പ്രത്യേക ഓഫിസുകള്‍ ഈയാഴ്ച തുറക്കും
Published : Thursday,
February 02,
2012
കൊച്ചി
മെട്രൊ റെയ്ല്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രത്യേക ഓഫിസുകള്‍ ഈയാഴ്ച പ്രവര്‍ത്തനം തുടങ്ങും. മെട്രൊ 1, മെട്രൊ 2 എന്നീ പേരുകളില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റുകളാണു രൂപീകരിക്കുക.
ആലുവ വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത്, ഇടപ്പിള്ളി സൗത്ത്, ഇടപ്പിള്ളി നോര്‍ത്ത് വില്ലെജുകള്‍ ഉള്‍പ്പെടുന്ന മെട്രൊ 1 യൂനിറ്റിന് തഹസില്‍ദാര്‍ പി. സത്യശീലന്‍ ആചാരി നേതൃത്വം നല്‍കും. എളംകുളം, എറണാകുളം, പൂണിത്തുറ വില്ലെജുകള്‍ ഉള്‍പ്പെടുന്ന മെട്രൊ 2 യൂനിറ്റിന്‍റെ ചുമതല തഹസില്‍ദാര്‍ സി.ആര്‍. കൃഷ്ണ കുമാരിക്കാണ്.
ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായി. രേഖകളുടെ പരിശോധനയ്ക്ക് അഡ്വ. ജാജു ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധന പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ അടക്കമുള്ള തുടര്‍നടപടികളുടെ മേല്‍നോട്ടവും ജാജു ബാബു നിര്‍വഹിക്കും.
ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ വില നിശ്ചയിക്കാനുള്ള സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി 16 ന് യോഗം ചേരും. ജില്ലാതല ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് എംപവേഡ് കമ്മിറ്റി വില സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനു മുന്നോടിയായി എല്ലാ വില്ലെജുകളിലും വില നിര്‍ണയം പൂര്‍ത്തിയാക്കും. സ്ഥല രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്റ്റര്‍ സമര്‍പ്പിച്ച നിര്‍ദേശം രജിസ്ട്രേഷന്‍ വകുപ്പിന്‍റെ പരിഗണയിലാണ്. മെട്രൊ റെയ്ല്‍ അനുബന്ധ ഗതാഗത വികസനത്തിനായി നഗരത്തിലേറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയിക്കുന്നതിനുള്ള സമിതി യോഗം ശനിയാഴ്ച ചേരും.
മെട്രൊ റെയ്ല്‍ സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്കും ആലുവയ്ക്ക് സമീപമുള്ള മുട്ടത്തെ നിര്‍ദിഷ്ട റെയ്ല്‍ യാര്‍ഡിനും ബാധമാകുന്ന 4 (1) വിജ്ഞാപനവും ഉടനെയുണ്ടാകും. യാര്‍ഡ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുന്നതിനു ചട്ടപ്രകാരമുള്ള നടപടികളും പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ തോടിനെ ഒഴിവാക്കിയും നീരൊഴുക്ക് തടസപ്പെടുത്താതെയുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ യാര്‍ഡിന്‍റെ രൂപരേഖയില്‍ വരുത്തിയിട്ടുണ്ട്.
മെട്രൊ റെയ്ല്‍ സ്റ്റേഷനുകളോട് ബന്ധപ്പെട്ട പാര്‍ക്കിങ് സ്ഥലങ്ങളുടെ വിസ്തൃതി സംബന്ധിച്ച പഠനം നാറ്റ്പാക്കിനെ ഏല്‍പിക്കും. വാഹനബാഹുല്യമടക്കമുള്ള വിവിധ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നാറ്റ്പാക്കിനോട് ആവശ്യപ്പെടുമെന്നും കലക്റ്റര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു.
Close...
Maximum Character Allowed -
4000