രണ്ടു പാലങ്ങളുടെ ഉദ്ഘാടനം ഇന്ന്
Published : Saturday,
February 04,
2012
വെണ്ടുരുത്തി വിക്രാന്ത് പാലവും ഇടപ്പള്ളി മേല്‍പ്പാലവും ഇന്നു തുറക്കും
കൊച്ചി
നഗര വികസനത്തിന് ആക്കംകൂട്ടുന്ന രണ്ടു പാലങ്ങളുടെ ഉദ്ഘാടനം ഇന്ന്. പശ്ചിമകൊച്ചിയിലേക്കുള്ള യാത്ര സുഗമമാക്കുന്ന വെണ്ടുരുത്തി - വിക്രാന്ത് പാലവും ഇടപ്പള്ളി റെയ്ല്‍വേ മേല്‍പ്പാലവുമാണ് ഇന്നു തുറന്നുകൊടുക്കുന്നത്.
നേവിയുടെ സഹകരണത്തോടെയാണു വെണ്ടുരുത്തി വിക്രാന്ത് പാലം തുറന്നുകൊടുക്കുന്നത്. 36 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കിയിരിക്കുന്നത്. 2005ല്‍ മണ്ണുമാന്തിക്കപ്പല്‍ പഴയ പാലത്തിന്‍റെ തൂണില്‍ ഇടിച്ചതോടെ ഗതാഗത യോഗ്യമല്ലാതായ പാലം അന്നത്തെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെയും ഡൊമിനിക് പ്രസന്‍റേഷന്‍റെയും നേതൃത്വത്തില്‍ പുതുക്കിപ്പണിയാന്‍ നിശ്ചയിക്കുകയായിരുന്നു. പൊതുമരാമത്തു വകുപ്പ്, നേവി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ സംയുക്ത സംരംഭം എന്ന നിലയിലാണു പാലം വിഭാവനം ചെയ്തതെങ്കിലും പോര്‍ട്ട് ട്രസ്റ്റ് നിര്‍മാണത്തില്‍നിന്നു പിന്നീടു പിന്മാറി. കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെയാണു പണി പൂര്‍ത്തിയാക്കിയത്. 12 കോടി രൂപയാണു നേവിയുടെ വിഹിതം.
കാല്‍ നൂറ്റാണ്ടിനുമേലുള്ള ജനങ്ങളുടെ സ്വപ്നമാണ് ഇടപ്പള്ളി റെയ്ല്‍വേ ഓവര്‍ ബ്രിഡ്ജ്. 2004ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചുവെങ്കിലും പല കാരണങ്ങളാല്‍ പദ്ധതി വൈകി. ആദ്യം പണി ഏറ്റെടുത്ത കായിക്കര കണ്‍സ്ട്രക്ഷന്‍സ് നിര്‍മാണത്തില്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്നു കരാര്‍ റദ്ദാക്കിയിരുന്നു.
18 കോടി രൂപയ്ക്കായിരുന്നു ആദ്യ കോണ്‍ട്രാക്റ്റ് എങ്കിലും പിന്നീട് അടങ്കല്‍ത്തുക 36.13 കോടി രൂപയാക്കി വര്‍ധിപ്പിച്ചു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അംഗീകരിച്ചു. പണികള്‍ പുതിയ കോണ്‍ട്രാക്റ്ററെ ഏല്‍പ്പിച്ചാണു ജോലികള്‍ പൂര്‍ത്തിയാക്കിയത്.കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി വെണ്ടുരുത്തി - വിക്രാന്ത് പാലത്തിന്‍റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപ്പള്ളി മേല്‍പ്പാലത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കും.
Close...
Maximum Character Allowed -
4000