സ്നേഹിക്കുന്നു മൃഗങ്ങളെ
Published : Tuesday,
February 07,
2012
ബെയ്റൂട്ടിലെ ചിക് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ഒരു വീടിന്‍റെ ബാല്‍ക്കണിയില്‍ കഴിഞ്ഞ ഒക്റ്റോബറില്‍ പ്രത്യക്ഷപ്പെട്ടതൊരു സിംഹം. ചിത്രം സഹിതം പത്രത്തില്‍ വാര്‍ത്ത വന്നതോടെ സംഭവം എല്ലാവരുമറിഞ്ഞു. പക്ഷേ, അവിടെ അധികമാര്‍ക്കും അത്ഭുതം തോന്നിയില്ല. കാട്ടിലെ രാജാവിനെ മാത്രമല്ല, ഏതു മൃഗത്തേയും പെറ്റായി വളര്‍ത്തുന്നതു ലെബനനില്‍ പതിവാണ്. മൃഗസംരക്ഷണ നിയമങ്ങളൊന്നുമില്ലാത്ത ആ നാട്ടില്‍ അനിമല്‍ ട്രാഫിക്കിങ്ങും നിയമപരമല്ലാതെ കസ്റ്റഡിയില്‍ വയ്ക്കുന്നതുമൊക്കെ വാര്‍ത്ത പോലും ആകുന്നില്ല. എന്നാല്‍ ലിയോ എന്ന ഈ സിംഹത്തിന്‍റെ കാര്യത്തില്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ ഭാഗത്തു നിന്നു നടപടികള്‍ ഉണ്ടായി. അവര്‍ അതിന്‍റെ ഉടമസ്ഥനെ ചെന്നുകണ്ടു സംസാരിച്ചു. ഒടുവില്‍ അയ്യായിരം ഡോളര്‍ ചെലവാക്കി കേപ് ടൗണിലെ ഒരു സാങ്ച്വറിയിലാക്കി. ഇപ്പോള്‍ ലിയോ അവിടെ സസുഖം വാഴുന്നു. പക്ഷേ, എത്രയോ മൃഗങ്ങള്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നു. മൃഗങ്ങളോടുള്ള ആദ്യകൗതുകം മാറുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നു.
ഈ വിഷയത്തില്‍ രാജ്യത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണു അനിമല്‍ റൈറ്റ് ആക്റ്റിവിസ്റ്റുകള്‍. മനുഷ്യന്‍റെ അവകാശങ്ങള്‍ വേണ്ടത്ര സംരക്ഷിക്കപ്പെടാത്ത രാജ്യത്ത് ഇതൊക്കെ സാധ്യമാകുമോ എന്നതും ചിന്തിക്കേണ്ടതാണ്. എങ്കിലും ബെയ്റൂട്ട് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഒഫ് അനിമല്‍സ് ( ബെറ്റ) എന്ന സംഘടന സജീവം. മുതലയായാലും കടുവയായാലും വംശനാശഭീഷണി നേരിടുന്ന മൃഗമായാല്‍പ്പോലും ആവശ്യപ്പെട്ടാല്‍ എത്തിച്ചുകൊടുക്കുന്ന പെറ്റ് ഷോപ്പുകള്‍ ധാരാളമുണ്ടെന്നു പറയുന്നു ബെറ്റയുടെ പ്രവര്‍ത്തകയായ സെവീന്‍ സെഹ്റാന്‍. പൊതുജനബോധവത്ക്കരണം, ശക്തമായ നിയമങ്ങള്‍, നിയന്ത്രണം ഇവയൊന്നുമില്ലാത്തതും അനിമല്‍ ട്രാഫിക്കിങ്ങിനെ എളുപ്പമാക്കുന്നു. ഇത്തരം നിയമങ്ങള്‍ തീരെ ശക്തമല്ലാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണു ലെബനന്‍.
ശക്തമല്ലാത്ത നിയമങ്ങള്‍, സുരക്ഷിതത്വമില്ലാത്ത അതിര്‍ത്തികള്‍ തുടങ്ങിയവയൊക്കെയും ലെബനനെ മൃഗങ്ങളുടെ കച്ചവടത്തിന്‍റേയും സ്മഗിളിങ്ങിന്‍റേയും കേന്ദ്രമാക്കി മാറ്റുകയായിരുന്നു. സിംഹം, ചിമ്പാന്‍സി, അപൂര്‍വയിനം തത്തകള്‍....അങ്ങനെ എന്തു വേണമെങ്കിലും എളുപ്പം സ്വന്തമാക്കാം. അനിമല്‍ വെല്‍ഫെയര്‍ ലെജിസ്ലേഷന്‍ പാസാക്കാന്‍ പാര്‍ലമെന്‍റ് മുന്‍കൈ എടുക്കണമെന്ന് അനിമല്‍ ലെബനനന്‍സ് എന്ന ഗ്രൂപ്പിന്‍റെ ഡയറക്റ്റര്‍ ജേസണ്‍ മേയര്‍ പറയുന്നു. ദേശീയ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും സജീവമാകുമ്പോള്‍ ഇത്തരമൊരു ആവശ്യത്തിന് എത്രത്തോളം പരിഗണന ലഭിക്കുമെന്നുറപ്പില്ല. എങ്കിലും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ബെറ്റയും അനിമല്‍സ് ലെബനനും പലയിടത്തും നിന്നും രക്ഷിച്ച മൃഗങ്ങള്‍ ഒരുപാടുണ്ട്, പൂച്ചയും പട്ടിയും കുരങ്ങും സിംഹക്കുട്ടിയുമൊക്കെയുണ്ട്.
ഒരിക്കല്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു ഒരാള്‍. ഒരു ചെറുപ്പക്കാരന്‍ ഒരു സിംഹത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം. സിംഹത്തെ പെറ്റായി വളര്‍ത്തുന്ന ഒരാളുടെ വീട്ടിലാണ് അന്വേഷണം അവസാനിച്ചത്. പക്ഷേ സാങ്ച്വറിയിലേക്കു മാറ്റണമെന്ന ഗ്രൂപ്പിന്‍റെ ആവശ്യം അയാള്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോഴും ആ പടം ഫേസ്ബുക്കില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം വേരോടെ അറുത്തു മാറ്റാനുള്ള തീവ്രശ്രമത്തിലാണ് അനിമല്‍ ലെബനന്‍. ലോകമെങ്ങുമുള്ള നിയമവിദഗ്ധരുടെ സഹകരണത്തോടെ അനിമല്‍സ് ലെബനന്‍ പാര്‍ലമെന്‍റില്‍ ഡ്രാഫ്റ്റ് ലെജിസ്ലേഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. അനില്‍ ട്രാന്‍സ്പോട്ടേഷനും വില്‍പ്പനയ്ക്കും കൈവശം വയ്ക്കുന്നതിനുമെതിരെ ശക്തമായ നിയമങ്ങളായിരിക്കും അതില്‍ ഉണ്ടാകുക. നാലു വര്‍ഷമായി ഇതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നെന്നു പറയുന്നു ജേസണ്‍ മെയര്‍ പറയുന്നു.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു പെറ്റായി വളര്‍ത്തുന്ന മൃഗങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സമയം. അപ്പോഴാണ് പലരും വെക്കേഷനായി പല രാജ്യത്തേക്കും പോകുന്നത്. ആ സമയത്തു ഇത്തരം മൃഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരിക്കും. ഈ സാഹചര്യമെല്ലം ഒരിക്കല്‍ മാറുമെന്ന പ്രതീക്ഷയിലാണു മൃഗസംരക്ഷണ സംഘടനകള്‍.
Close...
Maximum Character Allowed -
4000