പത്തിന് യുഡിഎഫ് നിരാഹാരം
Published : Thursday,
February 02,
2012
കോഴിക്കോട്
അഴിമതിയുടെ പേരില്‍ വിജലന്‍സ് അന്വേഷണം നേരിടുന്ന കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ 10ന് കോര്‍പ്പറേഷനില്‍ നിരാഹാര സമരം നടത്തും. പ്രശ്നപരിഹാര മുണ്ടാകുന്നില്ലെങ്കില്‍ പിന്നാലെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കുമെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടത്തിയ എല്ലാ പ്രവൃത്തികളിലും കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. വിജിലന്‍സ് അന്വേഷണത്തെ നേരിടാനായി ഇപ്പോള്‍ ധൃതിപെട്ട് രേഖകള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ചേറോട്ട് വയല്‍ ചേരി പരിഷ്കരണത്തിന് അനുവദിച്ച 2,71,000രൂപ വകമാറ്റി ചെലവഴിച്ചത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല.
ചേരികളുടെ പുനരുദ്ധാരണത്തിന് അനുവദിക്കുന്ന പണം വകമാറ്റി ചെലവഴിക്കാന്‍ പാടില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും കൗണ്‍സിലര്‍ രേണുകാദേവിയുടെ നടപടിക്ക് ഡപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ് കൂട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. രേണുകാദേവിയുടെ ബന്ധുക്കള്‍ക്ക് സൗകര്യം ചെയ്യാന്‍ ഇടവഴി നന്നാക്കാനാണ് ചേരിനിര്‍മാര്‍ജന ഫണ്ട് ഉപയോഗിച്ചത്. ഈ സ്ഥലം കോര്‍പ്പറേഷന്‍റെ ഭൂമിപോലുമല്ലാതിരുന്നിട്ടും തികഞ്ഞ സ്വജനപക്ഷപാതമാണ് അരങ്ങേറിയത്. ഇതിനെതിരേ ഏതറ്റംവരെ പോകാനും തയാറാണെന്ന് നേതാക്കള്‍ പറഞ്ഞു.
ടൗണ്‍ഹാള്‍ നവീകരണത്തിന് ചെലവാക്കിയ 47ലക്ഷം രൂപയിലും ലക്ഷങ്ങളുടെ തിരിമറി നടന്നിട്ടുണ്ട്. അല്ലറചില്ലറ അറ്റകുറ്റപ്പണിയും പെയിന്‍റടിയും മാത്രമാണ് ടൗണ്‍ഹാള്‍ നവീകരണമെന്നപേരില്‍ നടത്തിയത്.
അതുപോലെ ഞെളിയന്‍പറമ്പിലെ മാലിന്യ നിര്‍മാര്‍ജനം, ഫ്ളഡ്ലൈറ്റ് സ്ഥാപിക്കല്‍ തുടങ്ങി എല്ലാറ്റിലും അഴിമതിയുടെ കറപുരണ്ടിരിക്കുന്നു. ഇത്തരം ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ രഷ്ട്രീയമാന്യത പ്രകാരം സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കാന്‍ കൗണ്‍സിലര്‍മാര്‍ തയാറാവണം.
മുന്‍ കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരേ വിജലന്‍സ് അന്വേഷണം നടക്കുമ്പോള്‍ എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ അവരുടെ അഭിപ്രായം വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്‍റ് കെ.സി അബു, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എം.ടി. പത്മ, കിഷന്‍ ചന്ദ്, എം.എ. റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000