Wednesday, May 23, 2012   11:27 PM IST
Vaartha BlogRSS
Loading
കുരുക്കഴിക്കാന്‍ രണ്ടു പാലങ്ങള്‍
Published : Friday, February 03, 2012
|
  
Text Size
കൊച്ചി

നഗരത്തിന്‍റെ രണ്ടു പ്രധാന പ്രവേശന കവാടങ്ങളില്‍ പുതുതായി നിര്‍മിച്ച പാലങ്ങള്‍ തുറക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇടപ്പള്ളി മേല്‍പ്പാലവും വെണ്ടുരുത്തി - വിക്രാന്ത് പാലവും നാളെ ഗതാഗതത്തിനു തുറന്നുകൊടുക്കും. വെണ്ടുരുത്തിപ്പാലം പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും ഇടപ്പള്ളി മേല്‍പ്പാലം മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

നിര്‍മാണം തുടങ്ങി ഒരു ദശാബ്ദത്തിനു ശേഷമാണ് ഇടപ്പള്ളി മേല്‍പ്പാലം കമ്മിഷന്‍ ചെയ്യുന്നത്. നിര്‍മാണം സംബന്ധിച്ചും കരാറുമായി ബന്ധപ്പെട്ടും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 18 കോടി രൂപ നിര്‍മാണച്ചെലവു പ്രതീക്ഷിച്ചിരുന്ന ഇടപ്പള്ളി മേല്‍പ്പാലത്തിന് ആദ്യം കരാര്‍ ഏറ്റെടുത്ത കായിക്കര കണ്‍സ്ട്രക്ഷന്‍സ് പിന്മാറി. നിര്‍മാണത്തിലെ അപാകതയായിരുന്നു കാരണം. ഇതേത്തുടര്‍ന്നു കായിക്കര കണ്‍സ്ട്രക്ഷന്‍സിനെ സംസ്ഥാന മരാമത്തു വകുപ്പ് കരമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. പിന്നീട് കരാര്‍ തുക 3.76 കോടി കൂടി വര്‍ധിപ്പിച്ചു ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു.

പഴയ വെണ്ടുരുത്തി പാലത്തിനു സമാന്തരമായി നിര്‍മിച്ച പുതിയ പാലത്തിന്‍റെ നിര്‍മാണത്തില്‍ ദക്ഷിണ നാവിക സേനയും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. പദ്ധതിച്ചെലവായ 37.5 കോടി രൂപയില്‍ 12.5 കോടി രൂപ ദക്ഷിണ നാവിക സേനയുടെ വിഹിതമാണ്. 2006ല്‍ നിര്‍മാണം തുടങ്ങിയ 625 മീറ്റര്‍ നീളമുള്ള ഈ പാലത്തില്‍ 7.5 മീറ്റര്‍ വീതിയില്‍ റോഡും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. പശ്ചിമകൊച്ചിയില്‍നിന്നും ഇടക്കൊച്ചി, പള്ളുരുത്തി ഭാഗങ്ങളില്‍നിന്നും വെല്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്നും നഗരത്തിലേക്കുള്ള പ്രധാന പാതയാണു വെണ്ടുരുത്തി - വിക്രാന്ത് പാലം. പാലം തുറക്കുന്നതോടെ ഈ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാകും.

കഠാരിബാഗില്‍ നാളെ രാവിലെ ഒമ്പതിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മന്ത്രി കെ. ബാബു, മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ പങ്കെടുക്കും.

തൃശൂര്‍, കൊടുങ്ങല്ലൂര്‍, വരാപ്പുഴ, പറവൂര്‍ എന്നിവിടങ്ങളില്‍നിന്നും നഗരത്തിലേക്കുള്ള പ്രധാന വഴിയായ എന്‍എച്ച് 17ലാണ് ഇടപ്പള്ളി റെയ്ല്‍വേ മേല്‍പ്പാലം. പാലം തുറക്കുന്നതോടെ, ഇവിടുത്തെ ലെവല്‍ ക്രോസില്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന വന്‍ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകും. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാകും.കേന്ദ്രമന്ത്രി കെ.വി. തോമസ് വിശിഷ്ടാതിഥിയാകും. മന്ത്രി കെ. ബാബു, മേയര്‍ ടോണി ചമ്മിണി, എംപിമാരായ പി. രാജീവ്, കെ.പി. ധനപാലന്‍, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, ടി.എ. അഹമ്മദ് കബീര്‍, ലൂഡി ലൂയിസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

പൊതുമരാമത്ത് വകുപ്പു സെക്രട്ടറി മനോജ് ജോഷി, കലക്റ്റര്‍ പി.ഐ. ഷെയ്ക്ക് പരീത്, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എം.പി.മഹേഷ്കുമാര്‍, വി.എന്‍. സരോജിനി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി.ജെ. പൗലോസ്, എം.വി. ഗോവിന്ദന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.പി. അബ്ദുള്‍ ഖാദര്‍, കെ.കെ. അഷറഫ്, വി.വി. ജോഷി, കെ. റെജികുമാര്‍, ചേംബര്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂക്ക് തുടങ്ങിയവര്‍ സംബന്ധിക്കും.
Rate This News :
Latest News