ഈ സിനിമയ്ക്ക് ഏഴുലക്ഷമോ
Published : Tuesday,
February 07,
2012
സാം ഫിര്‍ത്ത് എന്നും ഒരു തടാകത്തിനു മുന്നില്‍ വന്നു നിശ്ചലയായി നില്‍ക്കും. എന്നിട്ട് എന്നും തന്‍റെ മുഖം ചിത്രീകരിക്കും. ഒരു ദിവസം പത്തു മിനിറ്റ് വച്ച്, ഇതുവരെ അറുപത്തൊന്നു മണിക്കൂര്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഒരു നല്ല വര്‍ക്ക് ക്രിയേറ്റ് ചെയ്യുന്നതിനായി ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ക്രിയേറ്റിവ് സ്കോട്ടലന്‍ഡ് എന്ന സംഘടനയും നല്‍കിയ പണം ഉപയോഗിച്ചാണു സാമിന്‍റെ വ്യത്യസ്ത ആശയം ആവിഷ്കരിക്കുന്നത്. എന്നാല്‍ നികുതിദായകരുടെ പണം ഉപയോഗിച്ച്, വെറുതെ ഒരു തടാകത്തിനു മുന്നില്‍ നിന്നുള്ള പ്രൊജക്റ്റ് പലരുടേയും നെറ്റി ചുളിപ്പിക്കുന്നു. സ്കോട്ട്ലന്‍ഡിലാണു സംഭവം.
ഏഴുലക്ഷത്തി എഴുപതിനായിരം രൂപ നല്‍കിയൊരു പ്രൊജക്റ്റ് എന്നു പറയുമ്പോള്‍ പലരും കരുതി നല്ലൊരു വര്‍ക്കായിരിക്കും പുറത്തു വരാന്‍ പോകുന്നതെന്ന്. എന്നാല്‍ ഇമോഷണല്‍ ജേണി എന്നു പേരിടുകയും, കാര്യമായി യാതൊരു ഇമോഷണുമില്ലാത്ത സ്വന്തം മുഖം ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു സാം. ലോട്ടറി ഫണ്ടിങ്ങില്‍ നിന്നും പൊതുജനങ്ങളുടെ പേഴ്സില്‍ നിന്നുമാണ് ഇതിനുള്ള പണം വരുന്നത്. മറ്റുള്ളവര്‍ക്കു പണം കളയാനുള്ള മാര്‍ഗമായി തോന്നുമെങ്കിലും, സ്വന്തം സിനിമയെക്കുറിച്ചു വലിയ വലിയ പ്രതീക്ഷകളാണ് ഈ മുപ്പത്തേഴുകാരിക്ക്. അറുപത്തൊന്നു മണിക്കൂര്‍ ചിത്രീകരിച്ചത് എഡിറ്റ് ചെയ്ത് ഇരുപതു മിനിറ്റാക്കും. തീര്‍ന്നില്ല, ലോകമെങ്ങുമുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
മുമ്പ് അധ്യാപികയായിരുന്ന സാം, ഏഴു വര്‍ഷം മുമ്പാണു സ്കോട്ട്ലന്‍ഡിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്കു താമസം മാറിയത്. ഇതു കക്ഷിയുടെ മൂന്നാമത്തെ ചിത്രം. ദ വേം ഇന്‍സൈഡ് എന്ന സിനിമയ്ക്ക് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സിനിമ എടുക്കുമ്പോള്‍ ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നു പറയുന്നു സാം. ചില നാട്ടുകാരും കൂട്ടുകാരുമൊക്കെ സിനിമയെക്കുറിച്ചു സംശയാലുക്കളാണെന്നും സാം പറയുന്നു.
മൂല്യമുള്ള എന്തിനേയും ആവിഷ്കരിക്കാനുള്ള അവകാശമുണ്ട് കലാകാരന്മാര്‍ക്ക്. ആ ആവിഷ്കാരത്തെയാണു കല എന്നു പറയുന്നത്. എന്നാല്‍ ഇത്തരമൊരു കാര്യത്തിന് എന്തിനു ഫണ്ട് അനുവദിച്ചു എന്നു ചോദിക്കുന്നു സ്കോട്ട്ലന്‍ഡിലെ ഡയറക്റ്റര്‍ ഒഫ് ടാക്സ്പേയേഴ്സ് എബന്‍ വില്‍സണ്‍. ഫിലിം മേക്കിങ്ങിന്‍റെ വളരെ വ്യക്തിപരമായ ഒരു ശബ്ദം വികസിപ്പിച്ചെടുക്കുകയാണു സാം എന്നു ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ന്യായീകരിക്കുന്നു. ഇനിയിതു പബ്ലിസിറ്റി കൂട്ടാനുള്ള മാര്‍ഗമായിരിക്കുമോ...കാത്തിരുന്നു കാണാം.
Close...
Maximum Character Allowed -
4000