അര്‍ബുദത്തിന്‍റെ അടുത്ത്
Published : Saturday,
February 04,
2012
ശാരിക ശങ്കര്‍
കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ്, ഔട്ട് പേഷ്യന്‍റ് റൂമിനു മുന്നിലെ ആള്‍ക്കൂട്ടത്തിനിടെ അവളുമുണ്ടായിരുന്നു. ആ കണ്ണുകളില്‍ പേടി നന്നായി നിഴലിച്ചു. മുറിയിലിരിക്കുന്ന ഡോക്റ്ററുടെ മറുപടിയിലാണ് അവളുടെ ജീവിതം. വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല, ഭര്‍ത്താവിന്‍റേയും ബന്ധുക്കളുടേയും മുഖത്തുള്ള ടെന്‍ഷന്‍ അവള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. ഡോ.വി.പി. ഗംഗാധരന്‍ എന്ന ക്യാന്‍സര്‍ രോഗ വിദഗ്ധന്‍റെ മുന്നിലിരിക്കുകയാണ് അവള്‍. അവളുടെ ഭര്‍ത്താവിന്‍റെ മനസില്‍ പല ചിന്തകളാണ്. എത്രയും പെട്ടെന്ന് അവളെക്കൊണ്ട് ഡിവോഴ്സിനു സമ്മതിപ്പിക്കണം. വിവാഹത്തിനു മുമ്പ് രോഗം തിരിച്ചറിഞ്ഞതു മറച്ചു വച്ചു കെട്ടിച്ചു എന്നൊക്കെയാണ് അയാളുടെ പക്ഷം. പറഞ്ഞു മനസിലാക്കാന്‍ ഡോക്റ്റര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. അതൊന്നും അവിടെ ഏല്‍ക്കുന്നില്ല. കാരണം ക്യാന്‍സര്‍ രോഗികളോട് സമൂഹത്തിനുള്ള മനോഭാവത്തില്‍ ഇനിയും മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു. മാരകരോഗമാണെന്നും അതിനു ചികിത്സയില്ലെന്നും വിശ്വ സിക്കുന്നവരാണ് അധികമെന്നും ഡോക്റ്റര്‍ സ്വന്തം അനുഭവത്തിലൂടെ പറയുന്നു. ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് ദൈവദൂതനാണ് ഈ ഡോക്റ്റര്‍. നന്നായി മരിക്കാനല്ല, നന്നായി ജീവിക്കാനാണ് അവരെ പ്രേരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതീക്ഷകള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയവര്‍ക്ക് കൈത്താങ്ങായി ഈ ഭിഷഗ്വരന്‍.
രോഗികളുടെ തിരക്ക്
എറണാകുളം ലേക് ഷോര്‍ ഹോസ്പിറ്റലിന്‍റെ ഓങ്കോളജി വിഭാഗത്തില്‍ ഡോ. ഗംഗാധരന്‍റെ മുറിക്കു മുന്നിലെ തിരക്ക് കനക്കുന്നു. ചുമരിന്‍റെ ഒരു വശത്ത് ഡോക്റ്റര്‍ക്കു ലഭിച്ച ആശംസാകാര്‍ഡുകള്‍ നിരയായി തൂക്കിയിട്ടിരിക്കുന്നു. മുന്നിലെ കംപ്യൂട്ടര്‍ സ്ക്രീനില്‍ രോഗികളുടെ വിവരങ്ങള്‍. ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം ഇന്നത്തെ തലമുറയില്‍ എത്തിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അത്രയേറെ മിഥ്യാധാരണകളാണ് ഇന്നും ഓരോരുത്തരുടേയും മനസില്‍. രോഗം ബാധിച്ചാല്‍ രക്ഷപെടില്ലെന്നു തന്നെയാണ് ഇവരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നത്. ട്രീറ്റ്മെന്‍റ് ഫലിക്കില്ലെന്നു കരുതുന്നതോടെ സമൂഹം അവരെ ഒറ്റപ്പെടുത്തുന്നു. ഇത്തരമൊരു സാമൂഹ്യപ്രശ്നം ഇതിനു പിന്നിലുണ്ടെന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട്.
ഒരു ഗെറ്റ് റ്റുഗദര്‍
വേള്‍ഡ് ക്യാന്‍സര്‍ ഡെ നിരവധി പ്രോഗ്രാമുകളോടെയാണ് ആചരിക്കുന്നത്. രോഗമുക്തി നേടിയവരുടെ കൂട്ടായ്മ ലയണ്‍സ് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്നു. ഒരു ഗെറ്റ് റ്റുഗദര്‍, അവര്‍ക്കു തന്നെ സ്വന്തം സ്ഥലങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കാം. ബോധവത്കരണം നടത്താന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ല. ചെറിയ പദ്ധതിയാണെങ്കിലും പോസിറ്റിവ് റെസ്പോണ്‍സ് സന്തോഷിപ്പിക്കുന്നു. വിളിച്ചവരില്‍ നൂറിലേറെപ്പേര്‍ വരാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട്, ഡോക്റ്റര്‍ പറഞ്ഞു.
രോഗം ബാധിച്ചവരോടുള്ള ആറ്റിറ്റ്യൂഡ് ആണ് ആദ്യം മാറ്റേണ്ടത്. രോഗത്തില്‍ നിന്നു രക്ഷനേടിയവരോടും നന്നായി പെരുമാറണം. അവരെ സമൂഹത്തിന്‍റെ മുന്‍നിരയിലേക്കു കൈപിടിച്ചു കൊണ്ടുവരാന്‍ ശ്രമിക്കണം. രോഗം കണ്ടെത്തുന്നതു മുതല്‍ ചികിത്സ വരെ നിരവധി ഘട്ടങ്ങളുണ്ട്, അവയില്‍ പലതരം സാങ്കേതികവിദ്യകളും ആവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ മാറ്റം വരാതെ ഇവയ്ക്കൊന്നും പ്രയോജനമില്ലാതായിപ്പോകും. ബോധവത്കരണം തന്നെയാണ് പ്രധാന പ്രതിവിധി. മാരകമായ രോഗമാണെന്നും ഇതില്‍ നിന്നൊരു തിരിച്ചുവരവ് അസാധ്യമാണെന്നും വിശ്വസിക്കുകയാണ് പലരും. എന്നാല്‍ രോഗമുക്തി നേടിയ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്.
സാമ്പത്തിക പ്രതിസന്ധി
കേരളത്തിലെ കണക്കുകള്‍ അനുസരിച്ച് പുരുഷന്മാരില്‍ ശ്വാസകോശാര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുമ്പൊക്കെ സ്ത്രീകളിലെ ക്യാന്‍സര്‍ നാല്‍പ്പത്തഞ്ചു വയസിനു മുകളിലായിരുന്നെങ്കില്‍ ഇന്നത് ഇരുപതും ഇരുപത്തഞ്ചും വയസില്‍ ആക്രമിക്കുന്നു. കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബ്ലഡ് ക്യാന്‍സറാണ്. ഇതില്‍ 75 മുതല്‍ 80 ശതമാനം രോഗവും പൂര്‍ണമായും ഭേദപ്പെടുത്താം. സാമ്പത്തിക പ്രശ്നങ്ങളാണ് പലരുടേയും പ്രധാന പ്രതിസന്ധി. കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റി പോലെയുള്ള സന്നദ്ധ സംഘടനകള്‍ ധനസഹായം നല്‍കുന്നു. രോഗമുക്തി നേടിയവരെ അഞ്ചു വര്‍ഷത്തോളം നിരീക്ഷിച്ചുകൊണ്ടിരിക്കും. അതുകഴിഞ്ഞാല്‍ രോഗം വരാനുള്ള സാധ്യത ഇതുവരെ രോഗം വരാത്തവരുടേതിനു തുല്യം മാത്രം.
ഒരു ഡോക്റ്ററുടെ തപസ്യ
വേദനയില്‍ ജീവിക്കുന്ന എത്രയോ പേര്‍ക്ക് ദിവസവും ആശ്വാസമാകുന്നുണ്ട് ഡോ. ഗംഗാധരന്‍. അസുഖബാധിതരായി എത്തുന്നവര്‍ക്കിടയിലെ മരണം വല്ലാതെ അലട്ടാറുണ്ട്. ഒന്നു കാണാന്‍ ക്ഷമയോടെ വേദന സഹിച്ചു കാത്തു നില്‍ക്കുന്ന നൂറു കണക്കിനു രോഗികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറ്റെന്തും മറക്കും. വൈകിട്ട് ഏഴു മണിക്ക് ഔട്ട് പേഷ്യന്‍റ് ക്ലോസ് ചെയ്തിരുന്ന സമയത്തു നിന്ന് ഇന്ന് രാത്രി പതിനൊന്നു മണിക്കും രോഗികളെ കാണാനിരിക്കുന്നു ഈ ഡോക്റ്റര്‍. അവധി ദിനങ്ങളോ ആഴ്ചയവസാനങ്ങളോ ഡോ. ഗംഗാധരനില്ല. അവിചാരിതമായിട്ടാണ് ഓങ്കോളജി വിഭാഗത്തിലേക്കെത്തിയതെങ്കിലും ഇന്ന് അതൊരു തപസ്യയായി കരുതുകയാണ് ഡോക്റ്റര്‍.
ഇന്ന് ക്യാന്‍സറിന്‍റെ ദിവസം
ലോകമെങ്ങും പടര്‍ന്നു പിടിക്കുന്ന ക്യാന്‍സര്‍ എന്ന രോഗത്തിനെതിരെ പോരാടാന്‍ ഒരു ദിനം, അതാണ് ഫെബ്രുവരി നാല്, വേള്‍ഡ് ക്യാന്‍സര്‍ ഡെ. ക്യാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിലൂടെ വര്‍ഷം തോറും രക്ഷപെടുത്താവുന്ന ജീവനുകളുടെ എണ്ണം എത്രയോ അധികമാണ്. റ്റുഗെദര്‍ ഇറ്റ് ഇസ് പോസിബ്ള്‍ ( ഒന്നിച്ചു നിന്നാല്‍ അതു സാധ്യം) എന്നതാണ് 2012ലെ തീം. യൂണിയന്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോളാണ് ഇത്തരമൊരു ദിനം മുന്നോട്ടു വച്ചത്. 2020 ആകുമ്പോഴേക്കും ലോകത്തെ ക്യാന്‍സര്‍ നിരക്കില്‍ ഗണ്യമായ കുറവു വരുത്തുക എന്നത് സംഘടനയുടെ പരമപ്രധാന ലക്ഷ്യങ്ങളിലൊന്ന്.
നൂറ്റിയിപത് രാജ്യങ്ങളില്‍ നിന്നുള്ള 470 ക്യാന്‍സര്‍ ഫൈറ്റിങ് സംഘടനകള്‍ ഇതില്‍ അംഗങ്ങളാണ്. ഓരോ വ്യക്തിയും സംഘടനയും ഗവണ്‍മെന്‍റും അവരവരുടെ കടമകള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ക്യാന്‍സറിനെ തുരത്താന്‍ സാധിക്കൂ. ഈ വര്‍ഷം ഓഗസ്റ്റില്‍ 27 മുതല്‍ 30 വരെ വേള്‍ഡ് ക്യാന്‍സര്‍ കോണ്‍ഗ്രസും നടത്തുന്നുണ്ട്. മോണ്‍ട്രിയലാണ് ആതിഥേയ നഗരം. ക്യാന്‍സര്‍ എന്നത് രോഗം എന്നതില്‍ക്കവിഞ്ഞ് സാമൂഹ്യവും സാമ്പത്തികവുമായി പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അവസ്ഥ കൂടിയാണ്. ക്യാന്‍സര്‍ രോഗികളോട് സമൂഹം കാട്ടുന്ന അവഗണന കുറയ്ക്കുന്നതിലൂടെത്തന്നെ ഇതിന് പരിഹാരം കണ്ടെത്താനാവും.
രോഗികളേയും കുടുംബത്തേയും ഏറ്റവുമധികം അലട്ടുന്നത് ചികിത്സാച്ചെലവ് തന്നെയാണ്. കുടുംബവരുമാനത്തിന്‍റെ സിംഹഭാഗവും ചികിത്സയ്ക്കായി വിനിയോഗിക്കേണ്ടി വരുന്നു. മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ അലട്ടുന്നതിനൊപ്പം സമൂഹത്തില്‍ നിന്നു നേരിടുന്ന അവഗണന കൂടിയാവുമ്പോള്‍ ഓരോ കുടുംബവും തകര്‍ച്ചയിലേക്കു നീങ്ങുന്നതു സ്വാഭാവികം. ഇതിനെതിരേയുള്ള ബോധവത്കരണം തന്നെയാണ് ക്യാന്‍സര്‍ ഡെ ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
സാരിയും ക്യാന്‍സറും
സാരി കാന്‍സര്‍ എന്നു കേട്ട് നാളെ മുതല്‍ സാരി ഉപേക്ഷിക്കേണ്ട കാര്യമില്ല. സാരിയും ക്യാന്‍സറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന പഠനം ആരംഭിച്ചപ്പോള്‍ മുതലുള്ള ഭയം തെറ്റിദ്ധാരണയാണ്. അടിപ്പാവാട വലിച്ചു മുറുക്കി ഒരേ സ്ഥലത്തു കെട്ടുന്നതുകൊണ്ട് ചര്‍മത്തിലുണ്ടാകുന്ന കറുത്ത പാട് രോഗത്തിന് കാരണമാകുമോ എന്നതിനെക്കുറിച്ചാണ് പഠനം തുടരുന്നത്.
മുപ്പതു വര്‍ഷമായി അടിപ്പാവാട ഉപയോഗിക്കുന്നവരുടെ ചര്‍മത്തില്‍ കറുത്ത പാടുകള്‍ക്കു സാധ്യതയുണ്ട്. അടിപ്പാവാടയുടെ വള്ളി മുറുകുന്നയിടത്ത് അലര്‍ജിയുണ്ടാകുന്നു. പിന്നീട് ആ ഭാഗത്ത് തടിപ്പുണ്ടാകുന്നുണ്ടോ എന്നതിനെക്കുറിച്ച് മുംബൈയിലെ ഗ്രാന്‍റ് മെഡിക്കല്‍ കോളെജിലുള്ള ഡോക്റ്റര്‍മാര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഗവേഷണത്തിന് അവര്‍ സാരി ക്യാന്‍സര്‍ എന്നു പേരിട്ടു. സാരി ക്യാന്‍സറിനെക്കുറിച്ച് വിദഗ്ധര്‍ മെഡിക്കല്‍ ജേണലില്‍ വിശദീകരിച്ചിട്ടുണ്ട്. മുപ്പതു വര്‍ഷത്തിലേറെ അടിപ്പാവാട ഒരേ സ്ഥലത്തു വലിച്ചുമുറുക്കിക്കെട്ടിയ കുറച്ചു സ്ത്രീകളെ പരിശോധിച്ചപ്പോള്‍ ചര്‍മത്തില്‍ തടിപ്പു കണ്ടെത്താനായി. അതു ക്യാന്‍സറാണോ എന്നതിനെക്കുറിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഗ്രാന്‍റ് മെഡിക്കല്‍ കോളെജിലെ അസോസിയെറ്റ് സര്‍ജറി പ്രൊഫസര്‍ ഡോ. ജി.ഡി. ബക്ഷി.
മൂന്നു രോഗികളില്‍ കണ്ടെത്തിയ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. ഗവേഷണത്തിന്‍റെ ആദ്യ ഫലങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നവംമ്പര്‍ ലക്കം ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
Close...
Maximum Character Allowed -
4000