Wednesday, May 23, 2012   11:41 PM IST
Vaartha BlogRSS
Loading
കൊച്ചിയില്‍ നാലു ഫ്ളൈ ഓവറുകള്‍
Published : Saturday, February 04, 2012
|
  
Text Size
കൊച്ചി

രാജ്യത്തെ അതിപ്രധാന മെട്രൊ നഗരങ്ങളുടെ നിരയിലേക്ക് കൊച്ചിയെ ഉയര്‍ത്താന്‍ അനിവാര്യമായ നാലു ഫ്ളൈ ഓവറുകളുടെ നിര്‍മാണത്തിന് 1200 കോടി രൂപയുടെ പ്രാഥമിക രൂപരേഖ തയാറാക്കിയതായി കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നാഷണല്‍ ഹൈവേ അഥോറിറ്റി ഡയറക്റ്റര്‍ ജനറല്‍ സി. കന്തസ്വാമിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടപ്പിള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലാണ് ഫ്ളൈഓവര്‍ വേണ്ടി വരുന്നത്. ഇതില്‍ ഇടപ്പള്ളിയിലും വൈറ്റിലയിലും മെട്രൊ റെയ്ല്‍ കടന്നു പോകുന്നതിനാല്‍ ഫ്ളൈ ഓവറിനു പ്രത്യേക ഡിസൈന്‍ വേണ്ടി വരും. കുണ്ടന്നൂരില്‍ ആഗോള നിലവാരത്തില്‍ സ്ഥലം വികസിപ്പിച്ച് പൈലറ്റ് പ്രൊജക്റ്റ് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റു മൂന്നിടങ്ങളിലും എന്‍എച്ച്എഐ നടപ്പാക്കുന്ന നിലവിലെ പദ്ധതികളുടെ നിലവാരത്തില്‍ ഫ്ളൈ ഓവര്‍ നിര്‍മാണം ഏറ്റെടുക്കും. ദേശീയപാതാ അഥോറിറ്റിയും സംസ്ഥാന മരാമത്ത് എന്‍എച്ച് വിഭാഗവും ഇതുസംബന്ധിച്ചു സംയുക്ത പഠനം നടത്തിയാണ് പ്രാരംഭ രൂപരേഖ തയാറാക്കിയത്.

പദ്ധതി അടങ്കലില്‍ 700 കോടി രൂപയെങ്കിലും കേന്ദ്ര ഗ്രാന്‍റായി സ്വരൂപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പശ്ചിമ ബംഗാളും കേരളവുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ചില പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടനെയുണ്ടാകും. നിര്‍ദിഷ്ട ഫ്ളൈ ഓവര്‍ പദ്ധതികള്‍ക്ക് പ്രോത്സാഹനമേകാന്‍ പാക്കേജ് ഉപകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫ്ളൈ ഓവര്‍ നിര്‍മാണത്തിനുള്ള നാല് സ്ഥലങ്ങളും ഉദ്യോഗസ്ഥ സംഘം പരിശോധിച്ച ശേഷമാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ജനകീയ പങ്കാളിത്തത്തോടെ ഫ്ളൈ ഓവര്‍ അനുബന്ധ സ്ഥലങ്ങളുടെ വികസനം കൂടി ഉറപ്പാക്കും വിധമാണ് രൂപരേഖ തയാറാക്കുകയെന്നു മന്ത്രി പറഞ്ഞു. ദേശീയപാതാ വികസനവും ഫ്ളൈ ഓവര്‍ നിര്‍മാണവും ബിഒടി അടിസ്ഥാനത്തിലാണ് ദേശവ്യാപകമായി നടന്നുവരുന്നത്. ഹൈദരാബാദ്, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ടോള്‍ പിരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള ടോള്‍ പിരിവ് പ്രായോഗികമല്ല.

സിയാലുള്‍പ്പെടെ പല വികസന മാതൃകകളും നമുക്കു മുന്നിലുണ്ട്. അതിനാല്‍ ജനപ്രതിനിധികളും സ്ഥലമുടമകളും നഗരസഭയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കൈകോര്‍ത്തുള്ള സംരംഭമായി നിര്‍ദ്ദിഷ്ട ഫ്ളൈ ഓവര്‍ പദ്ധതി പ്രായോഗിക തലത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ.വി.തോമസ് പറഞ്ഞു.

നാഷണല്‍ ഹൈവേ അഥോറിറ്റി പ്രൊജക്റ്റ് ഡയറക്റ്റര്‍ സി.ടി. എബ്രഹാം, ഉപരിതല ഗതാഗത മന്ത്രാലയം എക്സി. എന്‍ജിനീയര്‍ എസ്. ബാബു, മരാമത്ത് എന്‍എച്ച് വിഭാഗം ചീഫ് എഞ്ചിനീയര്‍ ജോസഫ് മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Rate This News :
Latest News