Wednesday, May 23, 2012   11:49 PM IST
Vaartha BlogRSS
Loading
പഠിക്കാന്‍ പദ്മ... പദ്മ മാത്രം...
Published : Sunday, February 05, 2012
|
  
Text Size
ആദ്യത്തെ കണ്‍മണി ആണായിരിക്കണം... എന്നു മാത്രമേയുള്ളൂ രാജസ്ഥാനില്‍ പാട്ട്. ഒരു കണ്‍മണി പെണ്ണായിക്കണം... അവള്‍ അമ്മയെപ്പോലെയിരിക്കണം... അമ്പിളി പോലെ ചിരിക്കണം... എന്നൊ ന്നും അവിടെയാരും പാടില്ല. ഇന്ത്യയിലെ റോയല്‍ സ്റ്റേറ്റിലെ പെണ്‍പിറവികള്‍ ഭാഗ്യജാതകങ്ങളല്ല എന്നര്‍ഥം. രാജസ്ഥാനിലെ ജയ്സാല്‍മീറിനടുത്ത് ദേവ്ദ എന്ന ഗ്രാമം. പേരില്‍ മാത്രമേ ദേവ്ദയുള്ളൂ. ഗ്രാമത്തില്‍ മുഴുവന്‍ ദേവന്മാരാണ്. വിചിത്രമായ ഗ്രാമം. ഈ ഗ്രാമത്തിലെ സ്കൂളില്‍ ഇരുപത്തിരണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു പെണ്‍കുട്ടി പഠിക്കുന്നതാണ് ഇപ്പോള്‍ വലിയ വാര്‍ത്ത. കഴിഞ്ഞ വര്‍ഷം ഇതു പോലൊരു ഫെബ്രുവരി മാസത്തില്‍ ഈ ഗ്രാമത്തെക്കുറിച്ചു വന്ന മറ്റൊരു വാര്‍ത്ത ഓര്‍ക്കുന്നുണ്ടെങ്കില്‍ ഇതൊരു പുതുമയല്ല. അന്ന് ഒരു വിവാഹത്തിന്‍റെ കവറേജിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വന്നു. ഈ ഗ്രാമത്തില്‍ നിന്ന് ഏറെക്കാലത്തിനു ശേഷം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയയ്ക്കുന്നു എന്നതായിരുന്നു ആ വിശേഷം. ശകുന്‍ കന്‍വാര്‍ എന്ന പെണ്‍കുട്ടിയായിരുന്നു ആ ഭാഗ്യവതി.

ഇപ്പോള്‍ ദേവ്ദയിലെ സ്കൂളില്‍ പ്രെസന്‍റ് സാര്‍... എന്ന് ഒരേയൊരു പെണ്‍മൊഴി. അത് പദ്മ കന്‍വാര്‍ ഭാട്ടി. ഗ്രാമ ത്തില്‍ ആകെയുള്ളതു നാലോ അഞ്ചോ പെണ്‍കുട്ടികള്‍ മാത്രം. അവരെയെല്ലാവരേയും ഒരിക്കല്‍പ്പോലും നേരില്‍ കാണാന്‍ അവസരം കിട്ടാറുമില്ല. ദേവ്വദയില്‍ പെണ്‍കുട്ടികളില്ലാതായത് എന്തുകൊണ്ടാ ണെന്ന് പദ്മയക്കറിയില്ല. ഥാര്‍ മരുഭൂമിയോടു ചേര്‍ന്നു കിടക്കു ന്ന ഈ ഗ്രാമത്തില്‍ പെണ്‍പിറവികള്‍ക്ക് ഇത്ര വരള്‍ച്ചയെന്ത്? അറിയില്ല പദ്മയ്ക്ക്. രാജസ്ഥാനിലെ പ്രാദേശിക ഭാഷയായ മാര്‍വാറിയില്‍ അവള്‍ പറയും, പെണ്‍കുട്ടികള്‍ മരിച്ചു പോകു ന്നു. ഈ പതിനഞ്ചുകാരിക്ക് അത്രയേ അറിയൂ.

പെണ്‍കുട്ടികള്‍ മരിക്കുന്ന തോ അതോ കൊല്ലുന്നതോ? രാജന്‍ സിഘ്വി എന്ന കര്‍ഷകന്‍ ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ രജപുത്ര പരമ്പരയാണ്. അവരുടെ പോരാട്ട വീര്യത്തില്‍ ഇപ്പോഴും അഭിമാനിക്കുന്നവര്‍. ആണ്‍കുട്ടികള്‍ ജനിച്ചാല്‍ വീടുകളില്‍ ആഘോഷമാണ്. പെണ്‍കുട്ടികളാണെങ്കില്‍ മരണവീടിന്‍റെ പ്രതീതി. എല്ലാവരും ചേര്‍ന്ന് അലമുറയിട്ടു കരയും.

മരണവീടു പോലെയല്ല. പെണ്‍കുഞ്ഞ് ജനിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒരു വീട് മരണവീടാകും. അമ്മയോ ആയയോ കുഞ്ഞിന്‍റെ ജീവനെടുക്കും. ശ്വാസം മുട്ടിച്ചു കൊല്ലുമെന്നാണു പറഞ്ഞു കേട്ടിട്ടുള്ള ത്. ഒരു ആചാരം പോലെ അതു തുടരുന്നു. ഇനി വല്ല വിധേനയും രക്ഷപെട്ടാലും പെണ്‍കുട്ടിയുടെ ജീവിതം ദുരിതം തന്നെയായിരുന്നു. മുലയൂട്ടാന്‍ അമ്മമാര്‍ തയാറാവില്ല.

പെണ്‍കുഞ്ഞുങ്ങളെ ഇത്രയധികം വെറുക്കാന്‍ കാരണമെന്ത്....?സാമൂഹ്യ പ്രവര്‍ത്തകനായ ഉമാശങ്കര്‍ ത്യാഗി ചരിത്രത്തിലേയ്ക്കാണ് കൊണ്ടു പോകുന്നത്. രജപുത്ര രാജാക്കന്മാരുടെ കാലത്ത് സമൂഹത്തില്‍ അന്തസും അഭിമാനവും ഐശ്വര്യവുമായിരുന്നു സ്ത്രീകള്‍. വൈദേശിക ആക്രമണകാരികള്‍ രാജസ്ഥാന്‍ ആക്രമിച്ചതോടെ രജപുത്ര സ്ത്രീകള്‍ തടവുകാരായി. അവരില്‍ ഏറെപ്പേരും മാനഭംഗം ചെയ്യപ്പെട്ടു. മാനഭംഗത്തിന് ഇരയായ സ്ത്രീകള്‍ കുടുംബത്തിന്‍റെ ദുഃശകുനമായി കരുതി രജപുത്രവംശത്തിലെ ജനങ്ങള്‍. മാനഭംഗം ചെയ്യപ്പെടാന്‍ വീട്ടില്‍ പെണ്ണുങ്ങളുണ്ടാകരുതെന്ന് രജപുത്രന്മാര്‍ തീരുമാനിച്ചു. യുദ്ധം ചെയ്യാന്‍ ആണുങ്ങള്‍ മാത്രം മതി കുടുംബങ്ങളിലെന്ന് ഓരോ തലമുറയും പരസ്പരം പഠിപ്പിച്ചു. രാജഭരണം മാറിയിട്ടും ഈ സമൂഹം പെണ്‍പിറവികളെ ഭയക്കുന്നു.

വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ മക്കളെ വളര്‍ത്താന്‍ തയാറായി. പക്ഷേ, ആചാര പ്രകാരം വിവാഹം കഴിച്ചയയ്ക്കുമ്പോള്‍ മകള്‍ക്ക് വീടും സ്ത്രീധനവും നല്‍കേണ്ടി വന്നപ്പോള്‍ കര്‍ഷകരായ രാജസ്ഥാനികള്‍ക്ക് പെണ്‍കുട്ടികളെ വെറുക്കാന്‍ മറ്റൊരു കാരണംകൂടിയായി. ഭ്രൂണഹത്യകള്‍ പെരുകി. പ്രസവിച്ച വിവരമോ, പെണ്‍കുഞ്ഞ് മരിച്ച വിവരമോ ആരും അറിയുന്നില്ല. ആര്‍ക്കും പരാതിയില്ല. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ കരഞ്ഞില്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് മരണ വാര്‍ത്ത അറിയുക...? ജയ്സാല്‍മീറിലെ വനിതാ പൊലീസ് മേധാവി മമ്ത ബിഷ്ണോയ് ചോദിക്കുന്നു.

പദ്മയ്ക്കു സ്കൂളില്‍ പോകാന്‍ കഴിയുന്നത് ഭാഗ്യം. ബിമല ദേവിയ്ക്കു രണ്ടു പെണ്‍കുട്ടികളാണ്. രണ്ടു പേരെയും സ്കൂളില്‍ അയയ്ക്കുന്നില്ല. അവിടെ ആണുങ്ങളാണ് പഠിപ്പിക്കുന്നത്. എന്‍റെ മക്കള്‍ ആണുങ്ങളോടു സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, വിമല പറയുന്നു. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവര്‍ ഒരു സമൂഹത്തിന്‍റെ ഭാഗമാണ്. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെങ്കില്‍ മൂന്നു ദിവസത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ട സമൂഹത്തിന്‍റെ ഭാഗം...പണവും പൊന്നും പണ്ട വും മാത്രമല്ല ടെലിവിഷനും എയര്‍ കൂളറും മുതല്‍ കിടക്കവിരി വരെ കണക്കു പറഞ്ഞു വാങ്ങുന്ന ആണ്‍വീട്ടുകാര്‍ ഉള്‍പ്പെട്ട സമൂഹത്തിന്‍റെ ഭാഗം...

ബെല്ലടിച്ചു. പദ്മ ക്ലാസിലേക്കു പോകുന്നു. അവള്‍ പഠിക്കട്ടെ...അവളിലൂടെയെങ്കിലും ഈ ഗ്രാമം അതിന്‍റെ പേരിനോടു നീതി പുലര്‍ത്തട്ടെ...
Rate This News :
Latest News