Thursday, May 24, 2012   12:12 AM IST
Vaartha BlogRSS
Loading
ആശ്വാസം
Published : Sunday, February 05, 2012
|
  
Text Size
ദിനേശ് കൃഷ്ണന്‍

ഇന്നലെ ഉച്ചവരെ പട്യാലഹൗസ് പ്രത്യേക സിബിഐ കോടതി പരിസരം ജനസമുദ്രമായിരുന്നു. വിദേശങ്ങളിലേതടക്കമുള്ള വന്‍ മാധ്യമസംഘങ്ങള്‍, അഭിഭാഷകര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ വലിയ നിര.

2ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത് കൃത്യമായി പറഞ്ഞാല്‍ ഇന്നലെ ഉച്ചയ്ക്ക് 1.35ന്.

ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളിലൂടെയായിരുന്നു രാജ്യം ഇന്നലെ രാവിലെ 10 മുതല്‍ കടന്നുപോയത്. ഇന്ദ്രപ്രസ്ഥത്തില്‍ അധികാരകേന്ദ്രങ്ങളെപ്പോലും ഇളക്കിപ്രതിഷ്ഠിക്കാവുന്ന വിധിക്കായി മൂന്നു മണിക്കൂര്‍ 35 മിനിറ്റ് നേരം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളുടെ കേന്ദ്രങ്ങള്‍ കാത്തിരുന്നു. രാവിലെ 10ന് കോടതി നടപടി ആരംഭിക്കുകയും ഹര്‍ജിക്കാരന്‍ സ്വാമിയെ മാത്രം കോടതി മുറിക്കുള്ളിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. 12.30ന് മുന്‍പ് കോടതിയില്‍ തിരിച്ചെത്താന്‍ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി നിര്‍ദേശിച്ചതോടെ കേസിലെ വിധി ഇന്നലെത്തന്നെയുണ്ടാ കുമെന്ന് ഉറപ്പായി.

അതേസമയം, മധുരയിലെ പരിപാടി ഒഴിവാക്കി ചിദംബരം ഡല്‍ഹിയിലെ വസതിയില്‍ കാത്തിരുന്നു, റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ പ്രധാനമന്ത്രിക്കു നല്‍കാനുള്ള രാജിക്കത്തുമായി. കേസില്‍ പ്രതിയാക്കി കോടതി വിധിയുണ്ടായാല്‍ ഉടന്‍ രാജിസമര്‍പ്പിക്കാന്‍ ചിദംബരം തയാറായിരുന്നത്രെ.

ഇതേസമയം, പട്യാല കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. 12.30ന് കോടതി മുറിയില്‍ സ്വാമിയും ഭാര്യയും അഭിഭാഷകയുമായ റോക്സാന സ്വാമിയും പ്രവേശിച്ച ഉടന്‍ മറ്റ് അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയും കാഴ്ചക്കാരെയും പുറത്താക്കി വാതിലുകള്‍ അടയ്ക്കാന്‍ ജഡ്ജി സെയ്നി ഉത്തരവിട്ടു. ചേംബറിലേക്കു തിരികെപ്പോയ സെയ്നി 1.30ന് തിരിച്ചെത്തി. അഞ്ചു മിനിറ്റിനു ശേഷം മാധ്യമങ്ങളെയും മറ്റുള്ളവരെയും അകത്ത് പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്ക്ക് രണ്ടുവരിയില്‍ വിരാമമിടുകയും ചെയ്തു.

പെറ്റിഷന്‍ ഡിസ്മിസ്ഡ്...

ആശ്വാസം... ചിദംബരത്തിനും കോണ്‍ഗ്രസിനും മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനും.

2014ലെ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി വരാനിരിക്കെ കോണ്‍ഗ്രസിന് മുഖം രക്ഷിക്കാനായി ഈ വിധിയിലൂടെ. കോണ്‍ഗ്രസ് അഴിമതിപ്പാര്‍ട്ടിയെന്ന് ജപം തുടരുന്ന മായാവതിക്കു മുന്നില്‍ തലയുയര്‍ത്താനുള്ള അവസരം വിധിയിലൂടെ കോണ്‍ഗ്രസിന് കൈവന്നു. ഒപ്പം ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളുടെ മുന ഒടിക്കാന്‍ ചെറിയ ഒരു ഇടവേളയിലേക്കെങ്കിലും കോണ്‍ഗ്രസ് ആസ്ഥാനത്തിനു കഴിയുമെന്ന് ഉറപ്പ്. 2ജി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ മാത്രമാണു കുറ്റക്കാരനെന്ന് മുറവിളി കൂട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സന്തോഷം, അടുത്ത വിധി ഉണ്ടാകും വരെ തങ്ങളുടെ വാക്കുകള്‍ പൊന്നായതില്‍. അതിനുദാഹരണമായിരുന്നു, വിധി വന്നയുടന്‍ ടെലികോം മന്ത്രി കപില്‍ സിബലിന്‍റെ പ്രസ്താവന.

സത്യം ഒരിക്കലും മൂടി വയ്ക്കാനാകില്ല......

ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ച പ്രധാനവിഷയം, ലേലത്തിനു പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലുള്ള സ്പെക്ട്രം വിതരണം തുടരാന്‍ രാജ തീരുമാനിച്ചത് അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്‍റെ അറിവോടെയായിരുന്നു എന്നതാണ്. അതായത്, ക്രമക്കേട് തടയാന്‍ സാധിക്കുമായിരുന്നിട്ടും അതിനു ചിദംബരം തയാറായില്ല എന്ന്. ഇതിനു ബലമേകാന്‍ പലപ്പോഴായി രാജയും പ്രധാനമന്ത്രിയുമായി നടത്തിയ കത്തിടപാടുകളടക്കമുള്ള തെളിവുകളും സ്വാമി ഹാജരാക്കി. ഒരു പക്ഷേ ചിദംബരം കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നെങ്കില്‍ പ്രതിപക്ഷത്തിന്‍റെ അടുത്ത ലക്ഷ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയിരുന്നേനെ. ചിദംബരത്തിന്‍റെ ക്രമക്കേട് തടയാന്‍ പ്രധാനമന്ത്രി ശ്രമിച്ചില്ല എന്ന തരത്തില്‍ കോളിളക്കം തന്നെ ഉണ്ടാകുമായിരുന്നു, 2ജി കേസില്‍.

ജഡ്ജി ഒ.പി. സെയ്നിയുടെ 64 പേജുകളടങ്ങിയ വിധിപ്രഖ്യാപനത്തെ ചുരുക്കത്തില്‍ വിലയിരുത്തിയാല്‍ ഇങ്ങനെ, 2ജി സ്പെക്ട്രം വിതരണത്തില്‍ 2001ലെ നയം തുടര്‍ന്നാല്‍ മതിയെന്ന് എ. രാജ തീരുമാനിക്കുന്നു. തീരുമാനം ചിദംബരത്തെ അറിയിക്കുന്നു. ചിദംബരം അനുമതി നല്‍കുന്നു, ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുന്നു. 2ജി ഇടപാടിലൂടെ ചിദംബരം സാമ്പത്തികലാഭം ഉണ്ടാ ക്കിയതിനു തെളിവുകളില്ലെന്നു കോടതി. രാജ്യത്തിന്‍റെ ഖജനാവിനു നഷ്ടമുണ്ടായെന്നു കരുതി ഒരു വ്യക്തിയെ കുറ്റക്കാരനായി കരുതാനാകില്ലെന്നും നിരീക്ഷണം. ഒപ്പം ലൈസന്‍സ് ലഭിച്ച കമ്പനികള്‍ ഓഹരി വിറ്റതു ചിദംബരത്തിനും അറിയാമായിരുന്നെങ്കിലും അതൊന്നും ക്രിമിനല്‍ കുറ്റത്തില്‍പ്പെടില്ല. കൂടാതെ, രാജയ്ക്കൊപ്പം ചേര്‍ന്നു ഗൂഢാലോചന നടത്തിയതിനു സ്വാമി സമര്‍പ്പിച്ച തെളിവുകള്‍ പര്യാപ്തമല്ലെന്നും കോടതി.

പാര്‍ലമെന്‍റിനും പുറത്തും ചിദംബരത്തെ ബഹിഷ്രിക്കാനുള്ള തീരുമാനം തുടരുമെന്നു വിധിക്കു ശേഷവും ബിജെപി പ്രതികരിക്കുമ്പോഴും കോടതി ഉത്തരവിലുള്ള നിരാശ ബിജെപി ആസ്ഥാനത്ത് പ്രകടമായിരുന്നു.

രാജയുടെ കാലത്തെ 2 ജി ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെ ചിദംബരത്തിനെതിരായ വിധി കൂടിയുണ്ടായാല്‍ അത് യുപിഎ സര്‍ക്കാരിന്‍റെ അടിത്തറ തകര്‍ക്കുന്നതായിരുക്കുമെന്ന് ബിജെപി ക്യാംപിന് ഉറപ്പുണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ആയുധം കൂടി ലഭിച്ചേനെ പ്രതിപക്ഷത്തിന്.

വിധിക്കെതിരേ ഒരു മാസത്തിനുള്ളില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്വാമി പ്രഖ്യാപിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിസഭ അധികാരത്തിലേറിയിട്ടുണ്ടാവും.

പട്യാലഹൗസ് കോടതി വിധി, ചിദംബരത്തിന് ആശ്വാസത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തില്‍ പല വിഷയങ്ങളിലും പ്രതിരോധത്തിലായിരുന്ന ചിദംബരത്തിന് ശക്തിപകരുമെന്നും വിലയിരുത്തപ്പെടുന്നു. മുല്ലപ്പെരിയാര്‍ തര്‍ക്കതലും ബട്ല ഹൗസ് ഏറ്റുമുട്ടല്‍ വിഷയത്തിലും കോണ്‍ഗ്രസില്‍ നിന്നു തന്നെ വിമര്‍ശങ്ങളക്കേണ്ടി വന്ന ചിദംബരം താഴ്ന്നു കൊടുത്തത് 2ജി കേസ് എന്ന വാള്‍ തലയ്ക്കു മേല്‍ തൂങ്ങിക്കിടന്നതുകൊണ്ടു തന്നെ.

എല്ലാത്തിനുമപ്പുറം, ഇത്രയും സുപ്രധാന വിധി പുറപ്പെടുവിച്ച സമയത്തെച്ചൊല്ലി രാഷ്ട്രീയവൃത്തങ്ങള്‍ പല ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയില്‍ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാവുന്ന ഇത്തരമൊരു വിധി പുറപ്പെടുവിച്ചതിന്‍റെ അനൗചിത്യവും ചര്‍ച്ചയാകുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായ മിനുക്കാന്‍ ഇത്തരമൊരു വിധി കാരണമാകുമെന്ന വ്യക്തമായ ബോധം കോടതിക്കുണ്ടായിരിക്കെ, വിധി പ്രഖ്യാപനം അല്‍പ്പം കൂടി നീട്ടാമായിരുന്നെന്നു വിലയിരുത്തുന്നവരും കുറവല്ല.
Rate This News :
Latest News