വൈരുധ്യവാദത്തിന്‍റെ ദൈവവിളി
Published : Monday,
February 06,
2012
സിപിആര്‍
ദൈവങ്ങളെ കൂട്ടുപിടിച്ചായിരുന്നില്ല, എല്ലാ ദൈവങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു കമ്യൂണിസത്തിന്‍റെ തിരുപ്പിറവി. ജനിച്ച നാള്‍ മുതല്‍ ദൈവങ്ങളുമായി കമ്യൂണിസ്റ്റുകാര്‍ക്കു കലഹമാണ്. പോളണ്ടിലും സോവ്യറ്റ് റഷ്യയിലും ചൈനയിലുമൊക്കെ വിശ്വാസങ്ങള്‍ക്കെതിരേ ഏറ്റുമുട്ടലുകളും നരഹത്യയും വരെ നടന്നിട്ടുണ്ട്. പള്ളികളും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പലേടത്തും കമ്യൂണിസം പടിയിറങ്ങുകയും ആരാധനാലയങ്ങള്‍ പടുത്തുയര്‍ത്തപ്പെടുകയും ചെയ്തത് പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചതു കൊണ്ടും ദൈവങ്ങള്‍ക്കു ശക്തി കൂടിയതു കൊണ്ടും തന്നെയാവണം. എങ്കില്‍പ്പിന്നെ അല്‍പ്പസ്വല്‍പ്പം ദൈവികമായി ചിന്തിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും കേരളത്തിലെ കമ്യൂണിസ്റ്റുകാരെ പഴിക്കേണ്ടതില്ല.
ലോക കമ്യൂണിസ്റ്റുകാരെപ്പോലെയല്ല കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. ദൈവങ്ങളുമായി അത്ര അകലത്തിലല്ല അവരില്‍ പലരും. ക്ഷേത്രാചാരങ്ങളിലും വിശ്വാസങ്ങളിലും സ്വന്ത നിലയില്‍ താത്പര്യമില്ലെങ്കിലും വീട്ടുക്കാരെ അതില്‍ നിന്നു വിലക്കില്ല. കഴിയാവുന്ന തരത്തില്‍ സഹായിക്കുകയോ സഹകരിക്കുകയോ ചെയ്യും. സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതലിങ്ങോട്ടുള്ള വലിയവലിയ നേതാക്കളുടെ കാര്യം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. ബാല്യത്തില്‍ താന്‍ നല്ല ഈശ്വര വിശ്വാസി ആയിരുന്നു എന്ന് ആത്മകഥയില്‍ വളരെ സരസമായി ഇഎംഎസ് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷുഭിത യൗവനത്തില്‍ ദൈവങ്ങളെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടതു താന്‍ നേരിട്ടു കാണുന്ന ജനങ്ങളെ ആയിരുന്നു. ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ തളയ്ക്കപ്പെട്ടുപോയ നേത്യാരമ്മമാരെയും ചൂഷണത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പുകാരായ ഫ്യൂഡല്‍ പ്രഭുക്കന്മാരെയും പാടത്തു പണിയെടുക്കുന്ന തൊഴിലാളികളെയും കുറിച്ചൊക്കെ ആയിരുന്നു ചിന്ത. ദൈവവഴിയില്‍ നിന്നു മാറി നടന്നിട്ടും ദൈവങ്ങളെ നിന്ദിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. വിശ്വസിക്കുന്നവര്‍ക്കു വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് അങ്ങനെയുമാകാം എന്നതായിരുന്നു ഇക്കാര്യത്തില്‍ തിരുമേനിയുടെ ലൈന്‍.
പണ്ടൊരിക്കല്‍ അദ്ദേഹത്തെ ഗുരുവായൂരില്‍ വച്ച് ഏതോ മാധ്യമപ്രവര്‍ത്തകന്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍ മറുപടി പെട്ടെന്നായിരുന്നു. അന്തര്‍ജനത്തിനു ക്ഷേത്രദര്‍ശനം വേണമത്രേ. അന്തര്‍ജനം വിളിച്ചു, ഞാന്‍ പോന്നു. പക്ഷേ, ക്ഷേത്ര ദര്‍ശനത്തിന് ഇഎംഎസ് പോയില്ല. ഹോട്ടല്‍ മുറിയില്‍ വിശ്രമിച്ചതേയുള്ളൂ. ഫലിതരസപ്രിയനായ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഒരമ്പലത്തിലും പോയിട്ടില്ല. പക്ഷേ, ദൈവത്തിന്‍റെ ശക്തിയില്‍ അദ്ദേഹത്തിനു നല്ല മതിപ്പുണ്ടു താനും.
പണ്ടൊരിക്കല്‍ ഏറ്റുമാനൂരപ്പനെ സ്റ്റീഫന്‍ റാഞ്ചിയതു വലിയ വാര്‍ത്തയായിരുന്നു. കള്ളനെ പിടിച്ചെങ്കിലും മുഖ്യമന്ത്രി നായനാരെ ആ സംഭവം പിന്തുടര്‍ന്നു. പലേടത്തും കവര്‍ച്ച വ്യാപകമായപ്പോള്‍ ക്ഷേത്രങ്ങള്‍ക്കെല്ലാം പൊലീസ് പാറാവ് ഏര്‍പ്പെടുത്തുമോ എന്ന് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു നായനാര്‍ ചോദിച്ച ചോദ്യം ഭൂമി മലയാളം ഉള്ള കാലത്തോളം ആരും മറക്കില്ല- ഭഗവാനെന്തിനാടോ പാറാവ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം. നാലുനേരം കുളിച്ചു ജപിക്കുന്ന ഭക്ത ശിരോമണികള്‍ക്കു പോലും ദൈവത്തിന്‍റെ ശക്തിയില്‍ ഇത്ര ഉറച്ച വിശ്വാസം കാണില്ല.
നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ക്കു ഭക്തി ഇത്തിരി കൂടുതലുണ്ടുതാനും. സഖാവ് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ടീച്ചര്‍ ക്ഷേത്ര ദര്‍ശനം നടത്തുക പതിവായിരുന്നു. നായനാര്‍ക്കു വേണ്ടിയും ടീച്ചര്‍ വഴിപാടു നടത്തിയിട്ടുണ്ട്. പ്രസാദം തൊടുന്നതിനോ വഴിപാടു കഴിക്കുന്നതിനോ ഒന്നും സഖാവ് പ്രാണസഖിയെ വിലക്കിയില്ല. കൊടി കെട്ടിയ കമ്യൂണിസ്റ്റ് ആണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. അദ്ദേഹം ഏതെങ്കിലും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതായി കേട്ടുകേള്‍വി പോലുമില്ല. പക്ഷേ, ഭാര്യ എസ്.ആര്‍. വിനോദിനി നല്ല ഈശ്വര ഭക്തയാണ്. കാടാമ്പുഴ ക്ഷേത്രത്തില്‍ ശത്രുസംഹാരത്തിനായി വിനോദിനി നടത്തിയ പൂമൂടല്‍ വഴിപാടിന്‍റെ ശക്തി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല സഖാവിനെ.
എന്തിനധികം? കാള്‍ മാക്സും ഏംഗല്‍സും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും സംശുദ്ധ കമ്യൂണിസ്റ്റുകാരന്‍ താനാണെന്നു കരുതിവശായിട്ടുള്ള സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനു പോലും ദൈവത്തോടു ചെറിയൊരു അടുപ്പമുണ്ട്. പുറംമോടിക്കു ദൈവവിരോധം പറയുമെങ്കിലും സര്‍ക്കാര്‍ ചെലവില്‍ ദൈവങ്ങളെ പരിചരിച്ച ആളാണ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ആയി ക്ലിഫ് ഹൗസില്‍ താമസിച്ചപ്പോഴും പ്രതിപക്ഷ നേതാവായി കന്‍റോണ്‍മെന്‍റ് ഹൗസില്‍ താമസിച്ചപ്പോഴും മകന്‍ അരുണ്‍കുമാര്‍ അദ്ദേഹത്തോടൊപ്പമായിരുന്നു പൊറുതി. അരുണ്‍ കുമാറാകട്ടെ, നല്ല ഒന്നാന്തരം ദൈവ വിശ്വാസിയും. ഒരു തവണ പോലും മുടങ്ങാതെ ശബരിമലയില്‍ പോകുമായിരുന്നു കുമാരന്‍. മുഖ്യമന്ത്രിയുടെ മകനെന്ന നിലയില്‍ ചുവപ്പു പരവതാനി വിരിച്ചാണു ദേവസ്വം അധികൃതര്‍ അദ്ദേഹത്തെ വരവേറ്റത്. മകനു വേണ്ടി ഈ സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത അച്ഛനും കിട്ടും അതിന്‍റെ പുണ്യം. സ്വാമി സന്തോഷ് മാധവന്‍റെ വരെ പണം വാങ്ങി മൃഷ്ടാന്നമുണ്ടതിന്‍റെ പാപം വേറേ എവിടെ കെട്ടിയിറക്കി വയ്ക്കും, സഖാവും മകനും. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍താന്‍ അനുഭവിച്ചീടുകെന്നേവരൂ... എന്നാണ് രാമായണത്തില്‍ വാത്മീകി മഹര്‍ഷി പറഞ്ഞുതരുന്നത്.
ദൈവവും കമ്യൂണിസ്റ്റുകളുമായുള്ള ഈ അഡ്ജസ്റ്റ്മെന്‍റിനെക്കുറിച്ച് അറിയുന്നവരാരും പാര്‍ട്ടി വേദികളില്‍ യേശുക്രിസ്തുവിന്‍റെ ചിത്രം വയ്ക്കുന്നതിലോ കമ്യൂണിസത്തെയും ക്രിസ്തുമതത്തെയും തമ്മില്‍ താരതമ്യം ചെയ്യുന്നതിലോ തെറ്റു പറയില്ല. സിപിഎം ക്രിസ്തുമതമാണെന്നും പ്രകാശ് കാരാട്ട് യേശുക്രിസ്തുവാണെന്നും പ്രസംഗകുലപതി ജയരാജന്‍ പ്രസംഗിച്ചു കേട്ടപ്പോള്‍ മൊത്തത്തിലൊരു കണ്‍ഫ്യൂഷന്‍. വന്നുവന്ന് മാര്‍ക്സിസം ദൈവത്തിനൊപ്പമോ ഒരു വേള അതിനുമപ്പുറത്തോ എത്തിയോ എന്നാണു ശങ്ക. ജയരാജനു പറ്റിയതു നാവുദോഷമായിരിക്കുമോ എന്നു ദോഷൈകദൃക്കുകള്‍ സംശയിച്ചിരിക്കുമ്പോഴാണു പാര്‍ട്ടി സെക്രട്ടറി സാക്ഷാല്‍ പിണറായി സഖാവ് തന്നെ നേരിട്ടു രംഗത്തെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളിയാണു യേശുക്രിസ്തുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞുതരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും ബുദ്ധിമുട്ടാണ് ധനവാനു സ്വര്‍ഗത്തില്‍ കടക്കാനെന്നും ബൈബിള്‍ ഉദ്ധരിച്ചു പിണറായിയുടെ സുവിശേഷം.
പിണറായി വിജയനെ ന്യായീകരിച്ചു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത രംഗത്തു വന്നതോടെ കളം കൊഴുത്തു. ഇനിയിപ്പോള്‍ കെ.എം. മാണിക്കും പി.ജെ. ജോസഫിനുമൊക്കെ പള്ളിയെയും പട്ടക്കാരെയുമൊന്നും തള്ളിപ്പറയേണ്ടി വരില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പേരില്‍ മാണിസാര്‍ ഇന്നലെ നല്ലൊരു കദിന നിറച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഈ വെടി പൊട്ടുമത്രേ. പിറവം തെരഞ്ഞെടുപ്പും ഈ സമയത്തായിരിക്കും. ഏതായാലും ദൈവം വലിയവനെന്ന് മാണി സാറിനു സ്തുതി പറയാം.
സ്റ്റോപ് പ്രസ്
കിഴക്കന്‍ ജര്‍മനിയുടെ തലസ്ഥാനത്തു സ്ഥാപിച്ചിരുന്ന കാള്‍ മാര്‍ക്സിന്‍റെയും ഏംഗല്‍സിന്‍റെയും പ്രതിമകള്‍ സെമിത്തേരിയിലേക്കു മാറ്റാന്‍ ജര്‍മന്‍ മന്ത്രി പീറ്റര്‍ റാംസ്വറിന്‍റെ ഉത്തരവ്.
തല്‍സ്ഥാനത്തു നല്ലൊരു പള്ളിയോ ക്ഷേത്രമോ സ്ഥാപിച്ചു പാപമുക്തി നേടാം.
Close...
Maximum Character Allowed -
4000