Thursday, May 24, 2012   12:23 AM IST
Vaartha BlogRSS
Loading
ഇടറി വീണ ഹിന്ദുസ്ഥാനി....
Published : Tuesday, February 07, 2012
|
  
Text Size
കെ. പി. സജീവന്‍

ലോകത്തൊരു കലാകാരനും ഇനിയീഗതി വരരുത്... എന്തൊരു ജന്മമാ ഞങ്ങളുടേത്. ഇവിടെക്കിടന്ന് മരിച്ചാല്‍ പോലും പുറത്താരും അറിയില്ല. അല്ലെങ്കില്‍ എന്തിന് ഞങ്ങളുടെ കാര്യം പറയുന്നു. ഏതു കലാകരനെയാ ജീവിച്ചിരിക്കുമ്പോള്‍ ഈ നാട് ആദരിച്ചത്. ആ ബാബുരാജൊക്കെ എങ്ങനെയാ മരിച്ചത്. ഇപ്പോള്‍ വര്‍ഷാവര്‍ഷം അനുസ്മരണങ്ങളും സ്മാരക അവാര്‍ഡുകളും ഗാനസന്ധ്യകളും ഒരുക്കുന്നവര്‍ ആ മനുഷ്യന്‍ ജീവിച്ചരിക്കുമ്പോള്‍ തിരിഞ്ഞുനോക്കിയോ..മിക്കപ്പഴും കടത്തിണ്ണകളും ബസ്സ്റ്റാന്‍ഡുകളുമൊക്കെയായിരുന്നില്ലേ ആശ്രയം. മരിച്ചപ്പോള്‍ ചെയ്തതിന്‍റെ നൂറിലൊന്നെങ്കിലും ജീവിച്ചരിക്കുമ്പോള്‍ ചെയ്തിരുന്നെങ്കിലോ...’ മനീഷ മറാഠെ പറഞ്ഞത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളെജിന്‍റെ മോര്‍ച്ചറിയും കടന്ന് ഒരുപാട് ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് ആ വീട്ടില്‍ എത്തിയത്. ഹൗസിങ് ബോര്‍ഡിന്‍റെ ആ വീട്ടിലാണ് ശരത്ചന്ദ്ര ആര്‍.മറാഠെ താമസിക്കുന്നത്. കേരളത്തെ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ സ്വരസ്ഥാനങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ച വിഖ്യാത സംഗീതജ്ഞന്‍. അദ്ദേഹത്തിന്‍റെ ദുരിത ജീവിതം കണ്ടു മടങ്ങുമ്പോള്‍ യാത്രയിലുടനീളം ആലോചിച്ചു, അതെക്കുറിച്ച് എഴുതുമ്പോള്‍ കുറിക്കേ ണ്ട ആമുഖത്തെക്കുറിച്ച്. സംഗീത ജ്ഞനാണ് അപ്പോള്‍ പതിവു പോലെ ഹിന്ദു സ്ഥാനിയിലെ രണ്ടു രാഗങ്ങളൊക്കെച്ചേര്‍ത്തൊന്നു പൊലിപ്പിച്ചാലോ? പക്ഷേ, എഴുതാനിരുന്നപ്പോള്‍ മനസില്‍ വന്നത് സംഗീതമല്ല...ശരത്ചന്ദ്ര മറാഠെയുടെ ഭാര്യ മനീഷ മറാഠെയുടെ രോഷത്തിന്‍റെ ആരോഹണങ്ങള്‍...പലപ്പോഴും കരച്ചിലോളം ചെന്നെത്തിയ സംസാരത്തിന്‍റെ അവരോഹണങ്ങള്‍...അതു കൊണ്ട് ആ വാക്കുകള്‍ തന്നെയാണ് ഈ ദുരിതജീവിത താളത്തിന്‍റെ ആമുഖം...

മരിച്ചിട്ടില്ലല്ലോ പിന്നെന്തിനാ..

മനീഷ, ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഔന്നിത്യമുള്ള പ്രതിഭയ്ക്ക് കൂട്ടിന് ഇപ്പോള്‍ രാഗങ്ങളില്ല. ശരത്ചന്ദ്ര മറാഠെയ്ക്ക് ഇപ്പോള്‍ തുണ ഭാര്യ മാത്രം. വാര്‍ധക്യത്തിന്‍റെ ഇടറിയ ഈണങ്ങളില്‍ ഈ രണ്ടു ജീവിതങ്ങള്‍ ഇവിടെ, ഒരു ചെറിയ വീട്ടില്‍ ജീവിക്കുന്നു എന്നു മാത്രം അറിയാം. അഞ്ചു വര്‍ഷം മുമ്പ് വിഷുദിനത്തില്‍ ശരത്ചന്ദ്ര മറാഠെയുടെ വീട്ടില്‍ വന്നതോര്‍ക്കുന്നു. ജില്ലാ കലക്റ്റര്‍, എംഎല്‍എ, മാധ്യമപ്പട, ചാനല്‍ ക്യാമറകള്‍...അന്ന് ഈ വീടിന്‍റെ പാലുകാച്ചായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലം താമസിച്ച, ഒറ്റ മഴച്ചാറ്റലിനു വെള്ളം കയറുമായിരുന്ന ചിന്താവളപ്പിലെ വാടക വീട്ടില്‍ നിന്ന് വിശ്രുത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്ര ആര്‍. മറാഠെയേയും ഭാര്യയേയും ഹൗസിങ് ബോര്‍ഡിന്‍റെ പുതിയ വീട്ടിലേ ക്കു മാറ്റിപ്പാര്‍പ്പിക്കുന്നതിന്‍റെ ആഘോഷം. കേരളത്തില്‍ ഹിന്ദുസ്ഥാനിയുടെ കര്‍ണികാരങ്ങള്‍ പൊഴിച്ച ആളാണ്... അന്ന് ആരോ കാലത്തിനൊപ്പിച്ച് ഒരു അലങ്കാരപ്രയോഗത്തിന്‍റെ സാധ്യത തേടിയത് ഓര്‍ക്കുന്നു.

മോര്‍ച്ചറിയിലെ സ്പിരിറ്റിന്‍റെ മണവും ഊടുവഴികളും കടന്ന് ചെന്നപ്പോള്‍ സംശയം... ഒന്നു കൂടി തീര്‍ച്ചപ്പെടുത്താന്‍ വഴിചോദിക്കാന്‍ ആര്? ഒരു വിഷാദ ഗാനം പോലെ വിജനമായ വഴിയില്‍ ആരുമില്ല. പഴയ ഓര്‍മ വച്ചു ചൈന്നത് ആ വീട്ടില്‍ത്തന്നെ. കോളിങ് ബെല്ലില്‍ വിരലമര്‍ത്തി. അത് ചത്തുകിടക്കുന്നു. മടിച്ചിട്ടാണെങ്കിലും വീടിനുള്ളിലേക്ക് കയറിച്ചെന്നു. ശബ്ദം താഴ്ത്തി വിളിച്ചു. മറുപടിയൊന്നും ഉണ്ടായില്ല. തട്ടിവിളിച്ചപ്പോള്‍ മനീഷ ഞെട്ടി എഴുന്നേറ്റു. പത്രക്കാരാണെന്നുപറഞ്ഞപ്പോള്‍, അടുപ്പക്കാര്‍ മനീഷത്ത എന്നു വിളിക്കുന്ന ആ സ്ത്രീയിടെ ശബ്ദം ഉയര്‍ന്നു, “മരിച്ചിട്ടില്ലല്ലോ പിന്നെന്തിനാ..’ അവര്‍ എഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. “വയ്യ കുട്ടീ..അദ്ദേഹത്തേക്കാളും കഷ്ടാ കാര്യം. രണ്ടുകാലിനും സ്വാധീനമില്ലാതായി. എഴുന്നേറ്റു നില്‍ക്കാന്‍പാലും പറ്റുന്നില്ല. എനിക്ക് ഓര്‍മയെങ്കിലുമുണ്ട്. അദ്ദേഹത്തിനാണെങ്കില്‍ ഓര്‍മയുമില്ല സംസാരിക്കാനും പറ്റുന്നില്ല...’

അതാ, അപ്പുറത്തെ കട്ടിലില്‍ ശരത്ചന്ദ്ര മറാഠെ. ഹിന്ദുസ്ഥാനിയില്‍ സംഗീത വിസ്മയം തീര്‍ത്ത മനുഷ്യന്‍ ഇപ്പോളിങ്ങനെ ആരെയും തിരിച്ചറിയാതെ, ഒരു രാഗവിസ്താരംപോലും തീര്‍ക്കാനാവാതെ... “ഒരുകണക്കിന് അദ്ദേഹത്തിനാണ് സുഖം. ഇവിടെ നടക്കുന്നതൊന്നും അറിയേണ്ടല്ലോ. നേരാംവണ്ണം വിശപ്പുപോലുമില്ലാത്തതിനാല്‍ ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തയുമില്ല... ഇപ്പോള്‍ രണ്ടുവര്‍ഷത്തോളമായി ഈ കിടപ്പ്. പിച്ചും പേയും പറയും... അദ്ദേഹ ത്തെ പരിചരിക്കാന്‍ വേണ്ടിയുള്ള ജന്മമായിരുന്നു എന്‍റേത്. പക്ഷേ, കൈയെത്തുന്നിടത്ത് കാലെത്താത്ത അവസ്ഥയില്‍ ഞാനെന്തുചെയ്യും...’

മറാഠെയുടെ ദുരിതയാത്ര

മഹരാഷ്ട്രയിലെ സിദ്ധേശ്വര്‍ ഗ്രാമത്തില്‍ 1929ല്‍ രഘുനാഥ് മറാഠെയുടേയും ജാനകിയുടേയും മകനായി ജനിച്ച ശരത് ചന്ദ്ര മറാഠെ ഇപ്പോള്‍ ഈ എണ്‍പത്തിമൂന്നാം വയസില്‍ കോഴിക്കോട്ട് ദുരന്തകഥാപാത്രമായി... അച്ഛനില്‍ നിന്നാണ് സംഗീതം പകര്‍ന്നു കിട്ടിയത്. നന്നേ ചെറുപ്പം മുതല്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. റെയ്ല്‍വെയില്‍ സ്റ്റെനോഗ്രാഫറായി ജോലിനോക്കുമ്പോഴാണ് ഒട്ടും നിനയ്ക്കാതെ 1951ല്‍ കേരളത്തില്‍ എത്തുന്നത്. ഗുരു മനോഹര്‍ ബറുവേയുടെ നിര്‍ദേശപ്രകാരമായിരുന്നു ആ യാത്ര. പൂമുള്ളിമനയിലെ രാമന്‍ നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി പഠിപ്പിക്കാനായിരുന്നു നിയോഗം. ജോലിയും നാടുംവിട്ട് കേരളത്തിലേക്ക് കുടിയേറി. നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി പഠിപ്പിച്ചെങ്കിലും മറാഠെ മടങ്ങിയില്ല. ഹിന്ദുസ്ഥാനിയില്‍ മറാഠെയ്ക്കുള്ള അപാര കഴിവ് തിരിച്ചറിഞ്ഞ് സംഗീത പ്രേമിയും കൊപ്രക്കച്ചവടക്കാരനുമായ ശ്രീരാംഗരുചറാണ് അദ്ദേഹത്തെ കോഴിക്കോട്ടേക്കുകൊണ്ടുവന്നത്. എട്ടുവര്‍ഷത്തോളം ഗുരുചറിന്‍റെ വീട്ടില്‍ താമ സിച്ചു. കേരളത്തിലങ്ങോളം മറാഠെ ഹിന്ദു സ്ഥാനിയെ പരിചയപ്പെടുത്തി. പിന്നീട് ചിന്താവളപ്പിലെ വാടകവീട്ടിലേക്ക് താമസംമാറി. എം. എസ്. ബാബുരാജും സംവിധായകന്‍ അരവിന്ദനും ഉള്‍പ്പെടെ നൂറുകണക്കിന് ശിഷ്യര്‍ മറാഠെക്കു ദക്ഷിണ വച്ചു. അവിവാഹിതരുടെ സ്വര്‍ഗം, ഉപ്പ് തുടങ്ങി സിമികള്‍ക്കും നിരവധി നാടകങ്ങള്‍ക്കും സംഗീതം പകര്‍ന്നു. കോഴിക്കോടിന്‍റെ സംഗീത സന്ധ്യകളില്‍ സ്ഥിരം സാന്നിധ്യമായി. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ വിധിതീര്‍പ്പു വേദികളില്‍ അവസാനവാക്കുമായി. ബാബുരാജിന്‍റെ പാട്ടുകള്‍ക്കുള്ള ഹിന്ദുസ്ഥാനി ഭാവം മറാഠെയുടെ സംഭാവനയായിരുന്നു.

ഒരു വിനായക ചതുര്‍ഥി നാളില്‍ മട്ടാഞ്ചേരി ക്ഷേത്രത്തില്‍ കച്ചേരിക്കിടെയാണ് മനീഷയെ ശരത്ചന്ദ്ര മറാഠെ കണ്ടുമുട്ടിയത്. അതുവരെ കേട്ടു ശീലമില്ലാത്ത ഹിന്ദു സ്ഥാനി സംഗീതം ഹൃദയത്തിലേക്കാവാഹിക്കുമ്പോള്‍ കൂടെ മഹരാഷ്ട്രക്കാരനായ ആ സംഗീതജ്ഞനും മനസില്‍ കൂടുകൂട്ടി. മനീഷയുടെ മനസറിഞ്ഞപോലെ മറാഠെ ചോദിച്ചു, കൂടെപ്പോരുന്നോ?അന്ന് ഇറങ്ങിത്തിരിച്ചതാണ്. ഇപ്പോള്‍ വര്‍ഷം പത്തറുപതഞ്ചുകഴിഞ്ഞു. മറാഠെയെന്ന സംഗീതജ്ഞന്‍റെ പ്രശസ്തിയുടെ തണലില്‍ അരനൂറ്റണ്ടിലേറെക്കാലം ജീവിച്ചിട്ടിപ്പോള്‍ ഇങ്ങനെ ദുരിതക്കയത്തില്‍ താണുപോയത് അവര്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. ഭാഗ്യമോ നിര്‍ഭാഗ്യമോ ഇവര്‍ക്കു മക്കളില്ല.

അവശതയുടെ പെന്‍ഷനുമില്ല

മനീഷത്തയുടെ വാക്കുകളില്‍ ഭൂതകാലം അവസാനിക്കുന്നു. എല്ലാവരും ഒച്ചപ്പാടുണ്ടാക്കിയപ്പോഴാണ് ഇവിടെ ഒരു വീടുതന്നത്. ആദ്യത്തെ ഒന്നുരണ്ടുമാസം പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പലരും വന്നുപോയി. ചിലര്‍ സഹായിച്ചു. പക്ഷേ പതിയെ എല്ലാം നിലച്ചു. ചിന്താവളപ്പിലായിരുന്നപ്പോള്‍ സന്ദര്‍ശകരും മാഷിന്‍റെ ശിഷ്യന്‍മാരും, സുഹൃത്തുക്കളുമെല്ലാമായി സദാസമയവും ആളുകള്‍ വന്നിരുന്നു. വരുന്നവര്‍ തരുന്ന ചില്ലറ സഹായങ്ങള്‍ക്കൊണ്ട് അല്ലലില്ലാതെ കഴിഞ്ഞു. ഇവിടെ ഇത്രയും അകലെ ആരുവരാനാ. അവിടെയായിരുന്നപ്പോള്‍ അവശകലാകാരന്മാര്‍ക്കുള്ള 500 രൂപ പെന്‍ഷന്‍ കൃത്യമായി കിട്ടിക്കൊണ്ടിരുന്നു. ഇവിടെ ആദ്യ രണ്ടുമാസം മാത്രമാണ് കിട്ടിയത്. എന്തൊക്കെയോ സാങ്കേതികപ്രശ്നത്തിന്‍റെ പേരില്‍ അതു നിന്നു. പിന്നെ പല സന്നദ്ധസംഘടനകളും നല്‍കി പോന്ന സഹായങ്ങളും രണ്ടു മൂന്നുമാസം തുടര്‍ന്നു. ചുരുക്കം ചിലരുടെ സഹായങ്ങള്‍മാത്രമാണ് ആകെയുള്ള ആശ്രയം. സഹായത്തിന് ഇവിടെ ഒരു സ്ത്രീവരുന്നു ണ്ട്. എനിക്കും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതായതോടെ ഭക്ഷണം അവര്‍ വച്ചു തരുന്നുണ്ട്. അവര്‍ക്ക് മാസം 3000 കൊടുക്കണം. പിന്നെ ഭക്ഷണ സാധന ങ്ങള്‍ വേണം. കറന്‍റ് ചാര്‍ജ് വേണം. ചെറുതാണെങ്കിലും വാടകയെന്ന പേരില്‍ മൂസം നൂറുരൂപ വേറെയും. ഭക്ഷണം വേണമെങ്കില്‍ എല്ലാ ദിവസവും തിന്നേണ്ടെന്നു വെക്കാം. പക്ഷേ, പരിചരിക്കു ന്ന സ്ത്രീക്ക് കൊടുക്കാനുള്ളതെങ്കിലും വേണ്ടെ. ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ കിട്ടിയ കുറച്ച് പണം ബാങ്കിലുണ്ടായിരു ന്നു. ഇടയ്ക്ക് തീരെ വയ്യാതായപ്പോള്‍ എനിക്കൊരു ഓപ്പറേഷനും കുറേക്കാലത്തെ ആശുപത്രിവാസവും വേണ്ടിവന്നു. അതില്‍ നിന്നും അങ്ങനെ കുറേ പോയി. ഇപ്പോള്‍ ഇദ്ദേഹ ത്തിനുള്ള മരുന്നെങ്കിലും വാങ്ങേണ്ടെ... നല്ലകാലത്ത് ഒരാളുടെ കൈയ്യില്‍ നിന്നും നൂറുരൂപ പോലും പറ്റാതിരുന്ന ഇദ്ദേഹ ത്തിനിപ്പോള്‍... മനീഷത്ത കരഞ്ഞു തുടങ്ങിയിരുന്നു.

ഇവിടെക്കിടന്നു മരിച്ചാലും...

“നിങ്ങളറിയോ ഈ വീട്ടിലേക്കിപ്പോള്‍ ആരെങ്കിലും വന്നിട്ട് മാസങ്ങളായി. വല്ലപ്പോഴും വരുന്നത് ജോലിക്കാരി മാത്രം. ഞങ്ങള്‍ രണ്ടും ഇവിടെ കിടന്നു ചത്തുപോയാല്‍ പുറത്താരും അറിയണമെങ്കില്‍ എത്ര ദിവസം കഴിയേണ്ടി..വരും..പുഷ്പചക്രം സമര്‍പ്പിക്കാനും അനുശോചിക്കാനും വരുന്നവര്‍ക്ക് ദുര്‍ഗന്ധം കാരണം ഇങ്ങോട്ട് കയറാനാവുമോ...’ മനീഷയുടെ വാക്കുകളില്‍ നിന്ന് എന്ത് എഡിറ്റ് ചെയ്യാന്‍?

മാധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു പ്രതിസന്ധിമാത്രമായിരുന്നോ അഞ്ചു വര്‍ഷം മുമ്പ് മറാഠെ? ചിന്താവളപ്പിലെ വാടകവീട്ടില്‍ നിന്നും പ്രശ്നപരിഹാരമായി മെഡിക്കല്‍ കോളെജിന്‍റെ ഒരു മൂലയില്‍ ആവശ്യക്കാരില്ലാതെ അടച്ചിട്ട ഹൗസിങ് ബോര്‍ഡിന്‍റെ ഒരു വീട് എളുപ്പത്തില്‍ കണ്ടെത്തിക്കൊടുക്കുകയായിരുന്നോ? കൊട്ടിഘോഷിച്ച് അന്ന് അങ്ങനെയൊരു ബാധ്യത നിറവേറ്റുകയായിരുന്നോ?...ആരോടു ചോദിക്കാന്‍. കിട്ടാതായ പെന്‍ഷന്‍റെ കാര്യം കാണിച്ച് മനീഷത്ത അയച്ച സങ്കടം അങ്ങുദൂരെ സെക്രട്ടേറിയറ്റില്‍ ഏതോ ഫയലിനുള്ളില്‍ എത്രയോ കാലമായി മയങ്ങുന്നു. ഒരിക്കല്‍ സംഗീതത്തിന്‍റെ മാന്ത്രിക സ്പര്‍ശങ്ങളുണര്‍ത്തിയ ശരത്ചന്ദ്ര മറാഠെ ഈ ചെറിയ വീട്ടില്‍ ഒരു കട്ടിലില്‍ ഒന്നുമറിയിയാതെ...ഓര്‍മകളില്‍ പോലും സംഗീതമില്ലാതെ...തൊട്ടടുത്ത് ജീവിതത്തിന്‍റെ എല്ലാ ഈണങ്ങളും ഇടറി വീഴുന്നത് നിസഹായതയോടെ കാണുന്ന മനീഷത്ത... പണ്ടൊരിക്കല്‍ ഒരു വിനായക ചതുര്‍ഥി നാളില്‍ മനസില്‍ വന്നു വീണ ആ ഹിന്ദുസ്ഥാനി രാഗം അവരും മറന്നു പോയിരിക്കുന്നു....

Rate This News :
Latest News