നമുക്കെന്തോ വലിയ രോഗം...!
Published : Sunday,
February 05,
2012
ബൈജു ഗോവിന്ദ്
ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് ജോസ് ക്രിസ്റ്റെന്‍റെ പിറന്നാള്‍. അതിനു മുമ്പ് ചിന്നുവിനെ നേരില്‍ കാണുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നില്ല. വരാന്തയുടെ അങ്ങേയറ്റത്ത് ജനലഴികളില്‍ ചാരി നില്‍ക്കുകയായിരുന്നു ചിന്നു. വാതില്‍ക്കല്‍ നിന്ന് ജോസ് കൈവീശിക്കാണിച്ചത് അവള്‍ കണ്ടില്ല. കസേരകള്‍ക്കിടയിലൂടെ ജോസ് അവളുടെ അടുത്തേയ്ക്കു നടന്നു. മൊട്ടത്തലയും കണ്ണടയുമായി അവനെ കണ്ടപ്പോള്‍ ചിന്നുവിന്‍റെ മുഖത്ത് അമ്പരപ്പ്. കുറേക്കാലത്തിനു ശേഷം ഒത്തുകൂടിയ കൂട്ടുകാരെപ്പോലെ അവര്‍ ചിരിച്ചു, കൈകള്‍ കോര്‍ത്തു പിടിച്ചു... ഒരുനിമിഷം, സദസും വേദിയും നിശബ്ദമായി. വേദന കടിച്ചമര്‍ത്തി സ്വന്തം രോഗംപോലും മറന്ന് കസേരകളിലിരുന്നവരുടെ മിഴികള്‍ നിറഞ്ഞു. എല്ലാവരും തെരയുകയായിരുന്നു ഡോക്റ്റര്‍ വി.പി. ഗംഗാധരനെ. എല്ലാം ശരിയാകും എന്ന് എല്ലാവരോടും പറയുന്നതുപോലെയുള്ള ചിരിയുമായി ആളുകള്‍ക്കിടയിലേക്ക് അപ്പോള്‍ കടന്നു വന്നു ക്യാന്‍സറിനെ തലോടിയുറക്കുന്ന ആ ഭിഷഗ്വരന്‍. ലോകം മുഴുവന്‍ സുഖം പകരാന്‍ ഈ സ്നേഹ ദീപം എന്നും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ഥനയിലായിരുന്നു അവിടെക്കൂടിയ എല്ലാവരും.
ഞാന്‍ രാവിലെയെത്തി. നീ എപ്പോഴാ വന്നേ....? ക്യാന്‍സര്‍ രോഗികള്‍ക്കിടയിലിരുന്നു ജോസും ചിന്നുവും വിശേഷം പറഞ്ഞു തുടങ്ങി. അര്‍ബുദം ബാധിച്ചവരും രോഗം ഭേദമായവരുമാണ് ചുറ്റിലുമിരിക്കുന്നതെന്ന ഓര്‍മപ്പെടുത്തല്‍ ജോസിനെ ദേഷ്യപ്പെടുത്തി. ഞങ്ങളും രോഗികളായിരുന്നു. ദുഃഖിച്ചിരുന്നാല്‍ ക്യാന്‍സര്‍ ഭേദമാകില്ല. മരുന്നു കഴിക്കുക. വേദന മറക്കുക... മുറിവിന്‍റെ വേദനയല്ല പ്രശ്നം. അടുത്തു വന്ന് സ്നേഹത്തോടെ കരയുന്നതു കാണുമ്പോഴാണ് സങ്കടം തോന്നുക. നമുക്കെന്തോ വലിയ രോഗം വന്നതുപോലെ...! പതിമൂന്നു വയസുകാരനോട് അത്രനേരമുണ്ടായിരുന്ന വാത്സല്യം ബഹുമാനത്തിലേക്കു മാറാന്‍ ഈ വാക്കുകള്‍ മതിയല്ലോ. കോട്ടയത്തു നിന്ന് ഇന്നു രാവിലെ ഇവിടെ വന്നത് എന്‍റെ അനുഭവം എല്ലാവരോടും പറയാനാണ് എന്നു ജോസ് പറയുമ്പോള്‍ ചുറ്റുമുള്ളവരുടെയെല്ലാം ശ്രദ്ധ അവനിലായിരുന്നു.
നിങ്ങള്‍ കേള്‍ക്കണം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഇരുപത്തിരണ്ടിന് എന്‍റെ പിറന്നാള്‍ ദിവസമാണ് ബോണ്‍മാരോയുടെ റിസല്‍റ്റ് വന്നത്. മെഡിക്കല്‍ കോളെജില്‍ പോകുമ്പോള്‍ പപ്പയും മമ്മിയും കൂടെയുണ്ടായിരുന്നു. കഴുത്തിലും കാലിലും മുഴയ്ക്കു കാരണം ലിംഫോമയാണെന്നു ഡോക്റ്റര്‍ പറഞ്ഞപ്പോള്‍ എനിക്ക് മനസിലായില്ല. ബയോപ്സിയെടുത്തപ്പോള്‍ രോഗം സ്ഥിരീകരിച്ചു. അപ്പോഴൊന്നും രോഗമെന്തെന്നതിനെക്കുറിച്ച് എനിക്കൊരു ഐഡിയയും കിട്ടിയില്ല. ലിംഫോമ ഒരിനം ക്യാന്‍സറാണെന്നു പിന്നീടാണ് മനസിലായത്....
പതിമൂന്നു വയസുള്ള ഒരു കുട്ടി ക്യാന്‍സര്‍ രോഗത്തെക്കുറിച്ചു പറയുന്നത് അന്തം വിട്ടുകേട്ടിരിക്കുകയാണ് ചുറ്റുമുള്ളവര്‍. അതിനു മുന്നില്‍ തങ്ങളുടെ രോഗം ഒന്നുമല്ലാതായതുപോലെ അവര്‍ കേട്ടിരുന്നു...
എറണാകുളത്തായിരുന്നു ചികിത്സ. എന്‍റെ രോഗത്തെക്കുറിച്ചും അതിന്‍റെ സീരിയസ്നെസിനെക്കുറിച്ചുമൊക്കെ ഡോക്റ്റര്‍ പറഞ്ഞു തന്നു. ആറേഴു ലക്ഷം രൂപയാകും ചികിത്സയ്ക്കെന്നു പറഞ്ഞപ്പോഴാണ് ചെറിയൊരു പേടി തോന്നിയത്... എന്തായാലും അതൊക്കെ കഴിഞ്ഞു. നോക്കൂ, ഇപ്പോള്‍ ഞാന്‍ ഉഷാറല്ലേ... ജോസിന്‍റെ ചോദ്യത്തിനു ചിന്നുവിന്‍റെ ചിരിയായിരുന്നു മറുപടി. പറയാന്‍ മറന്നു, ചിന്നുവിനെ അവിടെ വച്ചാണ് പരിചയപ്പെട്ടത്. ഞങ്ങള്‍ക്ക് ഒരേ സമയത്തായിരുന്നു ട്രീറ്റ്മെന്‍റ്. അവളുടെ പപ്പയും മമ്മിയേയുമൊക്കെ എനിക്കറിയാം... വാതോരാതെ സംസാരിക്കുന്ന ജോസിന്‍റെ തൊട്ടുപുറകില്‍ നില്‍ക്കുന്നുണ്ടായിരുന്നു ചിന്നുവിന്‍റെ അച്ഛനും അമ്മ യും. എഴാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കു ക്യാന്‍സറാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ആ അച്ഛന്‍ ആദ്യം ഒന്നു പതറി. പിന്നെ ചികിത്സ തുടങ്ങിയതോടെ പ്രതീക്ഷയും വളര്‍ന്നു. മകളുടെ ജീവന്‍ തിരിച്ചു കിട്ടിയതിന് നന്ദിയുണ്ട്, ദൈവത്തോടും ഡോക്റ്റര്‍ ഗംഗാധരനോടും...
ജോസിനെപ്പോലെ, ചിന്നുവിനെപ്പോലെയുള്ള കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കാന്‍ ഏതു രോഗത്തിനു സാധിക്കും...? അര്‍ബുദത്തിനു ചികിത്സ നേടുന്നവരും രോഗം ഭേദമായവരുമൊക്കെ ഈ കുഞ്ഞുങ്ങളെ കാണുമ്പോള്‍ മനസിലാക്കി ആ വാസ്തവം. ക്യാന്‍സറും പരാജയപ്പെടും. എറണാകുളം ലയണ്‍സ് ക്ലബ്ബ് കമ്യൂണിറ്റി ഹാളില്‍ വേള്‍ഡ് ക്യാന്‍സര്‍ ഡേയില്‍ ഒത്തുകൂടിയ അര്‍ബുദ രോഗികള്‍ അത് ഇന്നലെ തിരിച്ചറിഞ്ഞു. കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയും വൈറ്റില വെല്‍കെയര്‍ ഹോസ്പിറ്റലും ചേര്‍ന്നാണ് അതിന് അവസരമൊരുക്കിയത്. ഈ അനുഭവങ്ങള്‍ കേള്‍ക്കാനും അവര്‍ക്കൊപ്പം കുറച്ചു സമയം ചെലവിടാനും നടന്‍ ജയസൂര്യയും എത്തി.
മരണത്തിനു മുന്നില്‍ നിന്നു രക്ഷപെട്ടവര്‍ അനുഭവങ്ങള്‍ പറയട്ടെ. ചികിത്സയിലുള്ളവര്‍ക്ക് അതു പ്രചോദനമാകട്ടെ... എല്ലാ വര്‍ഷവും ആഗോള ക്യാന്‍സര്‍ ദിനത്തില്‍ അര്‍ബുദ രോഗികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത് അതിനാണെന്നു പറയുന്നു ഡോ. വി. പി. ഗംഗാധരന്‍. അദ്ദേഹം പറയുന്ന ഓരോ വാക്കുകളും ഗുളികയുടെ ചവര്‍പ്പില്ലാതെ, മരുന്നിന്‍റെ ഗന്ധമില്ലാതെ അതേപടി അനുസരിക്കുന്നു ആയിരക്കണക്കിനാളുകള്‍. വീണക്കമ്പികളില്‍ വിരല്‍തൊടുമ്പോള്‍ സംഗീതം പൊഴിയുന്നതുപോലെ ഗംഗാധരന്‍ ഡോക്റ്റര്‍ തലോടുമ്പോള്‍ രോഗം തനിയെ ഇല്ലാതാകുമെന്നു പറഞ്ഞു ഒരു മുത്തശി. ദൈവം മനുഷ്യനായി അവതരിച്ചതാണെന്നു പറഞ്ഞു ചിന്നു. നേരില്‍ കാണുന്ന ഈശ്വ രനാണ് ഇതെന്നു പറഞ്ഞു ജോസ് ക്രിസ്റ്റന്‍... പാട്ടു പാടിയപ്പോള്‍ അവര്‍ കേട്ടിരുന്നു. നൃത്തം അവതരിപ്പിച്ചപ്പോള്‍ കണ്ടിരുന്നു. രോഗത്തിന്‍റെ വേദനയും അസുഖം ഭേദമായതിന്‍റെ സന്തോഷവും പങ്കുവച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് യാത്ര ചൊല്ലിപ്പിരിയുന്നതുവരെ അവരെല്ലാവരും മറന്നുപോയിരുന്നു ജീവനെ വരിഞ്ഞു മുറുക്കിയ ക്യാന്‍സറിനെ.
Close...
Maximum Character Allowed -
4000