നഗരസഭ വീണ്ടും കത്തു നല്‍കും
Published : Thursday,
February 02,
2012
തിരുവനന്തപുരം
സ്വന്തം ലേഖിക
വിളപ്പില്‍ശാല പ്രശ്നത്തില്‍ രണ്ടു ദിവസം കഴിഞ്ഞു സര്‍ക്കാരിനു വീണ്ടും കത്തു നല്‍കും. എന്നിട്ടും നടപടി ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു മേയര്‍ കെ. ചന്ദ്രിക. വിളപ്പില്‍ശാല പഞ്ചായത്തുകാര്‍ സുപ്രീം കോടതിയെ സമീപിക്കുന്ന നിലയ്ക്കു നഗര സഭയും അത്തരമൊരു നീക്കത്തിനു നിര്‍ബന്ധിതമാകുമെന്നും മേയര്‍. പ്രശ്നത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കാത്തതില്‍ നഗരസഭയ്ക്ക് അതൃപ്തിയുണ്ട്. സര്‍ക്കാര്‍ പ്രശ്നത്തെ രാഷ്ട്രീയ പരമായി സമീപിക്കുന്നുവെന്നു നഗരസഭ പലയിടത്തും കുറ്റപ്പെടുത്തുന്നുണ്ട്. അനുകൂലമായ കോടതി വിധി സമ്പാദിച്ചിട്ടും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണു നഗരസഭയുടേത്.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ചവര്‍ കൊണ്ടുപോകാന്‍ നഗരസഭ ശ്രമിച്ചിട്ടുമില്ല. പ്രശ്നം സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ച് ഒഴിയുകയാണു മേയര്‍ എന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആക്ഷേപം പറയുന്നുമുണ്ട്.
നഗരത്തിലെ മാലിന്യ നീക്കം നിലച്ചിട്ട് ഒന്നര മാസത്തോളമായി. പ്രശ്നത്തില്‍ നഗരസഭയ്യും സര്‍ക്കാരും പരസ്പരം പഴിചാരുന്നതല്ലാതെ ശാശ്വതപരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല.
ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്കരണം നടത്താന്‍ സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ അക്കാര്യം ഫലപ്രദമാകില്ലെന്നു നഗരസഭയ്ക്കും സര്‍ക്കാരിനുമറിയാം. പലവാര്‍ഡുകളിലും ഉറവിടത്തില്‍ സംസ്കരണം നടത്താനുള്ള മിനി പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. പ്ലാന്‍റിന് സബ്സിഡി നല്‍കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ബയോഗ്യാസ് പ്ലാന്‍റും റിങ് കമ്പോസ്റ്റും ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൗണ്‍സിലില്‍ പലവട്ടം ഉന്നയിച്ചിരുന്നു. മണക്കാട് മാര്‍ക്കറ്റിലും പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും ഇത്തരത്തില്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതും സ്തംഭനാവസ്ഥയിലാണ്.
നഗരത്തില്‍ മാലിന്യ നീക്കം നിലച്ചിട്ട് ഒന്നരമാസം പിന്നിടുന്നു. പകര്‍ച്ചവ്യാധികള്‍ കൊണ്ടു നഗരവാസികള്‍ നെട്ടോട്ടമോടുകയാണ്. 20 ഓളം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി, എ എന്നിവ സ്ഥിരീകരിച്ചു. കൂടാതെ തീരദേശ മേഖലകളില്‍ മലേറിയ, ഡെംഗി എന്നിവയും നിരവധി പേര്‍ക്കുണ്ട്.
തീരമേഖലയ്ക്കു പുറമെ നഗരത്തിലും ഇപ്പോള്‍ വ്യാപകമായി ഡെംഗിപ്പനി പടര്‍ന്നു പിടിച്ചിട്ടുണ്ട്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്യാംപ് പോലും ഡെംഗിപ്പനിയെ ത്തുടര്‍ന്ന് അടച്ചിട്ടു. കൂടുതല്‍ സ്ഥലങ്ങളിലേക്കു പനി പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Close...
Maximum Character Allowed -
4000