറരക്കിലോ സ്വര്‍ണമുതലുകള്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം കവര്‍ച്ച ചെയ്തിരുന്നു.
സന്തോഷിന്‍റെ വീട്ടില്‍ വച്ചാണു മോഷണ മുതല്‍ ഉരുക്കി പ്രതികള്‍ പങ്കുവച്ചെടുത്തത്.
ഇതിന് ഒരു മാസം മുന്‍പു സന്തോഷിന്‍റെ സുഹൃത്തുക്കള്‍ ഊരകം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയിരുന്നു. നാലു കിലോ തിരുവാഭരണങ്ങളാണു ക്ഷേത്രത്തില്‍ നിന്നു കവര്‍ന്നത്. ഇരുകേസുകളിലെയും പ്രതികളെ മോഷണം നടന്നിട്ട് ഒരുമാസത്തിനകം അന്വേഷണ സംഘം പിടികൂടിയിരുന്നു.
പിടിയിലായ സന്തോഷും ഊരകം കവര്‍ച്ചകേസില്‍ പ്രതിയായ അനിലും സംഘവും കൂടി 1995 ഫെബ്രുവരിയില്‍ കന്യാകുമാരി ജില്ലയിലെ തിരുവെട്ടാര്‍ ക്ഷേത്രത്തില്‍ നിന്നു വിഗ്രഹങ്ങളും തിടമ്പുകളും മോഷണം നടത്തി ഉരുക്കി വില്‍പ്പന നടത്തിയിരുന്നു.
ജാമ്യത്തിലിറങ്ങി മുങ്ങിയ സന്തോഷ് വിദേശത്തേക്കു പോകുകയും മരത്താക്കരയിലുള്ള വീട് വിറ്റ് തൃക്കൂര്‍ മേക്കട്ടി എന്ന സ്ഥലത്തേക്കു താമസം മാറ്റുകയും ചെയ്തിരുന്നു. അടുത്തിടെ വിദേശത്ത് നിന്ന് എത്തിയ ഇയാള്‍ കേസുകള്‍ എല്ലാം അവസാനിച്ചെന്നായിരുന്നു അയല്‍വാസികളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചിരുന്നത്.
തൃപ്രയാര്‍ ക്ഷേത്ര മോഷണക്കേസ് അന്വേഷിക്കുന്ന എസ്പി ഉണ്ണിരാജന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ക്ഷേത്ര മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്‍കുറ്റവാളികളെ കുറിച്ചു നടത്തിയ അന്വേഷമമാണ് 16 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
Close...
Maximum Character Allowed -
4000