പൈപ്പ് പൊട്ടി റോഡുകള്‍ തകര്‍ന്നു
Published : Saturday,
February 04,
2012
കോഴിക്കോട്
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കോഴിക്കോട് നഗരത്തിലെ പലഭാഗങ്ങളിലും റോഡുകള്‍ തകര്‍ച്ചയില്‍. കുടിവെള്ളം വിതരണം ചെയ്യുന്ന വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളാണപൊട്ടിയത്. കോഴിക്കോട് മാവൂര്‍ റോഡ്, വയനാട് റോഡ്, കണ്ണൂര്‍ റോഡ് എന്നിവിടങ്ങളിലെ പലയിടങ്ങളിലായാണ് വെള്ളം കെട്ടിനിന്ന് റോഡ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. നടക്കാവ് ക്രോസ് റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പലപ്പോഴായി വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറ്റക്കുറ്റപ്പണി നടത്തിയെങ്കിലും അടുത്ത ദിവസം തന്നെ വീണ്ടും തകരുന്ന സ്ഥിതിയാണ്.
ഗുണനിലവാരമില്ലാത്ത പൈപ്പുകളും ഫിറ്റിങ്ങിലെ അപാകതകളുമാണ് റോഡിനടിയിലെ പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടാന്‍ കാരണമാകുന്നതെന്നാണ് ആക്ഷേപം. പൈപ്പ്പൊട്ടി റോഡരികില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാകുകയാണ്. വാഹനങ്ങള്‍ പ്രവഹിക്കുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നതാണ് പ്രധാനപ്രശ്നം. നഗരത്തിലെ പലഭാഗങ്ങളിലും കുടിവെള്ളം ലഭിക്കാതെ നിരവധി പേര്‍ ദുരിതമനുഭവിക്കുമ്പോഴാണ് വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
വെള്ളം പമ്പു ചെയ്യുന്ന സമയം മുതല്‍ വെള്ളം പൂര്‍ണ്ണമായും ഒഴുകിപ്പോകുന്ന സ്ഥിതിയാണ്. ഇതുകാരണം നഗരത്തിലെ പലഭാഗങ്ങളിലും വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണം ലഭിക്കാറില്ലെന്നും പരാതിയുണ്ട്. മാവൂര്‍ റോഡില്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തായാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. നഗരത്തിലെ കണ്ണായ പ്രദേശത്ത് പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതര്‍ നടപടി ആരംഭിച്ചിട്ടില്ല. വെള്ളം റോഡില്‍ കെട്ടിനിന്ന് ഇവിടെ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. തിരക്കേറിയ റോഡിലെ വലിയ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ അപകടക്കെണിയാകുകയാണ്. കണ്ണൂര്‍ റോഡില്‍ രണ്ട് സ്ഥലങ്ങളില്‍ വെള്ളം പാഴാകുന്നുണ്ട്.
നഗരത്തിലെ പലയിടങ്ങളിലായി റോഡിനടിയിലെ കുടിവെള്ളം വിതരണം ചെയ്യുന്നതും അല്ലാത്തതുമായ പൈപ്പു പൊട്ടുന്നതു കാരണം റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുകയാണ്്. റോഡ് അറ്റക്കുറ്റപ്പണി നടന്നയുടനെ വാട്ടര്‍ അഥോറിറ്റി അധികൃതരെത്തി പൈപ്പ് റിപ്പയറിങ് ആരംഭിക്കുന്നതും റോഡുകളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുന്നു. നഗരത്തിലെ തകര്‍ന്ന പല റോഡുകളും അറ്റക്കുറ്റപ്പണികള്‍ നടത്തിയെങ്കിലും വെള്ളം കെട്ടിനിന്നു റോഡുകള്‍ തകരുന്ന സ്ഥിതി തുടരുകയാണ്.
Close...
Maximum Character Allowed -
4000