കോംട്രസ്റ്റ് പൂട്ടിയിട്ടു മൂന്നു വര്‍ഷം
Published : Thursday,
February 02,
2012
കോഴിക്കോട്
സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന മുറവിളികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഇടയില്‍, അടച്ചിട്ട കോംട്രസ്റ്റ് ഫാക്റ്ററിക്കു മൂന്നാം വാര്‍ഷികം. ഫാക്റ്ററി മുറ്റത്തു തൊഴിലാളികള്‍ നടത്തുന്ന സമരവും പുതിയൊരു വര്‍ഷത്തിലേക്കു കടന്നു. മുന്നണികള്‍ മാറിമാറി വഞ്ചിക്കുമ്പോഴും തൊഴിലാളികള്‍ക്കു സമരം വിജയിക്കുമെന്നുതന്നെ പ്രതീക്ഷ.
2009 ജനുവരി 31നാണു മാനാഞ്ചിറയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോംട്രസ്റ്റ് നെയ്ത്തു ഫാക്റ്ററിക്കു താഴു വീണത്. കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്നുള്ള ദീര്‍ഘകാലത്തെ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു പൂട്ടിയിടാന്‍ തീരുമാനിച്ചത്. കോമണ്‍വെല്‍ത്ത് ട്രസ്റ്റിനു കീഴിലായിരുന്നു ഫാക്റ്ററി. ട്രസ്റ്റിലേക്കു നുഴഞ്ഞു കയറിയവര്‍ ഫാക്റ്ററിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ ഫാക്റ്ററി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഒരു വിഭാഗം തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മറു വിഭാഗം, മാനെജ്മെന്‍റ് നല്‍കിയ നഷ്ടപരിഹാരം സ്വീകരിച്ചു പിരിഞ്ഞു പോയി. നഷ്ടപരിഹാരം സ്വീകരിക്കാതിരുന്ന തൊഴിലാളികള്‍ കോംട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ കീഴില്‍ പട്ടിണി സമരം നടത്തിവരുകയാണ് മാസങ്ങളായി.
ചില സിപിഎം നേതാക്കളുടെ നേതൃത്വത്തിലുണ്ടാക്കിയ സൊസൈറ്റി ഫാക്റ്ററി ചുളുവിലയില്‍ കൈക്കലാക്കി കെട്ടിടം പണിയാന്‍ ശ്രമിക്കുന്നതായി സമരത്തിലുള്ള തൊഴിലാളികല്‍ ആരോപിച്ചു. ഇതോടെ, കോംട്രസ്റ്റ് സമരത്തിനു വലിയ രാഷ്ട്രീയമാനങ്ങളുണ്ടായി. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തിന്‍റെ അവസാന നാളുകളില്‍ കോംട്രസ്റ്റ് സമരപ്പന്തല്‍ സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഫാക്റ്ററി പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചു. ഇതോടെ പെട്ടെന്നുണര്‍ന്ന ഇടതു സര്‍ക്കാര്‍, തങ്ങള്‍ ഫാക്റ്ററി ഏറ്റെടുക്കുകയാണെന്നു വ്യക്തമാക്കി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കി കേന്ദ്ര അംഗീകാരത്തിന് അയക്കുകയും ചെയ്തു.
ഓര്‍ഡിനന്‍സ് കേന്ദ്ര പരിഗണനയ്ക്ക് എത്തുമ്പോഴേയ്ക്കും കേരളത്തില്‍ സര്‍ക്കാര്‍ മാറിയിരുന്നു. ഇതെത്തുടര്‍ന്നു കേന്ദ്രം ഇതു തിരിച്ചയച്ചു. ഇതിനിടെ കോംട്രസ്റ്റ് വീവിങ് ഫാക്റ്ററി വര്‍ക്കേഴ്സ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടന്നു.
ഫാക്റ്ററി ഉടന്‍ സംസ്ഥാനം ഏറ്റെടുക്കുമെന്നും അതിനാല്‍ സമരത്തില്‍നിന്നു പിന്‍മാറണമെന്നും ആവശ്യപ്പെട്ടു തൊഴില്‍ വകുപ്പില്‍നിന്നും വ്യവസായ വകുപ്പില്‍നിന്നും ആക്ഷന്‍ കമ്മിറ്റിക്ക് കത്തു ലഭിച്ചു. കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു കത്ത്. ഇതെത്തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍, നവംബര്‍ രണ്ടിനു കമ്പനിയുടെ 1.23 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതായാണു തൊഴാലളികള്‍ പിന്നീടറിഞ്ഞത്. നവംബര്‍ രണ്ടിനു ഭൂമി വില്‍ക്കുകയും അഞ്ചിനു കത്ത് ലഭിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ട്രിബ്യൂണലില്‍ കേസ് നടക്കവെ ഭൂമി വില്‍ക്കുന്നതു നിയമവിരുദ്ധമെന്നും തൊഴിലാളികള്‍. ഇടതു തൊഴിലാളി സംഘടനയായ സിഐടിയു സമരങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നതും ശ്രദ്ധേയം. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കിടെയാണ് കോംട്രസ്റ്റ് ഫാക്റ്ററി അടച്ചു പൂട്ടലിന്‍റ നാലാം വര്‍ഷത്തിലേക്കു കടന്നത്.“
Close...
Maximum Character Allowed -
4000