Thursday, May 24, 2012   12:03 AM IST
Vaartha BlogRSS
Loading
പുഞ്ചിരിയോടെ ചിദംബരം
Published : Sunday, February 05, 2012
|
  
Text Size
ന്യൂഡല്‍ഹി

2ജി സ്പെക്ട്രം കേസില്‍ പ്രത്യേക സിബിഐ കോടതി വിധി അനുകൂലമായപ്പോള്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് ദിവസങ്ങള്‍ നീണ്ട സമ്മര്‍ദം നീങ്ങിയതിന്‍റെ സന്തോഷം. രാവിലെ വേണ്ടെന്നുവച്ച മധുര യാത്ര മുടക്കിയില്ല. വൈകിയെങ്കിലും പുറപ്പെട്ടു. തയാറാക്കിവച്ചിരുന്ന രാജിക്കത്ത് മാറ്റിവച്ചു.

കേസില്‍ ഇന്നലെത്തന്നെ വിധിയുണ്ടാകുമെന്ന് ഉറപ്പിച്ചതോടെ കടുത്ത സമ്മര്‍ദത്തിലായിരുന്നു ആഭ്യന്തര മന്ത്രി. 10.15ന് ഹര്‍ജിക്കാരന്‍ സുബ്രഹ്മണ്യന്‍ സ്വാമിയെയും അഭിഭാഷകരെയും വിളിപ്പിച്ച കോടതി മാധ്യമപ്രവര്‍ത്തകരെ വിലക്കിയതോടെ വിശ്വസ്തരോടു ചര്‍ച്ചകള്‍ തുടങ്ങി ചിദംബരം. മധുരയില്‍ മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉണ്ടെങ്കിലും യാത്ര മാറ്റി. വിധി പ്രതികൂലമായാല്‍ സ്ഥാനമൊഴിയാനും തീരുമാനിച്ചു ചിദംബരം. രാജി സന്നദ്ധത നേരത്തേ, കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, വിധി അനുകൂലമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ ചിദംബരം അനുകൂലികളുടെ തിരക്കായി വസതിക്കു മുന്നില്‍. വിധി തനിക്കനുകൂലമാകുമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും പ്രതികൂലമായാല്‍ രാജി നല്‍കുമായിരുന്നുവെന്നും മാത്രം പ്രതികരണം. വൈകാതെ മധുരയ്ക്കു പുറപ്പെടുകയും ചെയ്തു ആഭ്യന്തര മന്ത്രി.

വിധിയെ ചിദംബരത്തിന്‍റെ മണ്ഡലം ശിവഗംഗയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചാണു സ്വീകരിച്ചത്. ഡിസിസി അധ്യക്ഷന്‍ എം. രാജരത്നത്തിന്‍റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കാരൈക്കുടിയിലും വന്‍ പ്രകടനം നടന്നു.
Rate This News :
Latest News