കൗണ്‍സില്‍ അടിച്ചുപിരിഞ്ഞു
Published : Saturday,
February 04,
2012
തൃശൂര്‍
കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ലാലൂര്‍ വിഷയം സജീവ ചര്‍ച്ചയായി. ചര്‍ച്ചകളില്‍ പതിവു പോലെ പുതിയ ആശയങ്ങളും ഉയര്‍ന്നു. എന്നാല്‍ ഭരണപക്ഷം പ്രഖ്യാപനം നടത്തിയും പ്രതിപക്ഷം ഇറങ്ങിപ്പോയും കൗണ്‍സില്‍ യോഗം പ്രഹസനമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്തു മാലിന്യമല കത്തി വിഷപ്പുക ശ്വസിച്ച് ആശുപത്രിയിലായവര്‍ ഇനിയും ആശുപത്രി വിട്ടിട്ടില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലായിരുന്നു ഇന്നലെ കൗണ്‍സില്‍ യോഗം നടന്നത്.
ചര്‍ച്ച ചെയ്യാന്‍ പതിവു പോലെ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിച്ചു. ലാലൂര്‍ നിവാസികളുടെ ദുരിതത്തെ സംബന്ധിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആദ്യപ്രസംഗം. ലാലൂരിലെ മാലിന്യത്തിനു തീപിടിച്ചപ്പോള്‍ അണയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും കോര്‍പ്പറേഷന്‍ ഭരണസമിതി ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് പി.എ. പുരുഷോത്തമന്‍ പറഞ്ഞു. തുടര്‍ന്നു വന്ന യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ലാലൂര്‍ പ്രശ്നം പരിഹരിക്കണമെന്നു ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ ലാലൂരിലെ ജനങ്ങള്‍ക്കു നല്‍കിയ സഹായങ്ങളുടെ പട്ടിക നിരത്തി ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ഒടുവില്‍ പരസ്പരം പഴിചാരിയായി ചര്‍ച്ച. ലാലൂര്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നു മേയര്‍ പ്രഖ്യാപനം നടത്തി. ഭക്ഷണത്തിനു പിരിയാന്‍ തീരുമാനിച്ചു സഭ പിരിച്ചു വിടാന്‍ സമയത്തു പ്രതിപക്ഷ നേതാവ് ലാലൂര്‍ പ്രശ്നം വീണ്ടും ഉന്നയിച്ചു. പ്രതിപക്ഷം പ്രതിഷേധമെന്നോണം സഭയില്‍ നിന്നിറങ്ങിപ്പോയി.
കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു. ലാലൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ കൗണ്‍സിലില്‍ നടന്ന ചര്‍ച്ച തികച്ചും പ്രഹസനമായി. ലാലൂര്‍ മാലിന്യമല കത്തിച്ചതു സംബന്ധിച്ച ദുരൂഹതയായിലേക്കായിരുന്നു ഇരുപക്ഷത്തിന്‍റെയും ചര്‍ച്ച ചെന്നെത്തിയത്. ഇരുപതു വര്‍ഷമായി പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്നം ഒരു വര്‍ഷം കൊണ്ടു നടത്തണമെന്നു വാശി പിടിക്കരുതെന്നു മേയര്‍ ഐ.പി. പോള്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു.
പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങളെല്ലാം ഉണ്ടായില്ലാ വെടിയായതോടെ യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഒല്ലൂര്‍ വിഷയത്തില്‍ തര്‍ക്കം തുടങ്ങി. ഒല്ലൂര്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ ഒല്ലൂര്‍ മാലിന്യപ്രശ്നം ഉന്നയിച്ചപ്പോഴേക്കും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ എതിര്‍ക്കാന്‍ ചാടി വീണു. ആദ്യം ലാലൂര്‍ പ്രശ്നം അതു കഴിഞ്ഞു മതി ഒല്ലൂര്‍ എന്നു പറഞ്ഞായിരുന്നു പ്രതിഷേധം. തുടര്‍ന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം തുടര്‍ന്നു. ഒല്ലൂര്‍ പ്രശ്നത്തില്‍ ഒരു കൗണ്‍സിലര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ആരോപിച്ചു പി.യു. ഹംസ പ്രസംഗം തുടങ്ങിയപ്പോഴേക്കും ജോണ്‍ കാഞ്ഞിരത്തിങ്കല്‍ പ്രതിഷേധിച്ചു സീറ്റില്‍ നിന്നും എഴുന്നേറ്റു.
തുടര്‍ന്നു ജോണ്‍ കാഞ്ഞിരത്തിങ്കലിന്‍റെ ഒല്ലൂര്‍ പ്രശ്നം ഉന്നയിക്കുന്നതു തടയാനായിരുന്നു ഒരു കൂട്ടം യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ശ്രമം. ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസന്‍ മാത്രമാണു കാര്യക്ഷമമായ ഇടപെടല്‍ നടത്തിയത്. ലാലൂര്‍ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനു 52 കൗണ്‍സിലര്‍മാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ലാലൂരിലെ 22000 ലോഡ് മാലിന്യം പെട്ടെന്നു മാറ്റാന്‍ സാധിക്കില്ല. മാലിന്യമല കത്തിയതു പോലെയുള്ള അത്യാഹിതങ്ങള്‍ വന്നാല്‍ തടയാന്‍ തൃശൂരില്‍ ഒരു ഡിസാസ്റ്റര്‍ മാനെജ്മെന്‍റ് ടീമിന്‍റെ ആവശ്യകതയും സി.എസ്. ശ്രീനിവാസന്‍ ഉന്നയിച്ചു. ലാലൂര്‍ മാലിന്യമല നീക്കാന്‍ സാധിക്കില്ലെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
ഒല്ലൂരിലെ പനംകുറ്റിച്ചിറയിലെ സ്ഥലം കോര്‍പ്പറേഷന്‍റേതാണ്. ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ മാത്രമേ വെറ്ററിനറി കോളെജ് വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനായി സ്ഥലം നല്‍കൂ.
എന്തു പ്രതിഷേധം വന്നാലും പനംകുറ്റിച്ചിറയില്‍ മാലിന്യനിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000