ഗോപീ സവിധേ...
Published : Friday,
February 03,
2012
ബൈജു ഗോവിന്ദ്
മനസില്‍ കളിയരങ്ങുണര്‍ന്നിരുന്നു. നളമഹാരാജാവിനെ എത്ര വര്‍ണിച്ചിട്ടും മതിതീരാത്ത ഹംസ ത്തിന്‍റെ അവസ്ഥ...
തവവല്ലഭനപരന്‍ തുല്യന്‍ നഹിനൂനം
മേഘവാഹനനെക്കാള്‍ ബലവാന്‍
മോഹനാംഗനവനതിഗുണവാന്‍...
ഗുരുകൃപയ്ക്കു മുന്നിലാണിപ്പോള്‍. അത്രനേരം കാതിലിരമ്പിയ പദങ്ങള്‍ പതുക്കെപ്പതു ക്കെ നിലച്ചു. പൂമുഖത്തെ തൂണിനരികെ കൈകൂപ്പി നില്‍ക്കുന്നു നളന്‍. മിനുക്കും താടിയുമില്ല. കൈകളിലെ മുദ്രകള്‍ വിശ്രമത്തിലാണ്. പൂമുഖത്തെ ചാരുകസേരയില്‍ കാലുനീട്ടിയിരുന്നു ഗോപിയാശാന്‍. മുഖം നിറഞ്ഞു ചിരിച്ചതല്ലാതെ അദ്ദേഹം മറ്റൊന്നും മിണ്ടിയില്ല. കലാമണ്ഡലം
ഗോപിക്ക് വാക്കുകളുടെ സൗജന്യമെന്തിന്....! വരൂ, ഇരിക്കൂ... എന്ന ഉപചാരത്തിനു കണ്ണുകള്‍ ധാരാളം.
എവിടെത്തൊട്ടു പറഞ്ഞു തുടങ്ങിയാലും എത്രത്തോളം സഞ്ചരിച്ചാലും എത്തിച്ചേരുന്നത് വിളക്കെണ്ണയുടെ ചൂടിലും ആ വെളിച്ചത്തിലാടുന്ന കഥാപാത്രങ്ങളിലും... അതാണ് കലാമണ്ഡലം ഗോപി. ഭൈമീ കാമുകന്‍ ഈ വീട്ടു കോലായയിലി രിക്കുമ്പോള്‍ ചന്ദ്രികയുടെ വല്ലഭനാണ്. രണ്ടു മക്കളുടെ അച്ഛനാണ്. നാലു പേരക്കുട്ടികളുടെ മുത്തച്ഛനാണ്. ഗുരുകൃപയുടെ ഗൃഹനാഥനാണ്.
മുത്തച്ഛനെക്കാണാന്‍ എത്തുന്നവരോട് ആദ്യം സംസാരിച്ചു തുടങ്ങുന്നതു മാളവികയാണ്. ഇളയമകന്‍ രഘുരാജന്‍റെ മകളാണ് മാളവിക. മൂത്തമകന്‍ ജയരാജന്‍. എല്ലാവരും തൃശൂര്‍-കുന്ദംകുളം റൂട്ടിലെ മണ്ടൂരിലുള്ള ഗുരുകൃപയിലാണ് താമസം.
എന്‍റെ കുട്ടിക്കാലം കോതച്ചിറയില്‍ കൂട്ടുകുടുംബത്തിലായിരുന്നു. ഇവിടേയും അതു തുടരുന്നു. പ്രിയയും ശ്രീകലയും എനിക്കു മരുമക്കളല്ല, മക്കളാണ്. അവരെന്നെ അച്ഛാ എന്നാണു വിളിക്കുന്നത്. ഇതൊക്കെയല്ലേ മഹാഭാഗ്യം. അവരുടെ കുട്ടികളാണ് ദേവദത്തനും ആര്യാ ദേവിയും മാളവികയും. ആടാത്ത വേഷങ്ങളില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും പോയി. പത്മശ്രീ ഉള്‍പ്പെടെ സമ്മാനങ്ങള്‍ നിരവധി കിട്ടി. ഇപ്പോഴിതാ, എനിക്കു ഡോക്റ്ററേറ്റ് തരണമെന്നും കളിപ്രേമികള്‍ ആവശ്യപ്പെടുന്നു. എട്ടാം വയസില്‍ ഓട്ടന്‍ തുള്ളല്‍ പഠിക്കാന്‍ വിടുമ്പോള്‍ എന്‍റെ അമ്മ ഇതെന്തെങ്കിലും മനസിലോര്‍ത്തിട്ടുണ്ടാകുമോ... ഗോപിയാശാന്‍റെ ശബ്ദം ഒന്നിടറിയോ...?
അരങ്ങിലിപ്പോള്‍ ഒരു തിരശ്ശീല. കഥകളിയുടെ കുലപതിയെന്നും ആട്ടവേദിയുടെ സൂര്യതേജസെന്നുമൊക്കെ അറിയപ്പെടുന്നതിനു മുമ്പുള്ള ജീവിതമാണിനി. പാലക്കാട് ജില്ലയിലെ കോതച്ചിറ ദേശത്ത് വടക്കത്തു വീട്ടില്‍ ഗോപാലന്‍ നായരുടേയും മണാളത്തു വീട്ടില്‍ ഉണ്യാദി അമ്മയുടേയും മകന്‍. ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളായിരുന്നു. രാമന്‍, ഭാസ്കരന്‍ പിന്നെ ഞാനും. അമ്മയും അച്ഛനും മുത്തശിയും ചെറിയമ്മയും അമ്മായിയും. വലിയ കുടുംബം. പട്ടിണിയുടേയും കഷ്ടപ്പാടിന്‍റേയും കേളികൊട്ട്. നാലാം ക്ലാസോടെ സ്കൂള്‍ പഠിപ്പൊക്കെ നിര്‍ത്തി. ഇളയ കുട്ടിയെയെങ്കിലും ഈ ദുരിതത്തില്‍ നിന്നു രക്ഷപെടുത്താനാണ് അമ്മ എന്നെ ഓട്ടന്‍തുള്ളല്‍ പഠിക്കാന്‍ വിട്ടത്.
കൂട്ടുകാരോടൊപ്പം കളിച്ചു നടക്കുന്ന പ്രായം. മോശമല്ലാത്ത കുസൃതിയും. തുള്ളലിനു പോകാന്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. അമ്മയുടെ നിര്‍ബന്ധത്തിനു മുന്നില്‍ എന്‍റെ എതിര്‍പ്പുകളൊക്കെ പതുക്കെ ഇല്ലാതായി. കലാമണ്ഡലം നമ്പീശനായിരുന്നു ഗുരു. സ്നേഹത്തോടെയുള്ള വാക്കുകളും വര്‍ത്തമാനവുമായിരുന്നു അദ്ദേഹത്തിന്‍റേത്. കാലും കൈയും മുഖവും പദങ്ങള്‍ക്കൊത്ത് ഇളകിയപ്പോള്‍ എനിക്കും തുള്ളല്‍ രസിച്ചു തുടങ്ങി. ഒരു വര്‍ഷംകൊണ്ട് അരങ്ങേറി. ഇതിനിടെയാണ് അമ്മയുടെ മരണം. എന്‍റെ കാര്യം കൂടുതല്‍ കഷ്ടത്തിലായി.
നാറേരി മനയ്ക്കലേക്ക്
ഈ സമയത്താണ് നാറേരി മനയ്ക്കല്‍ കുട്ടികളെ കഥകളി പഠിപ്പിക്കുന്ന കാര്യം അച്ഛന്‍ അറിയുന്നത്. കൂടല്ലൂര്‍ മന എന്നു പറഞ്ഞാലേ എല്ലാവര്‍ക്കും മനസിലാവൂ. കഥകളിയോട് കമ്പമുണ്ടായിരുന്നു അച്ഛന്. മകനെങ്കിലും പട്ടിണി കിടക്കാതെ കഴിയട്ടെ എന്നും ആലോചിച്ചിരിക്കാം. എന്നെ കൂടല്ലൂരെത്തിച്ചു. രാമുണ്ണി നായരായിരുന്നു ആശാന്‍.
കോതച്ചിറയില്‍ നിന്നു കൂടല്ലൂരിലേക്കുള്ള യാത്രയില്‍ മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. അമ്മ പോയി. അച്ഛനും കൂടെയില്ല. കൂട്ടുകാരെയൊക്കെ വിട്ടുപോരുന്നതിന്‍റെ സങ്കടം വേറെ. യാതൊരു പരിചയവുമില്ലാത്ത വീട്ടിലേയ്ക്കാണ് കയറിച്ചെല്ലുന്നത്. എന്നെപ്പോലെ വേറെ കുട്ടികളുമുണ്ടായിരുന്നു അവിടെ. വടക്കേപ്പാട്ട് രാമകൃഷ്ണന്‍, മേനാത്ത് ബാലകൃഷ്ണന്‍, സരോജിനി, നാണിക്കുട്ടി. രാമുണ്ണിനായരാശാന്‍റെ ശിഷ്യരായി അന്ന് മനയ്ക്കലുണ്ടായിരുന്നവര്‍. കളരിയില്‍ അഭ്യാസം തുടങ്ങി. അഞ്ചാറു മാസം കഴിഞ്ഞപ്പോഴേയ്ക്കും മുദ്രകളും ഭാവങ്ങളുമൊക്കെ ഒരുവിധം പഠിച്ചു.
എന്‍റെ കണ്ണുകളുടെ വഴക്കവും ചുവടുകളിലെ ഉറപ്പും കൂടല്ലൂര്‍ മനയിലെ അച്ഛന്‍ തമ്പുരാന് ഇഷ്ടമായി. കാണുമ്പോഴെല്ലാം എന്നോടു വിശേഷങ്ങള്‍ ചോദിക്കും. മനയ്ക്കലെ കുട്ടികളോടൊപ്പം ഞാന്‍ വീട്ടില്‍ കയറുന്നതിനും തമ്പുരാനു വിരോധമുണ്ടായിരുന്നില്ല. കഥകളിയോഗത്തിലുള്ള മറ്റാര്‍ക്കും അതിന് അനുമതിയുണ്ടായിരുന്നില്ല...
കല്ലുവഴിച്ചിട്ടയെന്നത് വാക്കുകൊണ്ടു കേള്‍ക്കുന്നത്രയും നിസാരമല്ല. രാമുണ്ണി നായരാശാന്‍റെ ശിക്ഷ ആ പ്രായത്തില്‍ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കൈയില്‍ കിട്ടിയതുകൊണ്ടെല്ലാം തല്ലുമായിരുന്നു. മിക്കവാറും എനിക്കായിരുന്നു അത് ഏറ്റുവാങ്ങാന്‍ യോഗം. എന്നോടുള്ള വാത്സല്യംകൊണ്ടും സ്നേഹംകൊണ്ടുമായിരിക്കാം അത്രയധികം ശിക്ഷിച്ചത്. പക്ഷേ, അതു കണ്ടു നില്‍ക്കാനുള്ള ശേഷി തമ്പുരാനുണ്ടായിരുന്നില്ല. എന്നെ തല്ലുന്നതു കണ്ടുകണ്ട് സഹിക്കാതായപ്പോള്‍ തമ്പുരാന്‍ കഥകളി യോഗം നിര്‍ത്തി. കുട്ടികളെ വീടുകളിലേക്കു വിട്ടു.
നളനോര്‍ക്കില്‍ നിനക്കും...
വീണ്ടും ശങ്കരന്‍ തെങ്ങില്‍ത്തന്നെയെന്നു പറഞ്ഞ അവസ്ഥയിലായി. ഈ സമയത്താണ് അച്ഛന് കലാമണ്ഡലം നമ്പീശന്‍റെ കത്തു വന്നത്. കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ കുട്ടികളെ എടുക്കുന്നുണ്ട് എന്നായിരുന്നു വിവരം. 1951ല്‍ പതിമൂന്നാമത്തെ വയസില്‍ കലാമണ്ഡലത്തിലെത്തി.
പുതിയ വേദി. പരിശീലിച്ച ചിട്ടകള്‍ക്ക് പുതിയ അടുക്കും ചിട്ടയും. കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കൃഷ്ണന്‍കുട്ടി വാര്യര്‍, പത്മനാഭന്‍ നായര്‍... അരങ്ങിന്‍റെ ഗുരുക്കന്മാര്‍... ആറു വര്‍ഷമാണ് കലാമണ്ഡലത്തില്‍ അന്ന് കഥകളി അഭ്യസിക്കുന്നവരുടെ പഠന കാലം. എന്‍റെ ആട്ടത്തില്‍ ഗുരുക്കന്മാരും സംതൃപ്തരായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ഒരു വര്‍ഷംകൂടി കലാമണ്ഡലത്തില്‍ പഠനം തുടരാന്‍ അവസരം കിട്ടി.
പ്ലാക്കാട്ടിരി ചെറുപുറത്തു മനയില്‍ അരങ്ങേറ്റം നടത്തിയ കോതച്ചിറക്കാരന്‍ ചെക്കന്‍ കലാമണ്ഡലം ഗോപിയായി. കലാമണ്ഡലം പത്മനാഭന്‍ നായര്‍ ഒരു മൈനര്‍ സെറ്റ് കഥകളി യോഗം രൂപീകരിച്ചതോടെ ഗോപിക്ക് തിരക്കേറി. രൗദ്രഭീമനായും കീചകനായും ദുര്യോധനനായും സന്താനഗോപാലത്തിലെ ബ്രാഹ്മണനായും വേഷം കെട്ടിയ ഗോപി പെട്ടെന്നാണ് നളനുമായി സൗഹൃദത്തിലായത്. സൗഹൃദമായതു സൗഹൃദമേ എന്ന അവസ്ഥ. ഉമയ്ക്കു ഹരന്‍, നളനോര്‍ക്കില്‍ നിനക്കും...എന്ന് ഉണ്ണായിവാര്യര്‍ എഴുതിയത് ഗോപിയാശാനും ചേരും.
പുഞ്ചിരിയും നാണവും മുഖത്തു നിറച്ച് ഭാവങ്ങളില്‍ ശൃംഗാരവുമായി അതാ ദമയന്തിയും എത്തി. കോട്ടക്കല്‍ ശിവരാമനെ നേരത്തെ പരിചയമുണ്ടെങ്കിലും അരങ്ങില്‍ തന്‍റെ വധുവാകാന്‍ നിശ്ചയിക്കപ്പെട്ട മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞത് നളചരിതം ആദ്യമായി ഒരുമിച്ചാടിയപ്പോഴാണ്. ഈ നളനും ദമയന്തിയും കൂടി പിന്നീടു കീഴടക്കാത്ത വേദികളില്ല, അതു കണ്ട് അത്ഭുതപ്പെടാത്ത കളിപ്രേമികളില്ല. നഷ്ടങ്ങളെപ്പോഴും വേദന യാണ്. ശിവരാമന്‍റെ വേര്‍പാട് അങ്ങനെയൊരു അനുഭവമാണ്...
നളന്‍ മാത്രമല്ല രുഗ്മാംഗദനും കര്‍ണനും ഉള്‍പ്പെടെ പച്ചവേഷങ്ങള്‍ക്ക് ഗോപിയെ കഴിഞ്ഞേയുള്ളൂ മറ്റാരുമെന്ന് ആസ്വാദകര്‍ പറഞ്ഞു. പേരും പ്രശസ്തിയും വന്നണഞ്ഞു. സംഗീത നാടക അക്കാഡമി അവാര്‍ഡ് മുതല്‍ പത്മശ്രീ വരെയുള്ള പുരസ്കാരങ്ങളും...
രൗദ്രഭീമന്‍റെ നൊമ്പരം
ഏറെ സമയവും നളനും കര്‍ണനുമൊക്കെയാണ്. സാധാരണ മനുഷ്യനായി വേദനിക്കുന്ന നിമിഷങ്ങളുമുണ്ട്. കലാമണ്ഡലത്തില്‍ നിന്നു പുറത്താക്കാന്‍ സുഹൃത്തുക്കള്‍ കമ്മിറ്റി കൂടിയത് ഇന്നും മനസിലുണ്ട്. വിവരമറിഞ്ഞ് അണിയറയിലിരുന്നു വിങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. എന്താണ് ഞാന്‍ ചെയ്ത തെറ്റ്...?
രൗദ്രഭീമന്‍ വേദിയിലേക്ക് അലറിക്കയറുന്ന ഒരു വേദി. തൊണ്ടപൊട്ടി ശബ്ദിക്കുമ്പോള്‍ ചെറിയൊരു തലകറക്കം പണ്ടേയുള്ളതാണ്. ഭീമന്‍ വീഴാന്‍ പോകുന്നതു കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു, ഗോപി മദ്യപിച്ചിരിക്കുന്നു... മദ്യപിച്ചിട്ടില്ലെന്ന് എത്രതവണ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പകുതിക്കു വച്ച് മുഖത്തെ തേപ്പഴിച്ചു.
നെഞ്ചുരുകിയ വേദനയുമായി നേരെ പോയത് ഗുരുവായൂര്‍ക്കായിരുന്നു. കണ്ണനു മുന്നില്‍ നിന്നു കരഞ്ഞു, സത്യം ചെയ്തു... ഞാന്‍ മദ്യപിച്ചിരുന്നില്ല. തിരിച്ചു വന്ന് കലാമണ്ഡലം കമ്മിറ്റിക്ക് മാപ്പെഴുതിക്കൊടുക്കുമ്പോള്‍ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു.... ചെയ്യാത്ത തെറ്റിനു മാപ്പു പറയേണ്ടി വന്നതിലുള്ള സങ്കടം. വാശിയും പകയും വച്ചുപുലര്‍ത്തുന്നയാളല്ല ഞാന്‍.... എല്ലാം ഓരോ വിധി.
മോഹിപ്പിച്ച വേഷങ്ങള്‍
പ്രിന്‍സിപ്പാളായതിനുശേഷമാണ് കലാമണ്ഡലത്തില്‍ നിന്നു വിരമിക്കുന്നത്. അരങ്ങിലേക്കുള്ള സ്വതന്ത്രമായ പറക്കല്‍ എന്നു പറയുന്നതാവും കുറച്ചുകൂടി നല്ലത്. വാനപ്രസ്ഥത്തില്‍ അഭിനയിച്ചതും പിന്നീട് ഒരുപാടു സിനിമാപ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായതുമൊക്കെ സമീപകാല ചരിത്രം. ക്യാമറയ്ക്കു മുന്നില്‍ നടന് അഭിനയത്തിന്‍റെ ട്രിക്കുകളാണു വേണ്ടത്. കഥകളിയില്‍ ട്രിക്കുകളില്ല... സിനിമയില്‍ അഭിനയിച്ച ശേഷം ഗോപിയാശാന്‍ തിരിച്ചറിഞ്ഞ അഭിനയതത്വം.
ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുള്ള കാര്യം അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രമേ അറിയൂ. ആലുവയില്‍ ഒരു വേദിയില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഥകളിക്കിടെ സിനിമ, നാടകം, നൃത്തം... ആശാന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഊണിനൊപ്പം ഉപ്പിലിട്ട വിഭവങ്ങള്‍ പോലെ. വേദി വിട്ടിറങ്ങിയാല്‍ കഥാപാത്രത്തെ അവിടെ അഴിച്ചു വയ്ക്കണം. അതിനപ്പുറം കഥാപാത്രം കലാകാരനില്‍ നിഴലിച്ചു നിന്നാല്‍ ക്യാരക്റ്ററാണ് നഷ്ടമാവുക...
ആടാത്ത ക്ഷേത്രങ്ങളില്ല, ആയിരക്കണക്കായ ശിഷ്യന്മാരും ലക്ഷക്കണക്കായ ആരാധകരും. നളനും നടനും മാറിമാറി പുഞ്ചിരിക്കുന്ന ആ മുഖത്തു നോക്കി ചോദിച്ചു, ഏതു വേഷത്തോടാണ് കൂടുതല്‍ ഭ്രമം...?
പ്രായം എഴുപത്തഞ്ചു കഴിഞ്ഞു. അറുപത്തിനാലു വര്‍ഷമായി അരങ്ങില്‍. മോഹിപ്പിച്ച വേഷങ്ങള്‍ ഏറെ. പക്ഷേ അത് ആടുമ്പോഴാണ്.
ചുട്ടിയഴിക്കുമ്പോള്‍ മനസില്‍ തോന്നും നന്നായോ... എല്ലാവരും അഭിനന്ദിക്കുമ്പോഴും മനസില്‍ ആരോ പറയും, കുറച്ചു കൂടി നന്നാക്കാമായിരുന്നു...
മാളവിക അടുത്തു വന്നു. മുഖത്ത് മുത്തച്ഛന്‍റെ രസങ്ങള്‍...മുദ്രകളില്‍ വാത്സല്യം...
ഗുരുകൃപയുടെ അന്തരീക്ഷത്തില്‍ നളനും കര്‍ണനുമൊക്കെ കാത്തു നില്‍ക്കുന്നു. കളിവിളക്കു തെളിയാന്‍... ഗോപിയാശാനിലേക്ക് ആവേശിച്ചു നിറയാന്‍...
Close...
Maximum Character Allowed -
4000