ഇ- ടെന്‍ഡറിങ്ങിനു തുടക്കം
Published : Sunday,
February 05,
2012
കൊച്ചി
പൊതുമരാമത്തു വകുപ്പിലെ ചട്ടങ്ങളും നടപടിക്രമങ്ങളും സംസ്ഥാനത്തിന്‍റെ സാഹചര്യങ്ങള്‍ക്കിണങ്ങിയ രീതിയില്‍ കാലോചിതമായി പരിഷ്കരിക്കുമെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പിഡബ്ല്യുഡി മാന്വല്‍ പരിഷ്കരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെ, കോഡ്, ഡാറ്റാബുക്ക് എന്നിവ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു. പൊതുമരാമത്തു വകുപ്പില്‍ പ്രീ ക്വാളിഫിക്കെഷന്‍ വിഭാഗത്തില്‍ സമ്പൂര്‍ണ ഇ-ടെന്‍ഡറിങ് നടപ്പാക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രഹിത ഭരണമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാണ് ഇ-ടെന്‍ഡറിങ്. ടെന്‍ഡര്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനം വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിവേഗത്തില്‍ മുന്നോട്ടുകുതിക്കുന്ന സാങ്കേതികവിദ്യയ്ക്കൊപ്പമെത്താന്‍ കേരളത്തിനു കഴിയുന്നില്ലെന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. കെല്‍ട്രോണ്‍ അടക്കമുള്ള സ്ഥാപനങ്ങളിലൂട ഒരു കാലത്തു സാങ്കേതിക മേഖലയില്‍ ഏറെ മുന്നിലായിരുന്ന കേരളം ഇന്ന് ഏറെ പിന്നിലാണ്. കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളില്‍ ആധുനികീകരണം നടപ്പാക്കിയത് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. രണ്ടായിരത്തിലേറെ വരുന്ന ഫൂഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകള്‍ കംപ്യൂട്ടര്‍ ശൃംഘലയാല്‍ ബന്ധിതമാണ്. ധാന്യനഷ്ടം പരിഹരിക്കാന്‍ ഇതുമൂലം കഴിഞ്ഞതായാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്‍റേഷന്‍, അന്‍വര്‍ സാദത്ത്, ജില്ലാ കലക്റ്റര്‍ പി.ഐ. ഷെയ്ക് പരീത്, പൊതുമരാമത്തു വകുപ്പ് സെക്രട്ടറി മനോജ് ജോഷി, ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജ്, ദേശീയ പാത വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ. ജോസഫ് മാത്യു, കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, എന്‍ഐസി കേരള ഡയറക്റ്റര്‍ ഡോ. കെ. സന്താനരാമന്‍, കരാറുകാരുടെ സംഘടനാ പ്രതിനിധികളായ വര്‍ഗീസ് കണ്ണമ്പിള്ളി, കെ.എ. അബ്ദുള്ള, കെ.വി. ജോര്‍ജ്, പൊതുമരാമത്തു വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. ഹുമയൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000