Wednesday, May 23, 2012   11:43 PM IST
Vaartha BlogRSS
Loading
മലപ്പുറം: 70 കോടിയുടെ പദ്ധതി
Published : Saturday, February 04, 2012
|
  
Text Size
മലപ്പുറം

മലപ്പുറം നഗരസഭയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 70 കോടിയുടെ പദ്ധതിക്കു കൗണ്‍സില്‍ അംഗീകാരം. നഗരസഭാ പരിധിയിലെ കുടിവെള്ള വിതരണം, ഖരമാലിന്യ നിര്‍മാര്‍ജനം, ഡ്രെയ്നേജ് സിസ്റ്റം എന്നീ മേഖലകളിലെ വികസനത്തിനാണു പതിനൊന്നാം പഞ്ചവല്‍സര പദ്ധതി പ്രകാരം പ്രൊജക്റ്റ് തയാറാക്കിയിരിക്കുന്നത്.

പഞ്ചവത്സര പദ്ധതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കായി അനുവദിച്ച തുക ഉപയോഗിച്ചാണു പദ്ധതികള്‍ നടപ്പിലാക്കുക. 12-ാം പഞ്ചവത്സര പദ്ധതി ആരംഭിച്ച സാഹചര്യത്തില്‍ മുന്‍വര്‍ഷത്തെ ഫണ്ടില്‍ വിനിയോഗിക്കപ്പെടാതെ കിടക്കുന്ന തുകയാണ് ഇതിനുവേണ്ടി ലഭിച്ചത്.

കുടിവെള്ള പദ്ധതിക്ക് 25 കോടിയും, ഡ്രെയ്നേജ് പദ്ധതിക്ക് 30 കോടിയും, ഖരമാലിന്യ നിര്‍മാര്‍ജനത്തിന് 14.55 കോടിയുടെയും പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ഇതില്‍ കുടിവെള്ളം, ഡ്രെയ്നേജ് പദ്ധതികളുടെ പ്രൊജക്റ്റ് വാട്ടര്‍ അതോറിറ്റിയും ഖരമാലിന്യ സംസ്കരണ പദ്ധതി പ്രൊജക്റ്റ് സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനുമാണ് തയാറാക്കിയിട്ടുള്ളത്.

നിലവില്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്ന 19.5 കോടിയുടെ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് 25 കോടിയുടെ പദ്ധതി ആരംഭിക്കുക. പദ്ധതി പ്രകാരം കാരാത്തോട്ടില്‍ മൂന്നുകോടി ചെലവില്‍ ഒരു ചെക്ക് ഡാം സ്ഥാപിക്കും.

ഇതിനോടനുബന്ധമായി പമ്പ് ഹൗസ് സ്ഥാപിച്ച് ഭൂദാനം കോളനിയിലെ പുളിയേറ്റുമലില്‍ സ്ഥാപിക്കുന്ന ടാങ്കിലേക്ക് വെള്ളമെത്തിക്കും. ഇവിടെ നിന്നായിരിക്കും വെള്ളം വിതരണം ചെയ്യുക. ജലം ശുദ്ധീകരിക്കാനായി രണ്ടുകോടി ചെലവില്‍ ഫില്‍ട്ടറിങ് യൂണിറ്റും സ്ഥാപിക്കും. പമ്പ് ഹൗസില്‍ രണ്ടുകോടി ചെലവില്‍ റോ വാട്ടര്‍ പമ്പിംഗ് സെറ്റും സ്ഥാപിക്കും. ശുദ്ധീകരിക്കുന്ന വെള്ളം 20 ബോട്ടിലുകളാക്കി കുടുംബശ്രീ വഴി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്താനും പദ്ധതിയുണ്ട്.

ഖരമാലിന്യ സംസ്കരണ പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ വീടുകളിലും മാര്‍ക്കറ്റുകളിലും വിദ്യാലയങ്ങളിലുമായി 5000 ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കും. ബാക്കി വരുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ എത്തിച്ചു സംസ്കരിക്കും.

ഇതിനായി കുടുംബശ്രീയുടെ രണ്ടേക്കറും വ്യവസായ എസ്റ്റേറ്റിന്‍റെ അഞ്ചേക്കറും അടങ്ങുന്ന ഏഴേക്കര്‍ സ്ഥലം കൂടി വാങ്ങും. സംസ്കരിക്കുന്നതിനായി ആധുനിക യന്ത്രങ്ങളും വാങ്ങും.

നഗരത്തിലെ അഴുക്കുചാലുകളിലെ വെള്ളം വലിയവരമ്പില്‍ സ്ഥാപിക്കുന്ന ട്രീറ്റ്മെന്‍റ് പ്ലാന്‍റിലെത്തിച്ച് ഇവിടെ നിന്നു സംസ്കരിച്ച് പുഴയിലേക്കു വിടാനാണ് പദ്ധതി. നഗരത്തിലെ മാലിന്യം മുഴുവന്‍ ചെന്നെത്തുന്ന വലിയവരമ്പില്‍ ഫില്‍റ്റര്‍ പ്ലാന്‍റ് വരുന്നതോടെ കടലുണ്ടിപുഴയില്‍ മലിനജലം കലരുന്നത് ഇല്ലാതാകും. 30 കോടിയാണ് ഈ പദ്ധതിക്ക് ചെലവ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം നേടിയാല്‍ മാത്രമേ പ്രൊജക്റ്റ് നടപ്പാക്കാനാകൂ. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരിന് പ്രൊജക്റ്റ് സമര്‍പ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. നഗരസഭാ പരിധിയിലെ കച്ചവടസ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസ് പുതുക്കി നിശ്ചയിക്കുന്നതിനും കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതിനായി പ്രത്യേക കമ്മറ്റിയെ നിശ്ചയിച്ചു. ചെയര്‍മാന്‍, വൈസ് ചെയര്‍പെഴ്സണ്‍, സെക്രട്ടറി, സ്ഥിരസമിതി ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്നതാണ് ഈ കമ്മറ്റി. നഗരസഭാ യോഗത്തില്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
Rate This News :
Latest News