എസ്മ പ്രയോഗിക്കാനാവില്ല
Published : Sunday,
February 05,
2012
കൊച്ചി
സ്വന്തം ലേഖകന്‍
നഴ്സുമാരുടെ ശമ്പളം ഇനി മുതല്‍ പൂര്‍ണമായും ബാങ്കുകള്‍ വഴി മാത്രമേ നല്‍കാവൂ എന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. ശമ്പളത്തിന്‍റെ വിശദാംശങ്ങള്‍ എല്ലാ മാസവും ലേബര്‍ ഓഫിസുകളില്‍ നല്‍കണം. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന നഴ്സുമാരുമായും ആശുപത്രി മാനെജ്മെന്‍റുകളുമായും ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ആശുപത്രികളില്‍ എസ്മ (അവശ്യ സേവന നിയമം) പ്രയോഗിക്കാനാവില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ആശുപത്രികളില്‍ എസ്മ പ്രായോഗികമല്ല. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എസ്മ പ്രയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് ഹൈക്കോടതി ആരാഞ്ഞത്.
2009ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് പോലും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നടപ്പാക്കിയിട്ടില്ലെന്നു വസ്തുതകളുടെ അടിസ്ഥാനത്തില്‍ മന്ത്രി വിശദീകരിച്ചു.
സെന്‍ട്രല്‍ റീജ്യനല്‍ ലേബര്‍ കമ്മിഷണറുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം ജില്ലയിലെ 63 ആശുപത്രികളില്‍ 16 ഇടത്തു മാത്രമേ മിനിമം വേതനം നടപ്പാക്കിയിട്ടുള്ളൂ. കോട്ടയത്ത് 29 (ആകെ ആശുപത്രികള്‍ - 69), പാലക്കാട് - 15 (50), തൃശൂര്‍ - 4 (40), പാലക്കാട് - 14 (69) എന്നിങ്ങനെയാണു മറ്റു കണക്കുകള്‍. 480ഓളം ആശുപത്രികളിലാണു പരിശോധന നടന്നത്. മിനിമം വേതനം നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണുണ്ടായിരിക്കുന്നത്. ജനുവരി 31നു നഴ്സുമാര്‍ക്കു മിനിമം വേതനം നല്‍കാത്ത ആശുപത്രികള്‍ക്കെതിരേ ക്ലീന്‍ പെറ്റിഷന്‍ ഫയല്‍ ചെയ്യും. നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങളെടുത്തതായും മന്ത്രി അറിയിച്ചു.
മിനിമം വേജസ് ലംഘനമുണ്ടായാല്‍ പ്രോസിക്യൂഷന്‍ നടപടിയെടുക്കുന്നതിനു മാനെജ്മെന്‍റ് 2009ല്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയിരുന്നു.
ഇതു മറികടക്കാനുള്ള നടപടികള്‍ ആലോചിക്കും. മിനിമം വേതനം ആശുപത്രികളില്‍ നല്‍കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അതതു ലേബര്‍ ഓഫിസര്‍മാരാണ്. ഇതില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍വകുപ്പിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ രേഖകള്‍ നല്‍കുന്ന മാനെജ്മെന്‍റുകള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടും. മിനിമം വേതനം നടപ്പാക്കാത്ത ആശുപത്രികള്‍ നഴ്സുമാര്‍ക്ക് ആറു മാസത്തെ കുടിശിക അടക്കമുള്ളവ ഉടന്‍ നല്‍കണം.
മിനിമം വേതനം നല്‍കുന്ന കാര്യത്തില്‍ നിയമനിര്‍മാണം ആവശ്യമുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ശമ്പളം നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അക്കാര്യം ഹെല്‍പ്പ് ലൈന്‍ മുഖേന തൊഴില്‍വകുപ്പിനെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി വൈകിയും പ്രശ്നപരിഹാര ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും കാര്യമായ വിട്ടുവീഴ്ചകള്‍ ഇരുപക്ഷത്തുമുണ്ടാകാതിരുന്നതിനാല്‍ തീരുമാനമാകാതെ പിരി ഞ്ഞു.
മന്ത്രിയെ കൂടാതെ ലേബര്‍ കമ്മിഷണര്‍ ടി.ടി. ആന്‍റണി, അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍മാരായ ടോണി വിന്‍സ
ന്‍റ്, വി.എല്‍. അനില്‍കുമാര്‍, ജോയ്ന്‍റ് ലേബര്‍ കമ്മിഷണര്‍ വിന്‍സെന്‍റ് അലക്സ്, ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ ശശിപ്രകാശ്, ലേബര്‍ ഓഫിസര്‍മാരായ എം.കെ. മോഹനന്‍, നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
നാളെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞേക്കുമെന്നു ലേക്ഷേര്‍ ആശുപത്രി ജനറല്‍ മാനെജര്‍ സേവ്യര്‍ പിന്നീടു മെട്രൊ വാര്‍ത്തയോടു പറഞ്ഞു.
Close...
Maximum Character Allowed -
4000