Thursday, May 24, 2012   12:11 AM IST
Vaartha BlogRSS
Loading
നവോത്ഥാനപാതയില്‍
Published : Sunday, February 05, 2012
|
  
Text Size
വി. റെജികുമാര്‍

വിദ്യാധിരാജ ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനുമടക്കമുള്ള കേരളത്തിന്‍റെ നവോത്ഥാന നായകരും അവരുടെ മുന്നേറ്റങ്ങളും അവര്‍ രൂപം നല്‍കിയ പ്രസ്ഥാനങ്ങളും പകര്‍ന്നു നല്‍കിയ ഊര്‍ജമാണു കേരളത്തിന്‍റെ പ്രാകൃതമായ നടപ്പുകളെ മാറ്റിമറിച്ചത്. അതില്‍ നിന്നു ലഭിച്ച കരുത്താണു പമ്പാനദീ തീരത്ത് അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ 100 വര്‍ഷം മുന്‍പു ഹിന്ദുമത മഹാമണ്ഡലത്തിന്‍റെ രൂപീകരണത്തിനും ഇന്നോളമുള്ള ശക്തമായ നിലനില്‍പ്പിനും കാരണമായത്. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് എന്നു പ്രശസ്തമായ വാര്‍ഷിക സമ്മേളനത്തിന്‍റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാകുകയാണ്, പുണ്യപമ്പയുടെ തീരത്ത്, പരമഭട്ടാര ചട്ടമ്പിസ്വാമിയുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍.

ഹിന്ദുസമൂഹത്തിന്‍റെ ആധ്യാത്മിക, സാംസ്കാരിക, സാമൂഹിക ഉയര്‍ച്ച ലക്ഷ്യമിട്ടാണു സ്വാമി ഇത്തരമൊരു സംരംഭത്തിനു തുടക്കമിട്ടത്. 1913ലായിരുന്നു ആദ്യ പരിഷത്ത്, അഥവാ, മതമഹാസമ്മേളനം. മതം എന്ന വാക്കിന്‍റെ അര്‍ഥത്തെപ്പറ്റിയൊക്കെ വലിയ ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്ന കാലം. ഈ മതം വേണോ എന്നു പോലും പലരും ചിന്തിച്ചിരുന്ന സമയം. ഇവിടമൊരു ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ അന്വര്‍ഥമാക്കിയിരുന്ന സാമൂഹ്യ പശ്ചാത്തലം. അവിടെയാണു ജാതിഭേദമില്ലാതെ ഹിന്ദുക്കള്‍ ഒത്തുകൂടുന്ന സമ്മേളനം എന്ന വലിയ ലക്ഷ്യത്തോടെ ചട്ടമ്പിസ്വാമികള്‍ പരിഷത്തിനു തിരികൊളുത്തിയത്. ചട്ടമ്പിയുടെ ശിഷ്യമായ സ്വാമി തീര്‍ഥപാദ പരമഹംസനാണു ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‍റെ യഥാര്‍ഥ ബുദ്ധികേന്ദന്രമെന്നു ചരിത്രരേഖകള്‍ പറയുന്നു.

മതത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരേ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും ഉയര്‍ത്തിവിട്ട പ്രക്ഷോഭക്കൊടുങ്കാറ്റ് കേരളമാകെ ആഞ്ഞടിക്കുന്നതിനിടയിലാണു പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരിക്കടുത്തു പമ്പാപുളിനത്തില്‍ ഹിന്ദുമത പരിഷത്ത് എന്ന നൂതനവും സവിശേഷവുമായ കൂട്ടായ്മ ആരംഭിക്കുന്നത്. അക്കാലത്ത് ഇതു കണ്ടു നെറ്റി ചുളിച്ചവര്‍, ഇതിനെതിരേ പ്രചാരണം നടത്തിയവര്‍, എതിര്‍ത്തവര്‍, നിസഹകരിച്ചവര്‍ എത്രയെത്രയോ... ഹൈന്ദവധര്‍മത്തിന്‍റെ നവീകരണമായിരുന്നു പരിഷത്തിന്‍റെ ലക്ഷ്യം. ഹിന്ദുക്കള്‍ക്ക് യഥാര്‍ഥ മതവും ധര്‍മവും ആധ്യാത്മികതയും പറഞ്ഞുകൊടുക്കുക, പുരാണേതിഹാസങ്ങളും വേദങ്ങളും മനസിലാക്കിക്കൊടുക്കുക എന്നൊക്കെയാണു പരിഷത്തിലൂടെ സ്വാമി ലക്ഷ്യമിട്ടത്. അതിന്‍റെ നൂറാം വാര്‍ഷികാഘോഷത്തിനാണ് ഇന്നു മാതാ അമൃതാനന്ദമയി തുടക്കമിടുക. മന്നത്ത് പദ്മനാഭന്‍, കെ. കേളപ്പന്‍, ടി.കെ. മാധവന്‍, സി.വി. കുഞ്ഞുരാമന്‍, കെ.പി. കേശവമേനോന്‍, എം.പി. മന്മഥന്‍, ആര്‍. ശങ്കര്‍, സ്വാമി ചിന്മയാനന്ദന്‍, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി ആതുരദാസ്, ഗുരു നിത്യചൈതന്യ യതി... പരിഷത്തിനെ ധന്യമാക്കിയ മഹത്തുക്കള്‍ക്കു കണക്കില്ല. രാജ്യനായകന്മാരും സാമൂഹ്യ- സാംസ്കാരിക- ആധ്യാത്മിക- രാഷ്ട്രീയ- കലാരംഗങ്ങളിലെ ഏതാണ്ടെല്ലാ പ്രമുഖരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ചെറുകോല്‍പ്പുഴ മതമഹാമണ്ഡലത്തിലെത്തി അറിവു പകര്‍ന്നു. അതുതന്നെയാണു ചട്ടമ്പിസ്വാമി മനസില്‍ക്കണ്ടതും.

അയിരൂര്‍- ചെറുകോല്‍പ്പുഴ മേഖലയില്‍ നിലനിന്നിരുന്ന ഹിന്ദുജന മഹാസഭ എന്ന പ്രസ്ഥാനത്തിന്‍റെ വേരുകള്‍ തന്നെയാണു ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്‍റെ ആദ്യകാലശക്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആത്മീയ- ആധ്യാത്മിക ആചാര്യന്മാരെ പമ്പാതീരത്തെത്തിക്കാന്‍ പരിഷത്ത് വലിയ വങ്കാണു വഹിച്ചത്. അവരിലൂടെ കേരളത്തിന്‍റെ സവിശേഷമായ ആചാരാനുഷ്ഠാനങ്ങളും സംസ്കാരവും രാജ്യത്തിന്‍റെയും ലോകത്തിന്‍റെ തന്നെയും വിവിധ കോണുകളിലേക്കു പടര്‍ന്നു.

പരിഷത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചട്ടമ്പിസ്വാമിയുടെ സ്മാരകമായി വിദ്യാധിരാജ കള്‍ച്ചറല്‍ സെന്‍റര്‍, വിദ്യാധിരാജ സ്മൃതി മണ്ഡപം എന്നിവ പമ്പാമണപ്പുറത്ത് ഉയരുകയാണ്. ആദിശങ്കരാചാര്യര്‍ക്കു ശേഷം കേരളം ലോകത്തിനു സംഭാവന ചെയ്ത രണ്ടു വലിയ മഹാത്മാക്കളും സാമൂഹ്യപരിഷ്കര്‍ത്താക്കളുമാണു ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും. ഹിന്ദുമത മഹാമണ്ഡലം ആസ്ഥാനത്തിനു സമീപത്തു തന്നെ ചട്ടമ്പിസ്വാമികള്‍ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കുക എന്ന ലക്ഷ്യമാണു സ്മൃതിമണ്ഡപത്തിന്‍റെ പൂര്‍ത്തീകരണത്തോടെ നടപ്പാകുന്നത്. ഹിന്ദുമത മഹാമണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മത കണ്‍വെന്‍ഷന്‍ എന്ന വാര്‍ഷിക പരിപാടിയില്‍ നിന്നു കൂടുതല്‍ വിപുലമായ മേഖലകളിലേക്കു കടക്കുന്നതിന്‍റെ ഭാഗമാണു വിദ്യാധിരാജ സാംസ്കാരിക കേന്ദ്രം. ആദിശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമി, ഗുരുദേവന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ജീവിതം, പ്രവര്‍ത്തനം, ചരിത്രം തുടങ്ങിയവ സമൂഹത്തിലേക്ക് എത്തിക്കാനും വേദേതിഹാസങ്ങളിലും പുരാണങ്ങളിലും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളിലും ഗവേഷണങ്ങള്‍ നടത്താനും ഈ കേന്ദ്രത്തില്‍ സൗകര്യമൊരുക്കും.

ഇന്നാരംഭിക്കുന്ന ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ശതാബ്ദിയാഘോഷങ്ങള്‍ 12നാണു സമാപിക്കുക. മാതാ അമൃതാനന്ദമയിക്കു പുറമെ കാഞ്ചി കാമകോടിപീഠം ശങ്കരാചാര്യ സ്വാമി ജയേന്ദ്രസരസ്വതി, പ്രേമ പാണ്ഡുരംഗ, സ്വാമി അഭയാനന്ദതീര്‍ഥപാദര്‍, സ്വാമി ഋതംഭരാനന്ദ, വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അശോക് സിംഗാള്‍, മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിമാരായ ഒ. രാജഗോപാല്‍, പി.ജെ. കുര്യന്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്റര്‍ പി. പരമേശ്വരന്‍, സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി അപൂര്‍വാനന്ദ, സ്വാമി പൂര്‍ണാമൃതാനന്ദപുരി, സ്വാമി ശിവാനന്ദ സരസ്വതി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി വേദാനന്ദസരസ്വതി, സ്വാമി അയ്യപ്പദാസ്, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി സച്ചിതാനന്ദ, എല്‍ ഗിരീഷ്കുമാര്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, കെ.പി. ശശികല ടീച്ചര്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, കുമ്മനം രാജശേഖരന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഇക്കുറി വിവിധ ദിവസങ്ങളിലായി പരിഷത്ത് വേദിയിലെത്തും.
Rate This News :
Latest News