ചോദ്യം 9.
തന്നിട്ടുള്ള വര്‍ഷങ്ങളേയും സംഭവങ്ങളേയും അടിസ്ഥാനമാക്കി ഒരു സമയരേഖ തയാറാക്കുക.
വര്‍ഷങ്ങള്‍:
1804, 1789, 1640, 1689, 1628, 1688
സംഭവങ്ങള്‍
*ഫ്രഞ്ച് വിപ്ലവകാരികളുടെ
ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ.
*ചാള്‍സ് ഒന്നാമന്‍ ലോങ് പാര്‍ലമെന്‍റ്
വിളിച്ചുകൂട്ടി
*ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം.
*രാജാവിന്‍റെ അധികാരങ്ങളെ
നിയന്ത്രിക്കുന്ന പെറ്റിഷന്‍ ഒഫ് റൈറ്റ്
*നെപ്പോളിയന്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായി
സ്വയം പ്രഖ്യാപിച്ചു
*ഇംഗ്ലണ്ടിലെ അവകാശ നിയമം
1628: രാജാവിന്‍റെ അധികാരങ്ങളെ
നിയന്ത്രിക്കുന്ന പെറ്റിഷന്‍ ഒഫ് റൈറ്റ്
1640: ചാള്‍സ് ഒന്നാമന്‍ ലോങ് പാര്‍ലമെന്‍റ്
വിളിച്ചുകൂട്ടി.
1688: ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം.
1689: ഇംഗ്ലണ്ടിലെ അവകാശ നിയമം
1789: ഫ്രഞ്ച് വിപ്ലവകാരികളുടെ
ടെന്നിസ് കോര്‍ട്ട് പ്രതിജ്ഞ.
1804: നെപ്പോളിയന്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായി
സ്വയം പ്രഖ്യാപിച്ചു.
10. അഭിപ്രായം വിശകലനം ചെയ്യുക
കോളനീകരണത്തെ ശക്തിപ്പെടുത്താന്‍ സാമ്രാജ്യത്വം സ്വീകരിച്ച തന്ത്രങ്ങളില്‍ ഒന്നാണു പാശ്ചാത്യ വിദ്യാഭ്യാസം. ഈ അഭിപ്രായം വിശകലനം ചെയ്യുക.
പാശ്ചാത്യ സംസ്കാരത്തോടു വിധേയത്വമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കലായിരുന്നു മുതലാളിത്ത രാഷ്ട്രങ്ങള്‍ സ്വീകരിച്ച തന്ത്രങ്ങളില്‍ ഒന്ന്. തദ്ദേശീയമായ സാഹിത്യം, കല, വിദ്യാഭ്യാസം എന്നിവയെ തകര്‍ക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ ചെയ്യുകയും തത്സ്ഥാനത്തു പാശ്ചാത്യ വിദ്യാഭ്യാസം ചൂഷണത്തിനുള്ള ഒരു ഉപാധിയാക്കി മാറ്റുകയും, അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ വൃന്തത്തെ സൃഷ്ടിക്കുകയും ചെയ്തു. ജന്മംകൊണ്ടും നിറം കൊണ്ടും തദ്ദേശീയരും, അഭിരുചിയിലും വേഷം കൊണ്ടും പാശ്ചാത്യരായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്ത്, കോളനീകരണത്തെ ശക്തിപ്പെടുത്താന്‍ സാമ്രാജ്യ ശക്തികള്‍ക്കു സാധിച്ചു.
11. കുറിപ്പുകള്‍ തയാറാക്കുക:
*കറുപ്പു യുദ്ധങ്ങള്‍
*കര്‍ണ്ണാട്ടിക്ക് യുദ്ധങ്ങള്‍
കറുപ്പു യുദ്ധങ്ങള്‍: പതിനാറാം നൂറ്റാണ്ടു മുതല്‍ തന്നെ യൂറോപ്യന്‍ വാണിജ്യ ശക്തികള്‍ വ്യാപാര ബന്ധങ്ങള്‍ക്കായി ചൈനയുടെ വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങിയിരുന്നു. ചൈനയിലെ ഭരണാധികാരികള്‍ ഇവരെ അകറ്റി നിര്‍ത്തുന്നതില്‍ വിജയിച്ചു. പക്ഷേ ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനി ചൈനയുടെ മേല്‍ നിയന്ത്രണം നേടാന്‍ ചില വളഞ്ഞ വഴികള്‍ സ്വീകരിച്ചു. ചൈനയിലേക്കു അവര്‍ വന്‍തോതില്‍ കറുപ്പ് ((opium) കള്ളക്കടത്ത് തുടങ്ങി. ഇതിലൂടെ വന്‍ സാമ്പത്തിക ലാഭം കിട്ടിയെന്നു മാത്രമല്ല, ചൈനയെ ഭൗതികമായും ധാര്‍മികമായും തകര്‍ക്കാനും കഴിഞ്ഞു. കറുപ്പ് വ്യാപാരം ചൈനയുടെ സമ്പത്ത് വന്‍തോതില്‍ ചോര്‍ത്തിക്കളഞ്ഞു. ഇതു ചൈനീസ് ഭരണാധികാരികളെ കറുപ്പ് വ്യാപാരം നിരോധിക്കാന്‍ പ്രേരിപ്പിച്ചു. ഇംഗ്ലീഷുകാര്‍ക്കെതിരേ കര്‍ശന നിലപാട് എടുത്ത ചൈനയെ യുദ്ധത്തിലൂടെയാണു ബ്രിട്ടീഷുകാര്‍ നേരിട്ടത്. കറുപ്പു യുദ്ധങ്ങള്‍ (opium war) എന്ന പേരുകേട്ട ഈ യുദ്ധങ്ങളില്‍ ചൈന തോല്‍ക്കുകയും യൂറോപ്യന്‍ ശക്തികള്‍ ചൈനയെ വിവിധ സ്വാധീന മണ്ഡലങ്ങളായി (pheres of influence) പങ്കിട്ടെടുക്കുകയും ചെയ്തു.
കര്‍ണ്ണാട്ടിക് യുദ്ധങ്ങള്‍: യൂറോപ്പില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ എപ്പോഴെല്ലാം യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നുവോ അപ്പോഴെല്ലാം ഈ രാഷ്ട്രങ്ങള്‍ക്കു പൗരസ്ത്യ ദേശങ്ങളില്‍ ഉണ്ടായിരുന്ന കോളനികളിലും ഇതിന്‍റെ മാറ്റൊലികള്‍ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനിയും ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ ഇതിന്‍റെ ഭാഗമായിരുന്നു. 1740ല്‍ തുടങ്ങിയ ഓസ്ട്രിയന്‍ പിന്തുടര്‍ച്ചാവകാശ യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങളായിരുന്നു ഇന്ത്യയില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ നടന്ന കര്‍ണാട്ടിക്ക് യുദ്ധങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട യുദ്ധങ്ങള്‍.
ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം- 1746- 1748
രണ്ടാം കര്‍ണ്ണാട്ടിക് യുദ്ധം- 1749- 1754
മൂന്നാം കര്‍ണ്ണാട്ടിക് യുദ്ധം- 1756- 1763
12. പട്ടിക തയാറാക്കുക
ദേശീയതയുടെ രണ്ടു മുഖങ്ങളാണ് ആക്രാമക ദേശീയതയും, പ്രതിരോധ ദേശീയതയും - ഇവ താരതമ്യം ചെയ്ത് പട്ടിക തയാറാക്കുക.
ആക്രാമക ദേശീയത
മികവുകളും പാരമ്പര്യങ്ങളും
ഉയര്‍ത്തിപ്പിടിക്കുന്നു
രാജ്യത്തെ ഏകീകരിക്കാന്‍ സഹായിക്കുന്നു
വന്‍ തോതിലുള്ള ചൂഷണത്തിനും
അടിച്ചമര്‍ത്തലിനും കാരണമാകുന്നു.
വന്‍തോതിലുള്ള ആയുധീകരണത്തിലേക്കു
നയിക്കുന്നു
പ്രതിരോധ ദേശീയത
ഭരണാധികാരികളുടെ
ദുര്‍നയങ്ങള്‍ക്കെതിരേയുള്ള പ്രതികരണം
സ്വാതന്ത്ര്യം, വിമോചനം എന്നിവ
ലക്ഷ്യമാക്കുന്നു.
സാമ്രാജ്യത്വ ലക്ഷ്യങ്ങളെ തുറന്നു കാട്ടുന്നു
അടിമത്തത്തെ പ്രതിരോധിക്കുന്നു
13. യുദ്ധങ്ങളൊന്നും കൂടാതെ യൂറോപ്യന്‍ ശക്തികള്‍ ആഫ്രിക്കയുടെ വീതം വയ്പ്പ് സാധിച്ചെടുത്തത് എങ്ങനെ?
സാമ്രാജ്യത്വാധീനിവേശത്തിന്‍റെയും കോളനീകരണത്തിന്‍റെയും അത്യാര്‍ത്തിയുടെ മറ്റൊരു ഉദാഹരണമാണ് ആഫ്രിക്കയുടെ വീതം വയ്പ്പ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ അടിമക്കച്ചവടത്തിന്‍റെ പ്രാധാന്യം കുറയുകയും, ആഫ്രിക്കയിലെത്തിയ യൂറോപ്യന്‍ ശക്തികള്‍ തങ്ങളുടെ രാജ്യങ്ങളിലെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കാനുള്ള അന്വേഷണത്തിനായി യൂറോപ്യന്‍ ശക്തികള്‍ പരസ്പരം മത്സരിക്കുകയും ആഫ്രിക്ക നിരവധി കഷണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു. ഈ വീതം വയ്പ്പിനു രണ്ടു സവിശേഷതകള്‍ ഉണ്ട്. യുദ്ധങ്ങളൊന്നും കൂടാതെയാണ് ഇതു സാധിച്ചെടുത്തത്. മറ്റൊന്ന് അതിവേഗത്തില്‍ സാധിച്ചതാണ് ആഫ്രിക്കയുടെ ഈ വീതം വയ്പ്പ്. അങ്ങനെ 1914 ആയപ്പോഴേക്കും അബിസീനിയയും ലൈബീരിയയും ഒഴിച്ചുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെല്ലാം യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളായി.
14. എല്ലാ മനുഷ്യരും ഏതെങ്കിലും ഒരു കൂട്ടായ്മയിലെ അംഗമാണ്. നിങ്ങള്‍ ഏതെല്ലാം കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നു. ഏതെങ്കിലും നാലെണ്ണം എഴുതുക.
* കുടുംബം (family) * സമ പ്രായക്കാര്‍ (peer group) * സമൂഹം (society) * സമുദായം (community)
15. മറ്റ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടതെങ്ങനെ?
ദേശീയത രൂപപ്പെടുന്നതില്‍ സഹായിച്ചിട്ടുള്ള ഘടകങ്ങള്‍ കണ്ടെത്തി കുറിപ്പു തയാറാക്കുക?
മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ദേശീയത മതത്തിന്‍റേയും ജാതിയുടേയും പ്രാദേശികതയുടേയും വംശത്തിന്‍റേയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ല. മറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ ചില സവിശേഷ സാഹചര്യത്തിലാണ് ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടിരിക്കുന്നത്. ഇതിനു നിരവധി ഘടകങ്ങള്‍ സഹായിച്ചിട്ടുണ്ട്. അവയാണു താഴെ പറയുന്നത്. ചരിത്രപരമായ ഘടകങ്ങളില്‍ ബ്രിട്ടീഷുകാരുടെ ഭരണവും, സാംസ്കാരികമായ ഒരുമയും ദേശീയത രൂപം കൊള്ളുന്നതിനു കാരണമായിട്ടുണ്ട്. മറ്റൊന്ന് ഭൂമിശാസ്ത്രപരമായ ഘടകങ്ങളാണ്. വടക്ക് ഹിമാലയവും, കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും, പടിഞ്ഞാറ് അറബിക്കടലും തെക്ക് ഇന്ത്യന്‍ മഹാസമുദ്രവും അതിരുകളായ രാജ്യമാണ് ഇന്ത്യ. അനിയന്ത്രിതമായ കടന്നു കയറ്റങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കും ഒപ്പം തന്നെ മറ്റു സംസ്കാരങ്ങളുമായുണ്ടായ നിയന്ത്രിതമായ ഇടപെടലിനും ഇന്ത്യന്‍ ഭൂപ്രകൃതിയുടെ പ്രത്യേകത സഹായിച്ചു. ലോകത്തിലെ വിവിധ സാംസ്കാരങ്ങളുടെ സത്ത ഉള്‍ക്കൊണ്ടതാണ് ഇന്ത്യന്‍ സംസ്കാരം. ഇന്ത്യയില്‍ ഉത്ഭവിച്ച മതങ്ങളേയും വന്നുചേര്‍ന്ന മതങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഭാരതത്തിനു കഴിഞ്ഞിട്ടുണ്ട്. പരസ്പരാശ്രയത്തിലൂടെ വളര്‍ന്നുവന്ന ഇന്ത്യന്‍ സമൂഹം, മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒരു ദേശീയ ബോധം വളര്‍ത്തിക്കൊണ്ടു വരുവാന്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്.
16. പ്രസ്താവന സാധൂകരിക്കുക
ഇന്ത്യയില്‍ ജനാധിപത്യ സമ്പ്രദായമാണു നിലവിലുള്ളതെങ്കിലും വിവിധ കാരണങ്ങളാല്‍ ഇതിന്‍റെ മേന്മകള്‍ സമൂഹത്തിനു പൂര്‍ണമായി അനുഭവവേദ്യക്കാന്‍ കഴിഞ്ഞിട്ടില്ല. സൂചനകളുടെ അടിസ്ഥാനത്തില്‍ ഈ പ്രസ്താവന സാധൂകരിക്കുക.
സൂചനകള്‍: ദാരിദ്ര്യം, നിരക്ഷരത, അസമത്വം, അഴിമതി.
ഇന്ത്യന്‍ ജനാധിപത്യം ദുര്‍ബലപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ നമുക്ക് കാണാം. അവയില്‍ ചിലതാണ് ദാരിദ്ര്യം, നിരക്ഷരത, സാമ്പത്തിക അസമത്വം, വര്‍ഗീയത, ജാതീയത, വിഘടനവാദം, ഭാഷാവാദം, തീവ്രവാദം തുടങ്ങിയവ.
സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം:
ജനാധിപത്യത്തിന്‍റെ വിജയത്തിനു സാമൂഹ്യ സാമ്പത്തിക സമത്വം അത്യന്താപേക്ഷിതമാണ്. സാമൂഹ്യ നീതി നിലനിര്‍ത്താന്‍ പല നടപടികള്‍ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും സമത്വം നേടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
നിരക്ഷരത:
അടിസ്ഥാന വിദ്യാഭ്യാസം ജനാധിപത്യത്തിന്‍റെ ശക്തിയാണ്. ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗം നിരക്ഷരാണ്. ഇതുമൂലം ഭരണത്തില്‍ ക്രിയാത്മകമായി പങ്കുചേരാന്‍ ജനങ്ങള്‍ക്കു സാധിക്കാതെ വരുന്നു. സാമൂഹ്യരാഷ്ട്രീയ അസമത്വത്തിന് ഇതു കാരണമാകുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇന്നു നിലനില്‍ക്കുന്ന അസമത്വങ്ങള്‍ തുടച്ചു നീക്കാന്‍ കഴിയുകയുള്ളു.
വര്‍ധിച്ചുവരുന്ന ജനസംഖ്യ:
1950ല്‍ ഇന്ത്യയുടെ ജനസംഖ്യ 36 കോടി ആയിരുന്നെങ്കില്‍, ഇന്ന് 120 കോടിയായി വര്‍ധിച്ചു. ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ആരോഗ്യ മേഖലയിലുമുളള പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ കാരണം ജനസംഖ്യ വര്‍ധനവാണ്. രാജ്യത്തിന്‍റെ പുരോഗതിക്ക് തടസമായി നില്‍ക്കുന്ന ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ സ്വീകാര്യമായ നടപടികള്‍ ചെയ്തേ മതിയാവൂ.
പ്രാദേശിക അസമത്വം:
ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്കു സന്തുലിത വികസനം ആവശ്യമാണ്. ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും വളരെ പിന്നോക്കാവസ്ഥയിലാണ്. ഈ പ്രാദേശിക അസമത്വം പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
വര്‍ഗീയതയും ജാതീയതയും:
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണു വര്‍ഗീയതയും ജാതീയതയും. വര്‍ഗീയ ലഹളകള്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും നിലനില്‍പ്പിനും ഭീഷണിയാകുന്നു. രാജ്യത്തിന്‍റെ പലഭാഗത്തും ജാതിയുടെ അടിസ്ഥാനത്തില്‍ തരംതിരിവും അസ്വസ്ഥതകളും നിലനില്‍ക്കുന്നു. ദേശീയ താത്പര്യങ്ങള്‍ മാറ്റിനിര്‍ത്തി, ജനങ്ങള്‍ തമ്മിലുള്ള കലഹത്തിനു ജാതീയത കാരണമാകുന്നു.
ഭാഷാവാദം:
ഇന്ത്യ ഒരു ബഹുഭാഷാ രാഷ്ട്രമാണ്. ഇന്ത്യയില്‍ ഭാഷയുടെ പേരിലുള്ള ഭിന്നത നിലനില്‍ക്കുന്നു. പല പ്രാദേശിക രാഷ്ട്രീയ കക്ഷികളും നിലനില്‍ക്കുന്നതു ഭാഷയുടെ അടിസ്ഥാനത്തിലാണ്. ഈ പ്രവണതയും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്.
തീവ്രവാദം:
തീവ്രവാദത്തിനു രാഷ്ട്രീയവും, മതപരവും അന്താരാഷ്ട്രീയവുമായ കാരണങ്ങള്‍ ഉണ്ട്. തീവ്ര സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കു വിഘാതമാകുന്നു.
വിഘടന വാദം:
വിഘടനവാദം പ്രചരിപ്പിക്കുന്ന സംഘടനകള്‍ രാജ്യത്തിന്‍റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നു. വിഘടനവാദ ആശയങ്ങള്‍ രാജ്യത്തിന്‍റെ ഭദ്രതയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഹാനികരമാണ്.