Thursday, May 24, 2012   12:16 AM IST
Vaartha BlogRSS
Loading
റിപ്പോര്‍ട്ട് പുറത്തുവിട്ടു
Published : Sunday, February 05, 2012
|
  
Text Size
ബംഗളൂരു

വിവാദമായ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടു സംബന്ധിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ആന്‍ട്രിക്സ്- ദേവാസ് ഇടപാടിനു സുതാര്യതയില്ലെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരടക്കം നാലു ശാസ്ത്രജ്ഞന്മാരാണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു ശാസ്ത്രജ്ഞന്മാര്‍ക്കെതിരേ നടപടി വേണമെന്നും ശുപാര്‍ശ ചെയ്യുന്നു.

2005 ലെ കരാര്‍ അന്വേഷിക്കാന്‍ മുന്‍ ക്യാബിനറ്റ് സെക്രട്ടറി ബി.കെ. ചതുര്‍വേദി, മുന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍(സിവിസി) പ്രത്യുഷ് സിന്‍ഹ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് ഉന്നതതല സമിതികളെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. ഇവയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നാല് ശാസ്ത്രജ്ഞര്‍ക്ക് വിലക്കാന്‍ തീരുമാനിച്ചതിനെതിരേ ശാസ്ത്രലോകം ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നു വിലക്ക് പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് സമിതിയുടെ റിപ്പോര്‍ട്ട് ഇസ്രൊ പുറത്തു വിടുന്നത്.

ഇസ്രൊ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാധവന്‍ നായര്‍ ഇതിനെ സ്വാഗതം ചെയ്തു. എന്നാല്‍ മാധവന്‍ നായരടക്കം നാലു ശാസ്ത്രജ്ഞരെയും വിലക്കിയ കേന്ദ്ര നടപടിയെ സാധൂകരിക്കുന്നതാണു റിപ്പോര്‍ട്ടിലെ ഉളളടക്കം.

മാധവന്‍ നായരെ കൂടാതെ ഐഎസ്ആര്‍ഒ മുന്‍ സയന്‍റിഫിക് സെക്രട്ടറി ഭാസ്കര നാരായണന്‍, ആന്‍ട്രിക്സ് മുന്‍ മാനേജിങ് ഡയറക്റ്റര്‍ കെ.ആര്‍ ശ്രീധരമൂര്‍ത്തി, ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്‍റര്‍ മുന്‍ ഡയറക്റ്റര്‍ കെ.എന്‍ ശങ്കര എന്നിവരാണ് സര്‍ക്കാര്‍ വിലക്കിയ മറ്റുള്ളവര്‍

ഇസ്രൊ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സും ദേവാസ് മള്‍ട്ടി മീഡിയയും 2005 ജനുവരി 29 ന് ഒപ്പുവച്ച കരാറാണു വിവാദമായത്. 70 മെഗാഹേര്‍ട്സ് എസ് ബാന്‍ഡ് സ്പെക്ട്രം 1000 കോടി രൂപയ്ക്കു നല്‍കാനുള്ളതായിരുന്നു കരാര്‍. കുറഞ്ഞ വിലയ്ക്ക് സ്പെക്ട്രം വില്‍ക്കാന്‍ കരാറുണ്ടാക്കിയതിലൂടെ വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
Rate This News :
Latest News