പ്രതികളെ തിരിച്ചറിഞ്ഞു
Published : Thursday,
February 02,
2012
മുക്കം
റോഡ് ടാറിങ് പ്രവൃത്തിക്കിടെ ഓട്ടൊയിലെത്തിയ സംഘത്തിന്‍റെ മര്‍ദനമേറ്റ് തൊഴിലാളി മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. അരീക്കോട് സ്വദേശികളായ റാഷിദ്, ഷാഹിം, നസീബ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്ത് ഇവര്‍ എത്തിയിരുന്ന ഓട്ടൊറിക്ഷയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കൊടുവള്ളി സിഐ രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലെ തൊഴിലാളി ബാലുശേരി കണ്ണാടിപ്പൊയില്‍ പിണ്ടംനീക്കി മീത്തല്‍ ദാമോദരനെ (53)യാണ് ചൊവ്വാഴ്ച്ച വൈകുന്നേരം ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്.
നവീകരണ പ്രവൃത്തി നടക്കുന്ന തോട്ടുമുക്കം-വാലില്ലാപ്പുഴ റോഡില്‍ കരിക്കാടന്‍കുന്ന് ഭാഗത്തുവച്ചാണ് സംഭവം നടന്നത്. ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഓട്ടോയിലെത്തിയവരും തൊഴിലാളികളും തമ്മില്‍ നടന്ന വാക്തര്‍ക്കത്തിനിടെയാണ് മര്‍ദനമേറ്റ് ദാമോദരന്‍ കുഴഞ്ഞുവീണത്.
തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
Close...
Maximum Character Allowed -
4000