Wednesday, May 23, 2012   11:13 PM IST
Vaartha BlogRSS
Loading
ടോള്‍പ്ലാസ വീണ്ടും സമരക്കളമാകുന്നു
Published : Thursday, February 02, 2012
|
  
Text Size
തൃശൂര്‍

ദേശീയപാത 47 മണ്ണുത്തി-ഇടപ്പിള്ളി നാലുവരിപ്പാതയിലെ സര്‍വീസ് റോഡില്‍ സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. സമരസമിതിയുമായി ഇന്നലെ നടത്തിയ ചര്‍ച്ച അലസി. കഴിഞ്ഞ രണ്ടു ചര്‍ച്ചയിലും മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍റെ ലംഘനമാണിതെന്നു സമരസമിതി പ്രതിനിധികള്‍. നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കു ടോള്‍ പിരിവ് ആരംഭിക്കും. അയ്യായിരത്തോളം വരുന്ന നാട്ടുകാര്‍ ശക്തമായ സമരപരിപാടിയിലേക്കു നീങ്ങുന്നു.

ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ടോള്‍വിരുദ്ധ സമരസമിതിയുമായി മൂന്നാംതവണ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി മുന്‍നിലപാടില്‍ നിന്നു മാറിയത്. എണ്‍പതു കിലോമീറ്ററോളം വരുന്ന സര്‍വീസ് റോഡിനെ ടോളില്‍ നിന്ന് ഒഴിവാക്കാമെന്ന നിലപാടാണ് കഴിഞ്ഞ രണ്ടു ചര്‍ച്ചകളിലും മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതോടെ ടോള്‍ പിരിക്കാന്‍ അനുകൂല സാഹചര്യം വന്നുചേര്‍ന്നിരുന്നു. എന്നാല്‍ സൗജന്യയാത്ര റോഡ് നിര്‍മാണ കമ്പനിക്കു നഷ്ടമുണ്ടാക്കുമെന്ന കാരണത്താലാണ് ഈ തീരുമാനം മാറ്റുന്നതെന്നാണ് ഇന്നലെ സമരസമിതിയെ മുഖ്യമന്ത്രി അറിയിച്ചത്. ഇക്കാര്യം സമരസമിതി അംഗീകരിക്കാതെ വന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ദേശീയപാത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചു നാളെ മുതല്‍ സമരപരിപാടികള്‍ ശക്തമാക്കുമെന്നു ടോള്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ പി.ജെ. മോണ്‍സി അറിയിച്ചു. ടോള്‍ പ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മൂന്നുതവണയും, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ സാന്നിധ്യത്തില്‍ രണ്ടുതവണയും ചര്‍ച്ച നടന്നു. മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇവയിലൂടെയുള്ള നടപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ ടോള്‍ പിരിക്കാനാണ് നീക്കം.

നടപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതിനെ സമരസമിതി എതിര്‍ത്തിരുന്നു. കൂടാതെ തിരക്കുള്ള സ്ഥലങ്ങളില്‍ സ്കൈ വാക്ക് നിര്‍മിക്കുന്ന കാര്യത്തിലും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. നിര്‍മാണം നടക്കുന്ന പുതുക്കാട്, ചാലക്കുടി അടിപ്പാതകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. 50 കിലോ മീറ്ററോളം സര്‍വീസ് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ പാതയുടെ നിര്‍മാണം ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുമെന്നു യോഗത്തില്‍ പങ്കെടുത്ത ടോള്‍ പിരിവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്തു കിലോമീറ്റര്‍ ചുറ്റളവിലെ ചെറുവാഹനങ്ങള്‍ക്കു സൗജന്യയാത്ര അനുവദിക്കുമെന്ന തീരുമാനം തട്ടിപ്പാണെന്നാണു സമിതിയുടെ നിലപാട്. ഒരുമാസത്തേക്കുള്ള യാത്രാ കാര്‍ഡ് മാത്രമൈ ഇവര്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുള്ളു. ദേശീയപാത കടന്നുപോകുന്ന നെന്മണിക്കര പഞ്ചായത്ത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും ഇനിയും പരിഹരിക്കപെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ജനകീയ സമരം ശക്തമാകും.

ഇന്നലെ നടന്ന യോഗത്തില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍, ദേശീയപാതാ ഉദ്യോഗസ്ഥര്‍, ബിഒടി അധികൃതര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനി ദാസന്‍, അമ്പിളി ഹരി, വി.ആര്‍.പ്രസാദ്, സമരസമിതി നേതാക്കളായ പി.ജെ.മോണ്‍സി, വി.എസ്.ജോഷി, പി.ജെ.ജനാര്‍ദനന്‍, ടി.എല്‍.സന്തോഷ്, എം.കെ.പോള്‍സണ്‍, ബേബി കീടായി തുടങ്ങിയവര്‍ പങ്കെടുത്തു.

മുന്‍പ് രണ്ടുതവണയും ടോള്‍പരിക്കാനുള്ള നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ തകര്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും ടോള്‍ പിരിക്കാനൊരുങ്ങുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സമരങ്ങളും ടോള്‍ പ്ലാസ കേന്ദ്രീകരിച്ച് നടക്കും. ഇതോടെ ടോള്‍ പിരിക്കാന്‍ വന്‍ പൊലീസ് സന്നാഹത്തെയും ഏര്‍പ്പെടുത്തേണ്ടിവരും.
Rate This News :
Latest News