Made In India By Saloni
Published : Saturday,
February 04,
2012
ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡിന്‍റെ ലേബല്‍ ഷര്‍ട്ടിന്‍റെ കോളറിലുണ്ടെങ്കിലേ സ്റ്റൈല്‍ സമ്പൂര്‍ണമാകൂ എന്നതു ലേറ്റസ്റ്റ് യൂത്ത് ട്രെന്‍ഡ്. ബോളിവുഡ് താരങ്ങള്‍ ഷോപ്പിങ്ങിനു ലണ്ടനില്‍ പോകുന്നതു മുംബൈ ലൈഫ് സ്റ്റൈലിന്‍റെ പുതിയ ചെയ്ഞ്ച്. എന്തിന്, കൊച്ചിയില്‍പ്പോലും ബ്രാന്‍ഡഡ് ഡ്രസുകളുടെ എക്സ്ക്ലൂസിവ് ഷോറൂമുകള്‍ നിരവധി. ഇന്ത്യക്കാര്‍ ബ്രാന്‍ഡഡ് ആയപ്പോള്‍ ലണ്ടനിലുള്ള ഒരു ഇന്ത്യക്കാരി ബ്രിട്ടനിലെ സെലിബ്രിറ്റികള്‍ക്കും ഇന്ത്യയിലെ ബ്രാന്‍ഡ് ലവേഴ്സിനുംവേണ്ടി ഡിസൈനര്‍ വെയറുകള്‍ തയാറാക്കി. സലോനി എന്ന ലേബല്‍ ലണ്ടനില്‍ പ്രശസ്തമായ ശേഷം ആ ഡിസൈനര്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തി. ഇന്ത്യയില്‍ നിന്ന് ഇരുപതാമത്തെ വയസില്‍ ഹോങ്കോങ്ങിലേക്കു പോയ സലോനി ഇപ്പോള്‍ സലോനി ലോഥയാണ്. പാശ്ചാത്യലോകത്ത് അറിയപ്പെടുന്ന ഡിസൈനര്‍.
മെയ്ഡ് ഇന്‍ ഇന്ത്യ എന്നതു ലണ്ടനിലുള്ളവര്‍ക്ക് അത്ര ഇഷ്ടമുള്ള ബ്രാന്‍ഡ് ആയിരുന്നില്ല, നാലഞ്ചു വര്‍ഷം മുമ്പു വരെ. ആ മുന്‍വിധി എടുത്തു മാറ്റിയിരിക്കുന്നു സലോനി. മെയ്ഡ് ഇന്‍ ലണ്ടന്‍ എന്നു ലേബലൊട്ടിച്ച വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഇന്ത്യയില്‍. മെയ്ഡ് ഇന്‍ ഇന്ത്യയെന്നു പറയണോ മെയ്ഡ് ഇന്‍ ലണ്ടന്‍ എന്നു വിശേഷിപ്പിക്കണോ എന്നകാര്യം ലണ്ടനിലുള്ളവര്‍ തീരുമാനിക്കട്ടെ. പ്രശസ്ത ഹോളിവുഡ് താരങ്ങള്‍ എമ്മ വാട്സനും നവോമി വാട്സുമൊക്കെ ഇപ്പോള്‍ സലോനിയുടെ ആരാധകര്‍.
പത്തു ഡിസൈനുകളോടെ സലോനി ബ്രാന്‍ഡ് വില്‍പ്പനയ്ക്കെത്തുന്നത് 2007ല്‍. ഇപ്പോള്‍ ഈ ലേബലിലുള്ള നൂറു കണക്കിനു ഡിസൈനുകള്‍ പാശ്ചാത്യ രാജ്യത്തെ ബ്രാന്‍ഡഡ് ഷോറൂമുകളില്‍ വില്‍പ്പനയ്ക്കുണ്ട്. വസ്ത്രങ്ങളുടെ മാത്രം ഡിസൈനിങ്ങില്‍ ഒതുങ്ങി നിന്നിരുന്നെങ്കില്‍ ഇത്രമാത്രം ഫെയ്മസാകില്ലായിരുന്നു സലോനി. മാച്ചിങ് ജ്വല്ലറികളും ഹാന്‍ഡ് ബാഗും കച്ചവടത്തിനെത്തിച്ചു സലോനി ലോഥ എന്ന മുപ്പതുകാരി. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന വിശേഷണത്തോടൊപ്പം മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന ക്യാപ്ഷനില്ലെങ്കിലും, ബാഗും ജ്വല്ലറികളും പ്രശസ്തമായി.
പാരമ്പര്യ കൈത്തറിക്കാരാണു സലോനിയുടെ നെയ്ത്തുകാര്‍. എംബ്രോയ്ഡറിയും തയ്യലുമൊക്കെ ഇവിടെയുള്ളവര്‍. ലണ്ടനിലുള്ള സ്റ്റുഡിയോയിലിരുന്നു സലോനി ഡിസൈന്‍ ചെയ്യും. അത് ഇന്ത്യയിലേക്ക് അയച്ചു തരും. ഇവിടെയുള്ളവര്‍ അതുപോലെയുള്ള വസ്ത്രങ്ങള്‍ തുന്നിത്തയാറാക്കി ലണ്ടനിലേക്ക് അയയ്ക്കും. ലണ്ടന്‍ - ഇന്ത്യ മെയ്ഡ് വസ്ത്രങ്ങളുടെ നിര്‍മാണം അങ്ങനെ...
മഹരാഷ്ട്രയിലെ നാസിക്കാണു സലോനിയുടെ ജന്മനാട്. മുത്തശിയും അമ്മയുമൊക്കെ ധരിച്ചിരുന്ന സില്‍ക്ക് വസ്ത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്ന സലോനിയുടെ ഇഷ്ടവേഷം സാരിയായിരുന്നു. മുംബൈയില്‍ ഗ്രാഫിക് ഡിസൈന്‍ പഠിച്ച ശേഷം വിവാഹിതയായി. ഇരുപതാമത്തെ വയസില്‍ ഭര്‍ത്താവിനൊപ്പം ഹോങ്കോങ്ങിലേക്കു പോയി. വിലകൂടിയ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രമാണ് അവിടെ കണ്ടത്. സാധാരണക്കാര്‍ക്ക് അണിയാനുള്ള ഡിസൈനര്‍ വെയറുകളെക്കുറിച്ച് ചിന്തിച്ചു. സ്വന്തമായി കുറച്ച് ഡിസൈനുകള്‍ തയാറാക്കി. ചെറിയൊരു ഷോപ്പ് ആരംഭിച്ചു. ലണ്ടന്‍ ഫാഷന്‍ കണ്‍സല്‍ട്ടന്‍സിയുമായി പരിചയപ്പെട്ടതോടെ സെന്‍റ് മാര്‍ട്ടിന്‍സിലെ ഫാഷന്‍ സ്കൂളിലെത്തി. ലണ്ടന്‍ ഫാഷന്‍ വീക്കില്‍ സലോനി ബ്രാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ പാശ്ചാത്യരാജ്യത്തെ സെലിബ്രിറ്റികള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി.
ഇന്ത്യയില്‍ വസ്ത്രങ്ങള്‍ നെയ്ത് ലണ്ടനില്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ആദ്യത്തെയാളല്ല സലോനി. ഫ്രാന്‍സിലേയും ബ്രിട്ടനിലേയും പേരുകേട്ട കച്ചവടക്കാരൊക്കെ ശ്രമിച്ചിട്ടുള്ളതാണ് ഈ പണി. കച്ചവടം വിജയിച്ചില്ലെന്നു മാത്രമല്ല പൂട്ടിക്കെട്ടുകയും ചെയ്തു. ആ വിപണിയിലാണു സലോനി ഇന്ത്യന്‍ വസ്ത്രങ്ങള്‍കൊണ്ട് വിജയചരിത്രം രചിക്കുന്നത്. ഇന്ത്യയില്‍ പ്രഗത്ഭരായ നെയ്ത്തുകാരുണ്ട്. നല്ല തയ്യല്‍ക്കാരുണ്ട്. ഇതിനു ഡ്യൂപ്ലിക്കെറ്റുണ്ടാക്കാന്‍ കഴിയില്ല.... കശ്മീരി സല്‍വാറും തിബറ്റന്‍ ബോര്‍ഡറിലെ വസ്ത്രങ്ങളുമെല്ലാം ലണ്ടനില്‍ പരിചയപ്പെടുത്തിയ സലോനി പറയുന്നു.
താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളൊന്നും ഇന്ത്യയില്‍ വിറ്റിട്ടില്ല സലോനി. ഹോളിവുഡിലെ താരങ്ങള്‍ ധരിക്കുന്ന തന്‍റെ ഡിസൈനുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ചില പ്രതീക്ഷകള്‍ സൂക്ഷിക്കുന്നു സലോനി. ഫ്രെയ്ദ പിന്‍റോ, ദീപിക പദുക്കോണ്‍, സോനം കപൂര്‍... തുടങ്ങിയവരാണു സലോനിയുടെ ഇഷ്ടതാരങ്ങള്‍. ഇന്ത്യയില്‍ സലോനി ബ്രാന്‍ഡ് വസ്ത്രം ആദ്യം ധരിക്കുന്നത് ഇവരാകണം...
Close...
Maximum Character Allowed -
4000