Thursday, May 24, 2012   12:06 AM IST
Vaartha BlogRSS
Loading
കോണ്‍ഗ്രസില്‍ നിയന്ത്രണം
Published : Sunday, February 05, 2012
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രാദേശിക നേതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണ. . ഡിസിസി ഭാരവാഹികള്‍ക്കായിരിക്കും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല മുന്നറിയിപ്പു നിര്‍ദേശങ്ങള്‍ നല്‍കുക. ഇവര്‍ വഴി ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ക്കും നിര്‍ദേശങ്ങള്‍ കൈമാറും. പരസ്യ പ്രകടനങ്ങളും നേതാക്കളെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണങ്ങളും തടയുന്നതിനു വേണ്ടിയുള്ള നിര്‍ദേശങ്ങളാണു നല്‍കുക. വെള്ളിയാഴ്ച ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. യോഗത്തിനു ശേഷം കണ്ണൂരിലും മറ്റിടങ്ങളിലും പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണു താഴേക്കിടയിലുള്ള നേതാക്കള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്തായിരിക്കും നിര്‍ദേശങ്ങള്‍ നല്‍കുക. ഏതെങ്കിലും നേതാവിനെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും പ്രചരിപ്പിക്കരുതെന്ന നിര്‍ദേശം നല്‍കണമെന്നതാണു പ്രധാന ആവശ്യം. എന്നാല്‍ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള ബോര്‍ഡുകള്‍ വിലക്കില്ല. ഈ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ പേരിലാകണം. മാത്രമല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്കു കാര്യമായ പ്രചാരണം നല്‍കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണു നല്‍കുക. ഇത്തരം സാഹചര്യത്തിലല്ലാതെ നേതാക്കളുടെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും നിര്‍ദേശിക്കും.

ഗ്രൂപ്പു തിരിഞ്ഞു നേതാക്കള്‍ക്കു സ്വീകരണം നല്‍കുകയോ അഭിവാദ്യ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നും നിര്‍ദേശം നല്‍കും. ഒരു നേതാവിനെയോ ഒരു വിഭാഗത്തിനെയോ മാത്രം പ്രകീര്‍ത്തിക്കുന്ന പ്രകടനങ്ങള്‍ക്കാണു വിലക്ക്. ഗ്രൂപ്പ് യോഗങ്ങളും വിലക്കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന കണ്‍വെന്‍ഷനുകളുടെ പ്രചാരണങ്ങള്‍ താഴേക്കിടയിലുള്ള കമ്മിറ്റികളെക്കൊണ്ട് ഏറ്റെടുത്തു നടത്തിക്കണം. ജില്ലാ നേതാക്കള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കണം. തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കും. സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്കു ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നല്‍കണമെന്നും ഇതു ജില്ലാ നേതൃത്വം വിലയിരുത്തണമെന്നും നിര്‍ദേശിക്കും.

ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ചില മേഖലകളില്‍ ശക്തമായ സാഹചര്യത്തിലാണു താഴേക്കിടയില്‍ മുതല്‍ തെറ്റുതിരുത്താന്‍ തുടങ്ങുന്നത്. പാര്‍ട്ടി നേതാക്കള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം പോഷക സംഘടനാ അംഗങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കും. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി തുടങ്ങിയവയ്ക്കു കീഴിലുള്ള സംഘടനകള്‍, സര്‍ക്കാര്‍  ജീവനക്കാരുടെ സംഘടനകള്‍ എന്നിവയുടെ നേതാക്കള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ആലോചിക്കുന്നുണ്ട്.
Rate This News :
Latest News