Wednesday, May 23, 2012   11:31 PM IST
Vaartha BlogRSS
Loading
സാംസ്കാരിക ഗ്രാമം സ്ഥാപിക്കും
Published : Saturday, February 04, 2012
|
  
Text Size
കോഴിക്കോട്

ആവശ്യമായ സ്ഥലം ലഭിച്ചാല്‍ കോഴിക്കോട്ട് സാംസ്കാരികഗ്രാമം സ്ഥാപിക്കുമെന്ന് സാംസ്കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫ്. എംപിയും എംഎല്‍എയും ജില്ലാ ഭരണകൂടവുമെല്ലാം മുന്‍കൈയെടുത്ത് ഇതിനായി സ്ഥലം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടഗോര്‍ ഹാളില്‍ അന്തര്‍ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാടക കലാകാരന്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണനയിലാണ്. സര്‍ക്കാരിന്‍റെ സാമ്പത്തിക പരിമിതിയില്‍നിന്നുകൊണ്ട് കോഴിക്കോട്ട് അന്തര്‍ദേശീയ നാടകോത്സവത്തിനു സാമ്പത്തിക സഹായം ലഭ്യമാക്കും.

മലബാറിലെ നാടക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാഹിത്യ, ലളിതകലാ, സംഗീത - നാടക അക്കാഡമികള്‍ യോജിച്ചു നടപടി സ്വീകരിക്കും.

ആദ്യകാല നാടകങ്ങള്‍ കേരളത്തിന്‍റെ സാമൂഹ്യ രംഗത്തു വലിയ മാറ്റങ്ങളായിരുന്നു സൃഷ്ടിച്ചത്. അനാചാരങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് പുതിയ ആകാശത്തിനും ഭൂമിക്കും വേണ്ടിയുള്ള ആശയപ്രചാരണത്തിനു നേതൃത്വം നല്‍കിയത് ആദ്യകാല നാടകങ്ങളാണ്. സമൂഹമാറ്റത്തിന് പശ്ചാത്തലമൊരുക്കി, കൊടുങ്കാറ്റുപോലെ കടന്നുപോയി ജനങ്ങളുടെ മനസില്‍ വലിയ ചലനങ്ങളും ചിന്താഗതികളും നാടകങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കാരണം നാടകംസഘങ്ങള്‍ക്കും കലാകാരന്‍മാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പിന്നീടു പറ്റാതായെന്നും മന്ത്രി പറഞ്ഞു.

നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനു സ്ഥിരം വേദിയൊരുക്കാന്‍ കോഴിക്കോട്ട് ഒരു നാടക തീയെറ്റര്‍ സ്ഥാപിക്കണമെന്നു മുഖ്യാതിഥിയായി പങ്കെടുത്ത എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടു. മന്ത്രി പ്രഖ്യാപിച്ച സാംസ്കാരികഗ്രാമം യാഥാര്‍ഥ്യമാക്കാന്‍ ഒരു സ്പെഷ്യല്‍ ഓഫിസറെ നിയമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയര്‍ എ.കെ. പ്രേമജം അധ്യക്ഷയായിരുന്നു. എ. പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്റ്റര്‍ ഡോ. പി.ബി. സലീം, യു.എ. ഖാദര്‍, നിലമ്പൂര്‍ ആയിഷ, ഇബ്രാഹിം വെങ്ങര, പി. കിഷന്‍ചന്ദ്, ടി. ദാമോദരന്‍, സിവിക് ചന്ദ്രന്‍, കെ.സി. അബു തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന നാടക പ്രവര്‍ത്തകരായ ടി. ദാമോദരന്‍, എ.വി. ഭാസ്കരന്‍ നായര്‍, ഇബ്രാഹിം വെങ്ങര, എം.ടി. കരുങ്ങാട്, പി. വിജയലക്ഷ്മി, ടി.കെ. കണാരന്‍കുട്ടി, വള്ളിക്കാട് രാഘവന്‍, എസ്.ആര്‍. ചന്ദ്രന്‍, മാധവന്‍ കുന്നത്തറ, പി.എം. കാരാട്ട്, വിടകര കൃഷ്ണദാസ് എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരം സമ്മാനിച്ചും ആദരിച്ചു.
Rate This News :
Latest News