റീനയും കുടുംബവും സ്നേഹവീട്ടില്‍
Published : Saturday,
February 04,
2012
കോഴിക്കോട്
സഹപാഠികളുടെ പരിശ്രമത്തില്‍, നാട്ടുകാരുടെ സഹകരണത്തോടെ റീനയ്ക്ക് വീടൊരുങ്ങി. അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി റീനയ്ക്കും കുടുംബത്തിനുമാണ് സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികള്‍ വീടൊരുക്കി നല്‍കിയത്.
വീടിന്‍റെ താക്കോല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റീനയ്ക്ക് കൈമാറി. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങിന് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമടങ്ങിയ ആയിരക്കണക്കിന് പേര്‍ സാക്ഷികളായി. അത്തോളി സ്കൂളിലെ വ ിദ്യാര്‍ഥികള്‍ കാണിച്ച ജീവകാരുണ്യ പ്രവര്‍ത്തനം മറ്റു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും മാതൃകയാകേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റീനയ്ക്ക് സ്ഥിരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ അദ്ദേഹം പുതിയ വീട്ടിലേക്ക് ടെലിവിഷന്‍ സെറ്റ് വാഗ്ദാനം ചെയ്തു.
പിതാവ് നേരത്തെ മരിച്ച റീന രോഗിയായ അമ്മയോടും സഹോദരിയോടുമൊപ്പമാണ് താമസിക്കുന്നത്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന ഈ കുടുംബം അമ്മയുടെ സഹോദരന്‍റെ സ്ഥലത്ത് കുടില്‍കെട്ടി താമസിക്കുകയായിരുന്നു. നാഷണല്‍ സര്‍വിസ് സ്കീം പ്രവര്‍ത്തകരിലൂടെ ഇവരുടെ ദുരിതജീവിതത്തെക്കുറിച്ച് പുറംലോകം അറിഞ്ഞതോടെ പല ഭാഗത്തുനിന്നും സഹായമെത്തി.
അത്തോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എ.കെ. രാജന്‍ ചെയര്‍മാനും നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ ചുമതല വഹിക്കുന്ന എം. ലീന കണ്‍വീനറുമായ സമിതി ഭവന നിര്‍മാണത്തിന് നേതൃത്വം നല്‍കി. ധനസഹായമായി ലഭിച്ച ആറ് ലക്ഷം രൂപയും ഇഎംഎസ് ഭവന പദ്ധതി പ്രകാരമുള്ള ഒരു ലക്ഷം രൂപയും ചേര്‍ത്ത് അത്തോളി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം അഞ്ച് സെന്‍റ് ഭൂമി വാങ്ങി വീട് പണി ആരംഭിക്കുകയായിരുന്നു.
എന്‍എസ്എസ് വൊളന്‍റിയര്‍മാരും നാട്ടുകാരും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, കുളിമുറി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്. കുടിലില്‍ അന്തിയുറങ്ങിയ കുടുംബത്തിന് പുതിയ വീട് സ്നേഹക്കൊട്ടാരമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയായി. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റ് എം. മെഹബൂബ് ഗൃഹോപകരണങ്ങള്‍ കൈമാറി.
പന്തലായനി ബ്ലോക്ക് പ്രസിഡന്‍റ് ടി.വി. ചന്ദ്രഹാസന്‍, ബ്ലോക്ക് അംഗം പി.എം. ഓമന, ഗ്രാമപഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രന്‍, ഗിരീഷ് മൊടക്കല്ലൂര്‍, കെ.പി. മുഹമ്മദലി, കുമാരന്‍, ഗംഗാധരന്‍ കൊല്ലിയില്‍, ടി. പുഷ്പരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കവി. പി.കെ. ഗോപി പുതിയ വീട്ടില്‍ ദീപം തെളിയിച്ചു.
മികച്ച പ്രവര്‍ത്തനത്തിനുള്ള എന്‍എസ്എസ് അവാര്‍ഡ് നേടിയ എം. ലീനയെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമ പാലോത്ത് സ്വാഗതവും സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Close...
Maximum Character Allowed -
4000