പ്രക്ഷോഭം തുടരും: ബിജെപി
Published : Sunday,
February 05,
2012
ന്യൂഡല്‍ഹി
ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിയെങ്കിലും അദ്ദേഹത്തിനെതിരേ പ്രക്ഷോഭം തുടരുമെന്നു ബിജെപി. പ്രതിപക്ഷം മാപ്പു പറയണമെന്നു കോണ്‍ഗ്രസ്. ക്രിമിനല്‍ ഗൂഢാലോചനയില്ലെന്നു സിബിഐ. സര്‍ക്കാര്‍ നിലപാടു വിജയിച്ചുവെന്നു കേന്ദ്രം.
സ്പെക്ട്രം കേസിലെ വിധിയോടു പ്രതികരിക്കുകയായിരുന്നു വിവിധ കേന്ദ്രങ്ങള്‍.
കീഴ്ക്കോടതി വിധി മാത്രമാണിതെന്നും ഉയര്‍ന്ന കോടതികളുടെ വിധിക്കു വേണ്ടി കാത്തിരിക്കുമെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ്. 2ജി ഇടപാടിലെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ചിദംബരത്തിനാവില്ലെന്നും പ്രസാദ്. ഈ വിധി ഒന്നിന്‍റെയും അവസാനമല്ലെന്നാണ് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങിന്‍റെ പ്രതികരണം. കോടതിയില്‍ വിജയിച്ചെങ്കിലും ജനങ്ങള്‍ക്കു ചിദംബരത്തെക്കുറിച്ചുള്ള ധാരണ മാറ്റിയെടുക്കാനാവില്ലെന്നും അദ്ദേഹം.
എന്നാല്‍, ആഭ്യന്തര മന്ത്രിക്കെതിരേ അപവാദം പ്രചരിപ്പിച്ചതിനു ബിജെപിയുള്‍പ്പെടെ പ്രതിപക്ഷം മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിരുത്തരവാദികളായ ചിലരും പ്രതിപക്ഷവും ചേര്‍ന്ന് ദിവസങ്ങളോളും പാര്‍ലമെന്‍റ് തടസപ്പെടുത്തി. ടിവി ക്യാമറകള്‍ക്കു മുന്നില്‍ നാടകം കളിച്ചു. എല്ലാം കള്ളമായിരുന്നുവെന്നു തെളിഞ്ഞ സാഹചര്യത്തില്‍ ഇവര്‍ മാപ്പു പറയണം- കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ആവശ്യപ്പെട്ടു.
സ്പെക്ട്രം കേസില്‍ ധാര്‍മിക ഉത്തരവാദിത്വമുള്ളതിനാല്‍ സര്‍ക്കാരിന് ഖേദമുണ്ട്. അതിലപ്പുറം ഒരു പങ്കുമില്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നയം എന്‍ഡിഎ സര്‍ക്കാരിന്‍റേതാണെന്നു കോടതി വിലയിരുത്തിയെന്നും സിങ്വി.
ചിദംബരം ഗൂഢാലോചന നടത്തിയെന്നതിന് ഒരു തെളിവും കിട്ടിയില്ലെന്ന് സിബിഐ. കേസില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു. ആഭ്യന്തര മന്ത്രിയിലേക്കു വിരല്‍ചൂണ്ടുന്ന ഒരു രേഖയും ലഭിച്ചിട്ടില്ല- സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
സര്‍ക്കാരിന്‍റെ നിലപാടാണു വിജയിച്ചതെന്നു കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖര്‍ജി, അംബിക സോണി, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ പറഞ്ഞു. സന്തോഷമെന്നാണ് പ്രണബിന്‍റെ ആദ്യ പ്രതികരണം. ചിദംബരത്തിനെതിരേ പ്രണബ്, പ്രധാനമന്ത്രിക്കെഴുതിയ കത്ത് സുബ്രഹ്മണ്യന്‍ സ്വാമി തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു.
കോടതിയെ സ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാമനായിരുന്നു പ്രതിപക്ഷ ശ്രമമെന്നു കപില്‍ സിബല്‍ ആരോപിച്ചു. യുപിഎ സര്‍ക്കാരിലെ പ്രധാനിയെന്നു ചിദംബരത്തെ വിശേഷിപ്പിച്ച സല്‍മാന്‍ ഖുര്‍ഷിദ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു.
Close...
Maximum Character Allowed -
4000