Wednesday, May 23, 2012   11:15 PM IST
Vaartha BlogRSS
Loading
ക്യാംപുകള്‍ മേയര്‍ സന്ദര്‍ശിച്ചു
Published : Thursday, February 02, 2012
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖിക

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട പൊലീസുകാര്‍ താമസിച്ചിരുന്ന ക്യാംപ് മേയര്‍ കെ. ചന്ദ്രിക സന്ദര്‍ശിച്ചു. ഡെംഗിപ്പനി പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നു ക്യാംപ് അടച്ചു പൂട്ടിയ സാഹചര്യത്തിലാണു മേയറുടെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലം സന്ദര്‍ശിച്ചത്.

അടച്ചു പൂട്ടിയ കിഴക്കേനടയിലെ ക്യാംപാണു മേയര്‍ ആദ്യം സന്ദര്‍ശിച്ചത്. വളരെ പഴക്കം ചെന്ന കെട്ടിടത്തില്‍ ഒരുക്കിയിരുന്ന ക്യാംപ് വൃത്തിഹീനമാണ്. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലെ ഹാളിലാണ് 60 പൊലീസുകാര്‍ താമസിച്ചിരുന്നത്.

കാലപ്പഴക്കം കൊണ്ട് ദ്രവിച്ച കെട്ടിടത്തിലെ മറ്റെല്ലാ മുറികളും ഉപയോഗശൂന്യമാണ്. തറയില്‍ വിശ്രമിച്ചിരുന്ന പൊലീസുകാര്‍ക്ക് ഇവിടെ ആകെയുള്ള ആഡംബരം കൊതുകുവലകള്‍ മാത്രമാണ്. അതും അടുത്തിടെയാണ് അനുവദിച്ചത്. ആകെയുള്ള ഏഴു ടോയ്ലെറ്റുകളില്‍ ഒന്നിനു മാത്രമാണ് വാതിലുള്ളത്. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച സ്ഥലത്ത് മണ്ണിട്ട് മൂടിയ നിലയിലായിരുന്നു.

എല്ലാ തരത്തിലും കൊതുകു വളരാനുള്ള സാഹചര്യമുണ്ടെന്നു സംഘം വിലയിരുത്തി. ലോകപ്രശസ്തമായ ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നവരുടെ ദയനീയമായ അവസ്ഥയാണിത്. നിധികാക്കുന്നവരുടെ ഗതികേടെന്നാണ് മേയര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തില്‍ ക്യാംപ് ഒരുക്കിയതിനാല്‍ ഇപ്പോള്‍ വന്ന അസുഖത്തിന് കാരണം സര്‍ക്കാരും ക്ഷേത്രം ട്രസ്റ്റുമാണ്. ഈ സാഹചര്യത്തില്‍ ഇവിടെ ക്യാംപ് വീണ്ടും തുറന്നാല്‍ നഗരസഭ എതിര്‍ക്കുമെന്നും മേയര്‍ പറഞ്ഞു. അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നു സര്‍ക്കാരിനോടാവശ്യപ്പെടും. കന്നുകാലികള്‍ക്കു പോലും ഇത്തരം ഒരു സാഹചര്യത്തില്‍ കഴിയാന്‍ പറ്റില്ല. നഗരത്തില്‍ മാലിന്യം നീക്കം നിലച്ചതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന ഒരു സാഹചര്യമാണുള്ളത്. ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് കൂടിയ സാഹചര്യത്തില്‍ ഇവിടെ മുന്‍പത്തെതിലും മാലിന്യം കൂടിയിട്ടുണ്ട്. ക്ഷേത്രാധികാരികള്‍ക്ക് ഇവ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.

കിഴക്കെ നടയിലെ ക്യാംപിനോടു സമാനമായ സാഹചര്യം തന്നെയാണു മറ്റു ക്യാംപുകളിലും. 72 പേര്‍ താമസിക്കുന്ന വടക്കെനടയിലെ ക്യാംപില്‍ ആകെയുള്ളത് രണ്ടു ടോയ്ലെറ്റുകള്‍ മാത്രമാണ്. ഇവയും വൃത്തിഹീനമാണ്. ഇവിടെ കൂടുതല്‍ പേരും നിലത്താണ് കിടക്കുന്നത്. എല്ലാ ക്യാംപുകളിലും കൂടി 250നു മുകളില്‍ പൊലീസുകാരുണ്ട്. ഷിഫ്റ്റ് അടിസിഥാനത്തില്‍ ഡ്യൂട്ടി നോക്കുന്ന ഇവര്‍ ജോലിഭാരം കൊണ്ട് ആരോടും പരാതി പറയാതെ കിട്ടുന്ന സമയം വിശ്രമിക്കും.

കെഎപി-3 ബറ്റാലിയനിലെ 20 പൊലീസുകാരെയാണു ഡെംഗിപ്പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേര്‍ക്കു പനി പടരാന്‍ ഇടയുള്ളതിനാല്‍ പനിബാധിതര്‍ക്ക് അവധി നല്‍കുകയും മറ്റുള്ള പൊലീസുകാരെ നന്ദാവനം എആര്‍ ക്യാംപിലേക്കു മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.

ക്ഷേത്രം ട്രെസ്റ്റ്, അഡ്മിനിസ്ട്രേറ്റിവ് വിഭാഗം എന്നിവയുടെ മേല്‍നോട്ടത്തിലാണു ക്യാംപ് നടക്കുന്നത്. ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യമാണ് ക്യാംപിനു വേണ്ടത്ര പരിഗണന ലഭിക്കാത്തതെന്നു സ്ഥലം കൗണ്‍സിലര്‍ ഉദയലക്ഷ്മി. അടച്ചു പൂട്ടിയ ക്യാംപിനു പകരം സംവിധാനം ഒരുക്കുന്നതു വരെ പൊലീസുകാര്‍ക്ക് എആര്‍ ക്യാംപില്‍ താമസസൗകര്യം ഒരുക്കുമെന്നാണു ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ ഹരികുമാര്‍. പരിസരമലിനീകരണമാണു രോഗം പടരാന്‍ കാരണമെന്നു കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച ഡിഎംഒയുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം വിലയിരുത്തിയിരുന്നു.

വൃത്തിയാക്കിയ ശേഷം ക്യാംപ് വീണ്ടും തുറക്കാമെന്ന ധാരണയിലാണു ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് വിഭാഗം. എന്നാല്‍ വീണ്ടും തുറന്നാല്‍ നഗരസഭയുടെ എതിര്‍പ്പുണ്ടാകുമെന്നു മേയര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ക്യാംപ് സൗകര്യങ്ങളുള്ള മറ്റു സ്ഥലത്തേയ്ക്കു മാറ്റേണ്ടിവരും.

ഹെല്‍ത്ത് ഓഫിസര്‍ ഡോ.ശ്രീകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പെഴ്സണ്‍ പുഷ്പലത, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, വി.എസ് പത്മകുമാര്‍, ഉദയലക്ഷ്മി എന്നിവരും മേയറോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
Rate This News :
Latest News