വിഭാഗീയതയ്ക്കു വിരാമമിടാന്‍ CPM
Published : Sunday,
February 05,
2012
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
വിഭാഗീയതയ്ക്കു പൂര്‍ണ വിരാമമിടുന്നതായിരിക്കും സിപിഎം 20-ാം സംസ്ഥാന സമ്മേളനം. സമ്മേളന റിപ്പോര്‍ട്ടില്‍ ചില ജില്ലകളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നു വിശദീകരിക്കുന്നുണ്ട്.
ഈ ജില്ലകളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരേ ശക്തമായ നടപടിയായിരിക്കും സംസ്ഥാന സമ്മേളനം നിര്‍ദേശിക്കുക. പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലും നടക്കുന്ന ചര്‍ച്ചയിലും വിഭാഗീയത കലരാതെ നോക്കാന്‍ ജില്ലാ സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ചയിലുണ്ടായാ ല്‍ അതതു ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഇടപെട്ടു പ്രശ്നങ്ങള്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതു ചര്‍ച്ചയില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവര്‍ത്തന റിപ്പോര്‍ട്ടും ചര്‍ച്ചകളും ചോരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രതിനിധികള്‍ക്കു നല്‍കുന്ന റിപ്പോര്‍ട്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കു കൈമാറരുതെന്നു ശക്തമായ നിര്‍ദേശം സമ്മേളനം ആരംഭിക്കുമ്പോള്‍ തന്നെ നല്‍കും. ഇങ്ങനെ റിപ്പോര്‍ട്ടു കൈമാറുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സമ്മേളനത്തില്‍ നിന്നു പുറത്താക്കുമെന്നും താക്കീത് നല്‍കും. തുടര്‍ന്ന് അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കും. സമ്മേളന നടപടികള്‍ അവസാനിക്കുമ്പോഴല്ലാതെ സമ്മേളന നഗറില്‍ നിന്നും പ്രതിനിധികള്‍ പുറത്തു പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വിളികള്‍ക്കും നിയന്ത്രണമുണ്ട്.
സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണു കേന്ദ്ര കമ്മിറ്റി നിര്‍ദേശം. 85 ആണ് സംസ്ഥാന സമിതിയിലെ അംഗങ്ങളുടെ എണ്ണം. ഇത് 80 ായി കുറയ്ക്കുന്നതിനാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന് ഇളവു നേടുന്നതിനു സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അനുവദിച്ചില്ലെങ്കില്‍ 80ആയി നിജപ്പെടുത്തും. എങ്കില്‍ പോലും നിലവിലുള്ളവരില്‍ ആരെയും ഒഴിവാക്കേണ്ടി വരില്ല. ഇപ്പോള്‍ തന്നെ ഏഴ് ഒഴിവുകളുണ്ട്. ഇ.ബാലാനന്ദന്‍, ടി. ഗോവിന്ദന്‍, കെ.സെയ്ദാലിക്കുട്ടി, ഐ.വി.ദാസ്, ആര്‍. പരമേശ്വരന്‍പിള്ള എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ അഞ്ച് ഒഴിവുകളും പി.ശശി, സി.കെ.പി. പത്മനാഭന്‍ എന്നിവരെ പുറത്താക്കിയതിലൂടെ രണ്ട് ഒഴിവുകള്‍ വന്നിരുന്നു. ഇതിനു പുറമെ അഞ്ചു പേര്‍ ആരോഗ്യകാരണങ്ങളാല്‍ ഒഴിയാനിടയുണ്ട്. ഇതോടെ പന്ത്രണ്ട് ഒഴിവുകള്‍ വരും. കമ്മിറ്റിയിലെ അംഗ സംഖ്യ 80 ആയി നിലനിര്‍ത്തിയാല്‍ ഏഴ് ഒഴിവുകളുണ്ടാകും.
ഇതിലേയ്ക്കു സംസ്ഥാന സമിതി അംഗങ്ങളല്ലാത്ത ജില്ലാ സെക്രട്ടറിമാരെയാകും ആദ്യം പരിഗണിക്കുക. അങ്ങനെയാണെങ്കില്‍ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, ആലപ്പുഴ ജില്ല സെക്രട്ടറി സി.ബി.ചന്ദ്രമോഹന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെത്തും.
ശേഷിക്കുന്ന മൂന്ന് ഒഴിവുകളിലേയ്ക്കു സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലാത്ത പോഷക സംഘടനാ ഭാരവാഹികളെ പരിഗണിക്കും. എസ്എഫ്ഐയില്‍ നിന്നും സംസ്ഥാന സെക്രട്ടറി പി.ബിജു, ഡിവൈഎഫ്ഐയില്‍ നിന്നും എം.ബി.രാജേഷ്, ടി.വി. രാജേഷ് അല്ലെങ്കില്‍ എം.സ്വരാജ് എന്നിവര്‍ക്കായിരിക്കും മുന്‍തൂക്കം ലഭിക്കുക. തിരുവനന്തപുരത്തു നിന്നും വി.ശിവന്‍കുട്ടി അല്ലെങ്കില്‍ സി.ജയന്‍ബാബു, കണ്ണൂരില്‍ നിന്നും ജയിംസ്മാത്യൂ, വയനാട്ടില്‍ നിന്നും പി.കൃഷ്ണപ്രസാദ് എന്നിവര്‍ക്കും സംസ്ഥാന കമ്മിറ്റിയില്‍ ഇടം ലഭിച്ചേക്കും.
Close...
Maximum Character Allowed -
4000