ചിദംബരത്തിന് ക്ലീന്‍ ചിറ്റ്
Published : Sunday,
February 05,
2012
ന്യൂഡല്‍ഹി
2ജി സ്പെക്ട്രം കേസില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനും ആശ്വാസം. ചിദംബരത്തെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സിബിഐ കോടതി തള്ളി.
ചിദംബരം ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണു പ്രത്യേക ജഡ്ജി ഒ.പി. സെയ്നിയുടെ വിധി. സ്പെക്ട്രം ഇടപാടില്‍ ചിദംബരം സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന വാദത്തിനു തെളിവില്ലെന്നും കോടതി.
കോടതിയുടെ പ്രതികൂല പരാമര്‍ശം പോലും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്നു കോണ്‍ഗ്രസ് ഭയന്നിരിക്കെയാണു യുപിഎ സര്‍ക്കാരിനു പിടിവള്ളിയാകുന്ന വിധി. 2ജി ലൈസന്‍സുകള്‍ പൂര്‍ണമായി റദ്ദാക്കിയ സുപ്രീം കോടതി വിധി സര്‍ക്കാരിനു കനത്ത ആഘാതമായിരുന്നു.
വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നു സുബ്രഹ്മണ്യന്‍ സ്വാമി. ആഭ്യന്തര മന്ത്രിക്കെതിരേ അപവാദം പ്രചരിപ്പിച്ച പ്രതിപക്ഷം മാപ്പു പറയണമെന്നു കോണ്‍ഗ്രസ്. ചിദംബരത്തിനെതിരേ പ്രക്ഷോഭം തുടരുമെന്നു ബിജെപി. ആശ്വാസമെന്നു ചിദംബരം.
രാജ്യം ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു പട്യാല ഹൗസിലെ പ്രത്യേക കോടതി സ്വാമിയുടെ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചത്. രാവിലെ കോടതി ചേര്‍ന്നപ്പോള്‍ തന്നെ കേസ് ഉച്ചയ്ക്ക് പരിഗണിക്കുമെന്ന് അറിയിച്ച ജഡ്ജി സുബ്രഹ്മണ്യന്‍ സ്വാമി, ഭാര്യയും അഭിഭാഷകയുമായ റൊക്സാന, സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവര്‍ക്കു മാത്രമാണ് കോടതിയില്‍ പ്രവേശനം അനുവദിച്ചത്.
സ്പെക്ട്രം വില നിര്‍ണയത്തിലും ചുളുവിലയ്ക്കു സ്പെക്ട്രം വാങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ ലാഭമെടുത്ത് ഓഹരി വിറ്റതിലും മുന്‍ മന്ത്രി എ. രാജയ്ക്കൊപ്പം അന്നു ധനമന്ത്രിയായിരുന്ന ചിദംബരവും തുല്യ പങ്കാളിയെന്നായിരുന്നു സ്വാമിയുടെ വാദം. ചിദംബരം, രാജ, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുള്‍പ്പെട്ട കത്തിടപാടുകളും സ്വാമി ഹാജരാക്കിയിരുന്നു. ചിദംബരം വിചാരിച്ചിരുന്നെങ്കില്‍ അഴിമതി തടയാമായിരുന്നു എന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രിക്കെഴുതിയ കത്തും ഹാജരാക്കിയിരുന്നു സ്വാമി.
എന്നാല്‍, 2001ലെ വിലയ്ക്കു സ്പെക്ട്രം ലൈസന്‍സ് വില്‍ക്കാനും സ്വാന്‍ ടെലികോം, യൂണിടെക് എന്നിവയ്ക്ക് ഓഹരി വില്‍ക്കാനും അനുമതി നല്‍കിയതില്‍ ചിദംബരത്തിന് പങ്കുണ്ടെങ്കിലും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നതിനു തെളിവില്ലെന്ന് 64 പേജ് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. തനിക്കോ മറ്റാര്‍ക്കെങ്കിലുമോ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ചിദംബരം കൂട്ടുനിന്നിട്ടില്ല. തീരുമാനത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളികളായ എല്ലാവരെയും പ്രതിചേര്‍ക്കാനാവില്ലെന്നും കോടതി.
വില പുതുക്കി നിശ്ചയിച്ചില്ലെന്നതു കുറ്റമായി കാണാനാവില്ല. നിയമനിഷേധവുമല്ല. ഓഹരി വിറ്റഴിക്കാന്‍ വിവാദ കമ്പനികളെ അനുവദിച്ചതിലും നിയമവിരുദ്ധമായി ഒന്നുമില്ല. സ്പെക്ട്രം ലഭിച്ചയുടന്‍ ഉയര്‍ന്ന വിലയ്ക്ക് ഓഹരി വിറ്റുവെന്ന ആരോപണവും കോടതി തള്ളി. ഓഹരി വിറ്റഴിക്കുന്നതിനു പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്.
ചിദംബരത്തിനെതിരേ സിബിഐ അന്വേഷണം വേണമെന്ന സ്വാമിയുടെ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി, കീഴ്ക്കോടതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. ഇന്നലെ ഇതു പരിഗണിച്ചപ്പോഴാണ് അഴിമതിക്കേസുകളില്‍ ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍.
Close...
Maximum Character Allowed -
4000