ആരോഗ്യ വകുപ്പ് നിര്‍ജീവം
Published : Sunday,
February 05,
2012
തിരുവനന്തപുരം
അരവിന്ദ്
ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനം നിര്‍ജീവം. സംസ്ഥാനത്തെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച. പകര്‍ച്ച വ്യാധികളെക്കുറിച്ചുള്ള വിവരങ്ങളും കാലാവസ്ഥ ജന്യരോഗങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നതിലും വീഴ്ച വരുത്തി. ആരോഗ്യവകുപ്പ് ഡയറക്റ്റേറ്റിലും ആരോഗ്യവിദ്യാഭ്യാസ ഡയറക്റ്റേറ്റിലുമാണു വിവര ശേഖരണം പാളിയത്. 2009 വരെയുള്ള കണക്കുകള്‍ മാത്രമാണ് ഏകദേശം കൃത്യമായി ആരോഗ്യവകുപ്പിന്‍റെ പക്കലുള്ളത്. ഇതിനു ശേഷമുള്ള കണക്കുകള്‍ ആരോഗ്യ വകുപ്പില്‍ ക്രോഡീകരിച്ചിട്ടില്ല.
ഇതോടെ വേനല്‍ക്കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും താളം തെറ്റും. ജലജന്യ രോഗങ്ങളും മറ്റു പകര്‍ച്ചവ്യാധികളും പടരാനിടയുള്ള വേനല്‍ക്കാലത്തു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടത്തിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ശൈലീ രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ചും ആരോഗ്യവകുപ്പിനു വ്യക്തമായ ധാരണയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കണക്കു ശേഖരണത്തില്‍ ഗൗരവമായ വീഴ്ചയാണ് വന്നിരിക്കുന്നത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ സഹായത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലഭിക്കുന്ന കേന്ദ്ര സഹായവും നഷ്ടമാകുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കു ശേഖരണവും അവതാളത്തിലായിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജ്ജനം ഏതാണ്ടു പൂര്‍ണമായും നിലച്ച തിരുവനന്തപുരം ജില്ലയില്‍ ഡെംഗുപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്.
ഏതു മേഖലകളിലാണു പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചതെന്നും ഇതുവരെ എത്രപേര്‍ക്കു ചികിത്സ തേടേണ്ടി വന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്റ്റേറ്റിലില്ല. ചില ആശുപത്രികളില്‍ നിന്നും നല്‍കിയ കണക്കുകള്‍ മാത്രമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇതാകട്ടെ പൂര്‍ണമല്ല.
മെഡിക്കല്‍ കോളെജുകളില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലുള്ള ജീവനക്കാരുടെ കണക്കുകള്‍ പോലും ആരോഗ്യ വകുപ്പ് ഡയറക്റ്റേറ്റില്ല. ഓരോ മെഡിക്കല്‍ കോളെജുകളിലുമുളള വിവിധ വിഭാഗങ്ങളില്‍ വിദഗ്ദ്ധരായ ഡോക്റ്റര്‍മാരുടെ കണക്കുകള്‍ക്കു പുറമെ ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും രോഗങ്ങളുടെയും വിവരങ്ങളും ലഭ്യമല്ല.
ഇതുവരെ മെഡിക്കല്‍ കോളെജുകളില്‍ ഹൃദയാഘാതത്തിനു ചികിത്സ തേടിയവരുടെ എണ്ണം പോലും ക്രോഡീകരിച്ചിട്ടില്ല. ചികിത്സ തേടിയവരില്‍ മരണപ്പെട്ടവരുടെ കണക്കുകളും ലഭ്യമല്ല. ഇത്തരം കണക്കുകള്‍ ശേഖരിച്ചാല്‍ മാത്രമെ ഏതു പ്രായത്തിലുള്ളവര്‍ക്കാണു അസുഖങ്ങള്‍ പിടിപ്പെട്ടതെന്നും എന്തുകാരണമാണു പൊതുവായുള്ളതെന്നും കണ്ടെത്താന്‍ കഴിയുകയുള്ളൂ. പ്രചാരണങ്ങള്‍ നടത്തുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഈ കണക്കുകള്‍ ആവശ്യമാണ്.
വൃക്ക സംബന്ധമായ അസുഖങ്ങള്‍, ലൈംഗിക രോഗങ്ങള്‍, കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ആരോഗ്യവകുപ്പിന്‍റെ പക്കലില്ല. 2000 മുതല്‍ 2009 വരെയുള്ള വര്‍ഷങ്ങളില്‍ ഹൃദയാഘാത ബാധിച്ചവരുടെ എണ്ണത്തില്‍ 57% വര്‍ധനയുണ്ടായിട്ടുണ്ട്. 35 വയസു മുതല്‍ 54 വയസുവരെയുള്ളവര്‍ക്കാണു കൂടുതലായി ഹൃദയാഘാതമുണ്ടായത്.
14 വയസിനും 34 വയസിനുമിടയില്‍ ഹൃദയാഘാതം വന്നു മരിക്കുന്നവരുടെ എണ്ണവും ഭീമമായി വര്‍ധിച്ചിട്ടുണ്ട്. കരള്‍ജന്യ രോഗങ്ങള്‍, നിര്‍മാര്‍ജ്ജനം ചെയ്തെന്ന് അവകാശപ്പെടുന്ന ക്ഷയം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 2000ത്തിനു ശേഷം 100% മുതല്‍ 150% വരെ വര്‍ധിച്ചിട്ടുണ്ട്.
കൃത്യമായ കണക്കുകള്‍ ശേഖരിച്ചില്ലെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അര്‍ഹമായ കേന്ദ്ര സഹായം ലഭിക്കില്ല. കണക്കുകള്‍ ഹാജരാക്കിയാല്‍ ലഭിക്കേണ്ട സഹായത്തിന്‍റെ പകുതി പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. പത്തു വര്‍ഷം മുമ്പു ലഭിച്ചിരുന്ന ധനസഹായമാണു കേന്ദ്രത്തില്‍ നിന്നും ഇപ്പോഴും ലഭിക്കുന്നത്. കാലാനുസൃതമായി കേന്ദ്രം വരുത്തിയ നേരിയ വര്‍ധന മാത്രമെ ഇതില്‍ വരുന്നുള്ളൂ.
കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതിന്‍റെ ഇരട്ടിയിലധികം സഹായം ലഭിക്കുമായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിനു പുറമെ ലോകാരാഗ്യ സംഘടനകള്‍ അടക്കം നല്‍കുന്ന സഹായങ്ങളും കേരളത്തിന് നഷ്ടമാകുന്നു. ആരോഗ്യ വകുപ്പില്‍ നിന്നും കൃത്യമായ നിയന്ത്രണം ഇല്ലാത്തതും കുത്തഴിഞ്ഞ അവസ്ഥയ്ക്കു കാരണമായിട്ടുണ്ട്.
Close...
Maximum Character Allowed -
4000