Thursday, May 24, 2012   12:16 AM IST
Vaartha BlogRSS
Loading
ബോളിവുഡിലെ BIG FIGHTS
Published : Sunday, February 05, 2012
|
  
Text Size
സെലിബ്രിറ്റി ലോകത്തിലെല്ലാം അഭിനയമാണെന്നു തോന്നും ചിലപ്പോള്‍. ആക്ഷനും കട്ടിനുമിടയിലെ ചിരിയും കരച്ചിലും വഴക്കുമൊക്കെ ജീവിതത്തിലും സ്ഥിരസംഭവം. ഒന്നിച്ചൊരുനാള്‍ സൗഹൃദത്തോടെ കഴിയുന്ന രണ്ടുപേര്‍ അടുത്ത ദിവസം ഉണരുമ്പോള്‍ മുതല്‍ പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന ശത്രുക്കളായിരിക്കും. സെലിബ്രിറ്റി വേള്‍ഡിലല്ലാതെ ഇതു മറ്റൊരിടത്തും കാണാനാവില്ല. സന്തോഷവും ദുഃഖവുമൊക്കെ ഇവിടെ സ്ഥിരം കാഴ്ചകള്‍. ഇക്കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാനും സംവിധായകന്‍ ശിരിഷ് കുന്ദറും തമ്മിലുണ്ടായ വഴക്ക് പരസ്യമായതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്തു തുടങ്ങിയത്.

സ്ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇവിടെയില്ല. മുന്‍നിര താരങ്ങളും സംവിധായകരും തമ്മിലുള്ള വഴക്കുകള്‍ നിത്യ സംഭവമാണിവിടെ. ചിലര്‍ സൗഹൃദത്തിന്‍റെ കൂട്ടിലേക്കു തിരിച്ചെത്തുന്നുണ്ടെങ്കില്‍ മറ്റു ചില ബന്ധങ്ങള്‍ എന്നേക്കുമായി തകരുന്നു. കൊറിയോഗ്രഫറും സംവിധായികയും സര്‍വോപരി ഷാരുഖിന്‍റെ മുന്‍ സുഹൃത്തുമായ ഫറ ഖാന്‍റെ ഭര്‍ത്താവ് ശിരിഷിനെ തല്ലിയതാണ് പ്രശ്നം. സഞ്ജയ് ദത്ത് നടത്തിയ പ്രൈവറ്റ് പാര്‍ട്ടിക്കിടെയാണ് സംഭവം. തീസ് മാര്‍ ഖാന്‍ എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനേയും സല്‍മാന്‍ ഖാനേയും കാസ്റ്റ് ചെയ്തപ്പോള്‍ മുതലാണ് ഷാരുഖും ഫറയും തമ്മില്‍ അകന്നത്. ഇതിനിടെ ഷാരുഖിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ട്വിറ്ററിലൂടെ മെസേജുകള്‍ പോസ്റ്റ് ചെയ്യാന്‍ ശിരിഷും താത്പര്യം കാട്ടി. എന്തായാലും കാര്യങ്ങള്‍ കൈവിട്ടുപോയതോടെ വഴക്കൊക്കെ മറക്കാന്‍ ഇരുവരും തീരുമാനിച്ചു.

2008ല്‍ സല്‍മാന്‍ ഖാനായിരുന്നു ഷാരുഖിന്‍റെ എതിരാളി. കത്രീന കൈഫ്, സല്‍മാന്‍റെ കാമുകീ പദവി അലങ്കരിച്ചിരുന്ന കാലം. കത്രീനയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ഷാരുഖും സല്‍മാനും പരസ്യമായി ഏറ്റുമുട്ടിയത്. അന്നത്തെ പാര്‍ട്ടിയില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ഇനിയും പുറത്തുവരാത്ത കഥ.

ഐശ്വര്യ റായ് എന്ന കാമിനി മൂലമായിരുന്നു സല്‍മാന്‍ ഖാനും വിവേക് ഒബ്റോയ്യും കലഹിച്ചത്. മദ്യപിച്ചു ലക്കുകെട്ട സല്‍മാന്‍ തന്നെ ഫോണില്‍ നാല്‍പ്പത്തൊന്നു തവണ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് വിവേക് പത്രസമ്മേളനം വിളിച്ച് പറഞ്ഞത് 2003ല്‍. ഐശ്വര്യയുമായുള്ള അടുപ്പം ഉപേക്ഷിച്ചില്ലെങ്കില്‍ കൊല്ലുമെന്നു പോലും പറഞ്ഞു. അന്നത്തെ വഴക്കിനു ശേഷം സല്‍മാനോടു മാപ്പു പറഞ്ഞെങ്കിലും തന്‍റെ കരിയറും പ്രണയവും എല്ലാം നഷ്ടപ്പെടുത്തേണ്ട അവസ്ഥയിലാണ് വിവേക് എത്തിച്ചേര്‍ന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ഹൃത്വിക് റോഷനും ഐശ്വ ര്യയും അഭിനയിച്ച ഗുസാരിഷ്, പട്ടികള്‍ പോലും കണ്ടിട്ടുണ്ടാവില്ല എന്നു സല്‍മാന്‍ ഒരു ചടങ്ങില്‍ പറഞ്ഞതാണ് മറ്റൊരു പ്രശ്നം. ഹം ദില്‍ ദേ ചുകേ സനം, ഖാമോഷി തുടങ്ങിയ ബന്‍സാലി ചിത്രങ്ങളില്‍ അഭിനയിച്ച സല്‍മാന്‍, സംവിധായകന്‍റെ ഫേവറിറ്റ് ആയിരുന്നു. ബന്‍സാലി മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ഹൃത്വിക് പ്രതികരിച്ചു. എങ്കിലും അത്തരമൊരു വഴക്കിന്‍റെ ഭാഗമായതില്‍ തന്‍റെ കുറ്റബോധം പിന്നീട് തുറന്നു പറഞ്ഞു ഹൃത്വിക്.

അമെരിക്കയിലേക്കു ട്രീറ്റ്മെന്‍റിനായി പോയ സല്‍മാനെ നേരിട്ടു കണ്ട് സംസാരിക്കാനും ഹൃത്വിക് ശ്രമിച്ചു. എങ്കിലും ബന്‍സാലിയും സല്‍മാനും ഇനിയും അടുത്തിട്ടില്ല. ബന്ധത്തില്‍ വിള്ളലുണ്ടെങ്കിലും സല്‍മാന് നല്ലതു വരുന്നതു കാണാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹത്തിനെതിരേ പരസ്യമായി ഒന്നും പറയാന്‍ കഴിയില്ലെന്നുമാണ് ബന്‍സാലി പറഞ്ഞത്. അമീര്‍ ഖാനും ഷാരുഖും തമ്മിലുള്ള വഴക്കും പ്രശസ്തം. മോശം നടനുള്ള ഗോള്‍ഡന്‍ കേലാ അവാര്‍ഡ് ഏറ്റവും അര്‍ഹിക്കുന്നത് ഷാരുഖാണെന്നു പോലും അമീര്‍ ഈയിടെ പറഞ്ഞു.

സംവിധായകന്‍ അനുരാഗ് കശ്യപും നിര്‍മാതാവ് അര്‍ബാസ് ഖാനും തമ്മിലുള്ള തര്‍ക്കം ട്വിറ്ററിലൂടെ ആഘോഷിച്ചു. സല്‍മാന്‍ ചിത്രം ദബങ്ങിന്‍റെ കാര്യത്തിലായിരുന്നു ഇരുവരും അടിയായത്. ഈയിടെ ഒരു പാര്‍ട്ടിയില്‍ ഇരുവരും കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു. സംവിധായകരായ കരണ്‍ ജോഹറും രാം ഗോപാല്‍ വര്‍മയും തമ്മിലുള്ള വഴക്കും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. ഇവിടെയും അവസാനിക്കുന്നില്ല ബോളിവുഡിലെ ആഘോഷിക്കപ്പെട്ട വഴക്കുകള്‍. സണ്ണി ഡിയോള്‍ - ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ - സഞ്ജയ് ദത്ത്, പായല്‍ റൊഹാത്ഗി - ദിബാകര്‍ ബാനര്‍ജി തുടങ്ങിയഈഗോ ക്ലാഷുകളും കടന്ന് യുവതാരങ്ങളായ രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍, സോനം കപൂര്‍ വരെയെത്തി നില്‍ക്കുന്നു ഈ ലിസ്റ്റ്. ചിലരൊക്കെ വഴക്കു തീര്‍ത്ത് ഒന്നാവുമ്പോള്‍ മറ്റു ചിലര്‍ അതേ വഴക്കിന്‍റെ ഭാഗമായി മുന്നോട്ടു നീങ്ങുന്നു, ഒടുവില്‍ ചിലര്‍ മാത്രം പറയും, ആള്‍ ഈസ് വെല്‍....
Rate This News :
Latest News