Wednesday, May 23, 2012   11:25 PM IST
Vaartha BlogRSS
Loading
മൈക്കിളിന്‍റെ മകള്‍
Published : Friday, February 03, 2012
|
  
Text Size
എല്ലാവരുടേയും കണ്ണുകള്‍ അവളുടെ പൂച്ചക്കണ്ണുകളിലായിരുന്നു, അവളുടെ വര്‍ത്തമാനത്തിലായിരുന്നു. ഒരു പതിമൂന്നുകാരിയേക്കാള്‍ പക്വതയോടെ അവള്‍ സംസാരിക്കുന്നു. ചേട്ടനേയും അനുജത്തിയും തന്നോടു ചേര്‍ത്തു നിര്‍ത്തുന്നു. അമ്മയുടെ സ്ഥാനത്ത് ഇവര്‍ക്ക് എന്നും ഞാനാണ് എന്നൊരു ഭാവമുണ്ടോ അവള്‍ക്ക്...പ്രിയപ്പെട്ട മൈക്കിള്‍, നിന്‍റെ മകള്‍ വളര്‍ന്നിരിക്കുന്നു. പൂച്ചക്കണ്ണുകളുള്ള സുന്ദരിക്കുട്ടിയായിരിക്കുന്നു. നീ ആഗ്രഹിക്കുന്നതു പോലെയാണ് അവള്‍ വളരുന്നത്.

പാരിസ് ജാക്സണ്‍...ചിറകുകളില്‍ സംഗീതമുള്ള കളഹംസമായി ഇന്നും മനസ്സരോവരങ്ങളില്‍ നീന്തിത്തുടിക്കുന്ന പ്രിയപ്പെട്ട മൈക്കിള്‍ ജാക്സന്‍റെ മകള്‍. കഴിഞ്ഞ ദിവസം ലോസ്ഏയ്ഞ്ചലസില്‍ അച്ഛന്‍റെ ഓര്‍മയ്ക്കു സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ അവള്‍ വന്നു, കൂടെ ചേട്ടന്‍ പ്രിന്‍സും അനുജത്തി ബ്ലാങ്കറ്റും.

മൈക്കിള്‍ ജാക്സണ്‍ ഹാന്‍ഡ് ആന്‍ഡ് ഫുട്പ്രിന്‍റ് എന്ന ചടങ്ങ് ചൈനീസ് തിയെറ്ററിലായിരുന്നു. അവിടെ പ്രത്യേകം തയാറാക്കിയ സിമെന്‍റ് തറയില്‍ മൈക്കിള്‍ ജാക്സന്‍റെ വിഖ്യാതമായ കൈയുറയുടെ അടയാളം മക്കള്‍ പതിച്ചു. പ്രശസ്ത ഗായകരായ ജസ്റ്റിന്‍ ബീബര്‍, റിഹാന ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തെങ്കിലും എല്ലാവരുടേയും ശ്രദ്ധ പാരിസില്‍ത്തന്നെയായിരുന്നു. മൈക്കള്‍ ജാക്സണ്‍, ദി ഇമ്മോര്‍ട്ടല്‍ വേള്‍ഡ് ടൂറിന്‍റെ പ്രിമിയര്‍ ഷോയിലും താരം പാരിസ് തന്നെ. മാധ്യമങ്ങളോടു സംസാരിച്ചതൊക്കെ പാരിസ്. പിറ്റേന്ന് അമെരിക്കയിലെ പല മാധ്യമങ്ങളും പാരിസിനെക്കുറിച്ച് എഴുതി. സൂപ്പര്‍ മോഡല്‍ ഇന്‍ മേക്കിങ്...എന്നായിരുന്നു ഒരു ടൈറ്റില്‍.

ലുണ്ടന്‍സ് ബ്രിഡ്ജ് ആന്‍ഡ് ദി ത്രീ കീസ് എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് പാരിസ്. ഈ ചിത്രത്തില്‍ നായികയുടെ റോളാണ് പാരിസിന്. ഹോളിവുഡില്‍ നിന്നു പല ഓഫറുകളും വന്നെങ്കിലും പതിനെട്ടു വയസാവുന്നതു വരെ കാത്തിരിക്കൂ എന്നാണ് മുത്തശ്ശി കാതറിന്‍ ജാക്സണ്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ലുണ്ടന്‍സ് ബ്രിഡ്ജ് ആന്‍ഡ് ദി ത്രീ കീസ് എന്ന ഫാന്‍റസി മൂവിയുടെ ഓഫര്‍ വന്നപ്പോള്‍ പാരിസ് തന്നെ മുത്തശ്ശിയോടെ പറഞ്ഞു, ഞാന്‍ ഈ ചിത്രത്തിലൂടെ തുടങ്ങാം. സ്നേഹത്തിന്‍റെ സന്ദേശം നല്‍കുന്നു ഈ ചിത്രം. എന്‍റെ അച്ഛന്‍റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന സബ്ജക്റ്റ്. അതു കേട്ടപ്പോള്‍ കാതറിന്‍ സമ്മതിച്ചു.

ഒരു ചലച്ചിത്രതാരമാകുന്നതിന്‍റെ ഭാവങ്ങളില്ല പാരിസിന്. എല്ലാറ്റിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള പെണ്‍കുട്ടിയായാണ് അവള്‍ വളരുന്നത്. ട്വിറ്ററിലെ അവളുടെ പോസ്റ്റിങ്ങുകള്‍ അതിനു തെളിവ്. പുകവലിക്കരുത്, മദ്യപിക്കരുത്, മോഷ്ടിക്കരുത്...തന്‍റെ പ്രായത്തിലുള്ള പെണ്‍കുട്ടികളോട് പാരിസ് അഭ്യര്‍ഥിക്കുന്നു. അമെരിക്കയില്‍ ടീനേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതിന്‍റെ അപകടം പാരിസ് ഓര്‍മിപ്പിക്കുന്നു. ആരേയും ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കുന്ന പെണ്‍കുട്ടികളെ ഞാന്‍ ആരാധിക്കുന്നു, എന്നാണ് മറ്റൊരു പോസ്റ്റ്.

അമ്മായി ജാനറ്റ് ജാക്സണ് ഇപ്പോഴും താത്പര്യമില്ല, പാരിസ് അഭിനയിക്കുന്നതിനോട്. മൈക്കിള്‍ ജാക്സന്‍റെ അനുജത്തി ജാനറ്റ് ചെറിയ പ്രായത്തില്‍ത്തന്നെ പാട്ടിന്‍റെ വഴി തെരഞ്ഞെടുത്തതാണ്. പഠനത്തില്‍ ശ്രദ്ധിക്കാഞ്ഞതിന്‍റെ പ്രശ്നങ്ങള്‍ എനിക്കു പിന്നീടാണ് മനസിലായത്. പാരിസ് ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. അമ്മായിയുടെ ഈ അഭിപ്രായത്തോടു പ്രതികരിച്ചിട്ടില്ല പാരിസ്. സ്വതന്ത്രമായി ചിന്തിക്കുന്ന പെണ്‍കുട്ടികളെ ആരാധിക്കുന്ന പാരിസ് ഇക്കാര്യത്തില്‍ സ്വതന്ത്രമായി ചിന്തിച്ചാല്‍ അത് ഹോളിവുഡിലെ അരങ്ങേറ്റമാവും.

ലോസ്ഏഞ്ചലസിലെ ബക്ക്ലി സ്കൂളില്‍ പഠിക്കുന്ന പാരിസ് ക്യാംപസിലും താരമാണ്. അച്ഛന്‍റെ മേല്‍വിലാസത്തിലല്ല. നന്നായി പഠിക്കും. സോഫ്റ്റ് ബോള്‍, സോക്കര്‍ ടീമുകളില്‍ അംഗം. ഇപ്പോഴിതാ പതുക്കെ സെലിബ്രിറ്റി ലോകത്തും സാന്നിധ്യമുറപ്പിക്കുന്നു. വന്നിറങ്ങിയപ്പേഴേ മാധ്യമങ്ങള്‍ എഴുത്തും തുടങ്ങി. മൈക്കിള്‍ ജാക്സണ്‍ ഹാന്‍ഡ് ആന്‍ഡ് ഫുട്പ്രിന്‍റ് ചടങ്ങില്‍ പങ്കെടുത്ത യുവ ഗായകന്‍ ജസ്റ്റിന്‍ ബീബറും പാരിസും ഒന്നിച്ചു ഫോട്ടോയ്ക്കു പോസ് ചെയ്തു. ബ്രിട്ടനിലെ ഒരു ഓണ്‍ലൈന്‍ പത്രം ഇതില്‍ ഒരു ചിത്രം നല്‍കിയിട്ട് ഇങ്ങനെ എഴുതി, ജസ്റ്റിന് വളരെ ശക്തമായ പ്രണയം ഇപ്പോള്‍ ഉണ്ടെന്നു അറിയാം. എന്നാലും മോഹിച്ചു പോകുന്നു ജസ്റ്റിനും പാരിസും പ്രണയിച്ചിരുന്നെങ്കില്‍ എന്ന്...
Rate This News :
Latest News