Thursday, May 24, 2012   12:18 AM IST
Vaartha BlogRSS
Loading
അമ്മേ കരയരുത്...
Published : Monday, February 06, 2012
|
  
Text Size
അമ്മയുടെ മുടി വെട്ടിക്കളയുമ്പോള്‍ ആ അമ്മയും മകളും ചിരിക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ പലരും അറിയാതെ വിതുമ്പി, കണ്ണീരടക്കാന്‍ പാടുപെട്ടു. ഒരു യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാന്‍ അമ്മയെ സഹായിക്കുകയായിരുന്നു ആറു വയസുകാരി. കുഞ്ഞുകൈകളില്‍ കത്രികയേന്തി, പതുക്കെ അമ്മയുടെ മുടി വെട്ടിക്കൊടുത്തു. മകളുടെ പേരു ലോല, അമ്മ സാറ. അമ്മയുടെ മുടി വെട്ടിക്കളിക്കുന്ന കുഞ്ഞുകൗതുകത്തിനും എത്രയോ അപ്പുറമാണ് ഈ ദൃശ്യങ്ങള്‍. കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി കൊഴിയും. അതിനു മുമ്പ് മുടി വെട്ടിക്കളയാന്‍ തീരുമാനിച്ചു സാറ. മകളെക്കൊണ്ട് തലമുടി വെട്ടിച്ചു... കഥയറിഞ്ഞപ്പോള്‍ ലോകം അറിയാതെ സ്നേഹിച്ചു പോയി അവരെ. വിഡിയോ കണ്ട് മൂന്നു മിനിറ്റു നേരം മരവിച്ചിരുന്നു ... ലോക ക്യാന്‍സര്‍ ദിനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വിഡി യോ ആരുടേയും കരളലിയിക്കുന്നതാണ്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നാല്‍പ്പത്തിനാലുകാരി സാറയ്ക്കു ബ്രെസ്റ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പി ചെയ്തപ്പോള്‍ മുടി കൊഴിഞ്ഞു തുടങ്ങി. അതുകൊണ്ടു തന്നെ നേരത്തെ വെട്ടി മാറ്റിയാലോ എന്നാലോചിച്ചു. അതിനായി മകള്‍ ലോലയുടെ സഹായം ചോദിച്ചു. അവള്‍ക്കു പൂര്‍ണസമ്മതം. ട്രീറ്റ്മെന്‍റിനു ശേഷം മമ്മിയുടെ മുഖം എങ്ങനെയാകുമന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു ലോലയ്ക്ക്. മകള്‍ അമ്മയുടെ മുടി വെട്ടുന്നതു സാറയുടെ ഭര്‍ത്താവ് ക്രെയ്ഗ് ഇച്ചല്‍സ് വിഡിയോയില്‍ പകര്‍ത്തി. രൂപമാറ്റം സാറയ്ക്കൊരു ആഘാതമാകരുതെന്ന് ആഗ്രഹമുണ്ടായിരുന്നതിനാല്‍ വിശേഷ ദിവസങ്ങളുടെ ആഡംബരങ്ങളോടെ വിരുന്നൊരുക്കി ആ കുടുംബം...

വളരെയേറെ ശ്രദ്ധയോടെയായിരുന്നു മുടി നീക്കം ചെയ്തത്. ഓരോ പ്രാവശ്യവും മുടി വെട്ടി ഒരു ബൗളിലാക്കി. ബാക്കിവന്ന കുറ്റിത്തലമുടി ഇല ക്ട്രിക് ക്ലിപ്പര്‍ ഉപയോഗിച്ചു നീക്കം ചെയ്യാന്‍ സാറ ലോലയെ സഹായിക്കുന്നതും വിഡിയോയില്‍ കാണാം. കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി കൊഴിഞ്ഞ് മനസ് മുറിപ്പെടുന്ന സ്ത്രീകള്‍ അനവധി. ആ സങ്കടം മാറ്റിയെടുക്കാന്‍ സാധിച്ചെന്നു പറയുന്നു സാറ. മുടി വെട്ടുമ്പോള്‍ ഞങ്ങള്‍ ചിരിക്കുകയായിരുന്നു. ഇത്ര ലളിതമായി ഈ ഘട്ടം മറികടക്കാന്‍ കഴിയുമെന്നു പ്രതീക്ഷിച്ചതേയില്ല, സാറ പറയുന്നു. അതൊരു ആശ്വാസമായി തോന്നി. കൂട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ചപ്പോള്‍ ക്യാന്‍സര്‍ ചാരിറ്റിക്കു വേണ്ടി ബോധവത്കരണം നടത്താനും പണം ശേഖരിക്കാനുമായി ഈ വിഡിയോ റിലീസ് ചെയ്തു.

സാറയുടെ ഭര്‍ത്താവ് ക്രെയ്ഗ് തന്നെയാണ് വിഡിയോ എടുത്തതും എഡിറ്റ് ചെയ്തതും. ഫോട്ടൊഗ്രഫിയില്‍ ഡിഗ്രിയുള്ള സാറ വിഡിയോ ചിത്രീകരിക്കുമ്പോള്‍ പശ്ചാത്തലവും അവരുടെ വസ്ത്രവുമൊക്കെ അനുയോജ്യമായ വിധം ക്രമീകരിച്ചിരുന്നു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണു ചിത്രം. അതു യൂട്യൂബില്‍ പോസ്റ്റ് ചെയ്തശേഷം ജസ്റ്റ് ഗിവിങ് എന്ന ഡൊണേഷന്‍ പേജിലേക്ക് ലിങ്ക് കൊടുത്തു. ഒരു ലക്ഷം പൗണ്ട് ശേഖരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. പെഴ്സണല്‍ സന്ദര്‍ഭമായിരുന്നെങ്കിലും അതു പോസ്റ്റ് ചെയ്താല്‍ കുറേയാളുകള്‍ക്ക് സഹായമാകു മെന്നു തോന്നി... ക്രെയ്ഗ് പറയുന്നു. ഇപ്പോള്‍ എല്ലാ കാര്യങ്ങളും ലോലയെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കുകയാണ് ഇരുവരും. രോഗവും മുടി നഷ്ടപ്പെടലുമെല്ലാം.....

കഴിഞ്ഞ ഡിസംബറിലായിരുന്നു സാറയ്ക്കു കീമോതെറാപ്പി ചെയ്തു തുടങ്ങിയത്. ഇപ്പോള്‍ ചികിത്സയുടെ പാതിഘട്ടം പിന്നിട്ടു. ഇതു പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മൂന്നാഴ്ചയോ ളം റേഡിയോ തെറാപ്പി. അതിനുശേഷം അഞ്ചു വര്‍ഷം ഹോര്‍മോണ്‍ ട്രീറ്റ്മെന്‍റും. എല്ലാം ധൈര്യത്തോടെ നേരിടാന്‍ മനസൊരുങ്ങിക്കഴിഞ്ഞു. പതറാതെ മുന്നേറണം എന്നു തന്നെയാണു മോഹം. എപ്പോഴും കൂട്ടിനായി, താങ്ങായി, തണലായി ക്രെയ്ഗും ലോലയും കൂടെത്തന്നെയുണ്ട്.
Rate This News :
Latest News