ചെറായിയുടെ താരം
Published : Thursday,
February 09,
2012
ആനക്കമ്പക്കാര്‍ കാത്തുനിന്നു. ആര്‍പ്പുവിളികളും ആരവങ്ങളും ആകാശത്തോളം ഉയര്‍ന്നു. എല്ലാ കൗതുകങ്ങളും മൊബൈലില്‍ ഒതുക്കാനായി എത്തിയവരുടെ സംഘങ്ങളും ക്യാമറാക്കണ്ണുകള്‍ തുറന്നുവച്ചു. എറണാകുളം ജില്ലയിലെ ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രസന്നിധയിലെ ഇന്നലത്തെ ദൃശ്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു. എല്ലായിടത്തു നിന്നും ആനപ്രേമികളും പൂരപ്രേമികളും ആസ്വാദകരും ഒഴുകിയെത്തുന്ന ആനകളുടെ തലപ്പൊക്കമത്സരം ഇന്നലെ അരങ്ങേറി. പതിവു തെറ്റിക്കാതെ പുരുഷാരം ഒഴുകിയെത്തി. മംഗലാംകുന്ന് അയ്യപ്പനും ചെര്‍പ്പളശ്ശേരി പാര്‍ഥനുമായിരുന്നു ഇന്നലത്തെ താരങ്ങള്‍, മത്സരാര്‍ഥികള്‍. ആരവങ്ങള്‍ മുറുകുമ്പോള്‍ വിജയം തങ്ങള്‍ക്കെന്നുറപ്പിച്ച് ഇരുവരും കാത്തു നിന്നു, മത്സരത്തിനുള്ള ബെല്‍ മുഴങ്ങുന്നതിനായി.
ക്ഷേത്രഗജമണ്ഡപമായിരുന്നു വേദി. എല്ലാക്കൊല്ലവും ഇരു ചേരുവാരമായി തിരിഞ്ഞാണു മത്സരം. ഇക്കുറി വടക്കേ ചേരുവാരത്തിന്‍റെ അഭിമാനം കാക്കാന്‍ എത്തിയതു മംഗലാംകുന്ന് അയ്യപ്പന്‍, തെക്കേ ചേരുവാരത്തിന്‍റേതു ചെര്‍പ്പളശ്ശേരി പാര്‍ഥനും. കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ പട്ടത്തു ശ്രീകൃഷ്ണനോടു തോറ്റെങ്കിലും മംഗലാംകുന്ന് അയ്യപ്പന്‍ കേമന്‍ തന്നെ. ചെര്‍പ്പളശ്ശേരി പാര്‍ഥന്‍ കന്നിക്കാരനാണെങ്കിലും നിസാരക്കാരനല്ലായിരുന്നു. മുമ്പു ചെറായി പൂരത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ളതു കൊണ്ടു തന്നെ ഈ പ്രദേശത്തുകാര്‍ക്കു പാര്‍ഥനെ നന്നായി അറിയാം. ചെറായി പൂരത്തിനു തിടമ്പ് എഴുന്നള്ളിക്കാനുള്ള ആനയെ നിശ്ചയിക്കുന്നതു തലപ്പൊക്ക മത്സരത്തിലൂടെയാണ്. വിജയിക്കുന്ന ആനയ്ക്കായിരിക്കും ശ്രീ സുബ്രഹ്മണ്യന്‍റെ തിടമ്പ് എഴുന്നള്ളിക്കാനുള്ള മഹാഭാഗ്യം. ഇരുചേരുവാരക്കാരും വാശിയോടെ തങ്ങളുടെ ആനയെ ആരവങ്ങളോടെ പ്രോത്സാഹിപ്പിക്കാന്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
എല്ലാക്കൊല്ലവും എട്ടു മണിയോടെ തുടങ്ങുന്ന മത്സരമായിരുന്നെങ്കിലും, ഇക്കുറി വൈകി. രാവിലെ ഏഴു മണി മുതല്‍ തന്നെ അമ്പലപ്പറമ്പില്‍ ജനസമുദ്രമായിരുന്നു. പക്ഷേ മത്സരം തുടങ്ങുന്നതിനു കുറച്ചു മുമ്പു പൂരത്തിനായി കൊണ്ടു വന്ന തിരുവാണിക്കാവ് രാജഗോപാല്‍ അല്‍പ്പം അസ്വസ്ഥത പ്രകടിപ്പിച്ചു. ക്ഷേത്രഗജമണ്ഡപത്തിനു സമീപത്തേക്കു ഓടി വന്നു കക്ഷി. അതോടെ ആളുകള്‍ ഭയന്നോടി. ഒമ്പതരയോടെയാണ് തലപ്പൊക്കമത്സരത്തിനു തുടക്കം കുറിച്ചത്. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ തല താഴ്ത്താതെ ഏറ്റവും കൂടുതല്‍ നേരം നില്‍ക്കുന്ന ആനയാണു വിജയി. അങ്ങനെ പുരുഷാരത്തിന്‍റെ ഏറെ നേരത്തേ കാത്തിരിപ്പിനൊടുവില്‍ ബെല്‍ മുഴങ്ങി. ആവേശം വാനോളം ഉയര്‍ന്നു നില്‍ക്കെ മത്സരത്തിനു ആര്‍പ്പുവിളികളുടെ അകമ്പടിയോടെ തുടക്കം. രണ്ട് ആനകളും തല പരമാവധി ഉയര്‍ത്തിപ്പിടിച്ചു നിന്നു. ഒടുവില്‍ മത്സരസമയം അവസാനിക്കുമ്പോള്‍ വിജയി, വടക്കേ ചേരുവാരത്തിന്‍റെ മംഗലാംകുന്ന് അയ്യപ്പന്‍. ശ്രീ സുബ്രഹ്മണ്യന്‍റെ തിടമ്പേറ്റാനുള്ള ഭാഗ്യം അയ്യപ്പന്. വടക്കേ ചേരുവാരംകാര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാറക്കല്‍ സിഐ സജീവന്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ബാലചന്ദ്രന്‍, ചീഫ് വെറ്റിറനറി സര്‍ജന്‍ ഡോക്റ്റര്‍ എബ്രഹാം തരിയന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ചെറായി പൂരത്തിനു മുന്നോടിയായുള്ള തലപ്പൊക്ക മത്സരം കേരളത്തിലെയാകെ ആനപ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. മത്സരദൈര്‍ഘ്യം ഏഴു മിനിറ്റു മാത്രമാണെങ്കിലും ആവേശം അതിലേറെ. ഇതു കാണാനായി ദൂരദേശത്തു നിന്നു പോലും എല്ലാക്കൊല്ലവും ആളുകള്‍ എത്തുന്നു . പത്തു നാള്‍ നീണ്ടു നില്‍ക്കുന്ന ചെറായി പൂരത്തിന്‍റെ കൊടിയിറങ്ങുമ്പോള്‍പ്പോലും ആനകളുടെ തലപ്പൊക്ക മത്സരത്തിന്‍റെ ലഹരിയും വീര്യവും കെട്ടടങ്ങിയിട്ടുണ്ടാകില്ല. അടുത്ത വര്‍ഷം ഞങ്ങളുടെ ആന വിജയിയെന്നുറപ്പിച്ചാണ് ചേരുവാരങ്ങള്‍ മടങ്ങുന്നത്. ഇക്കുറി താരം മംഗലാംകുന്ന് അയ്യപ്പന്‍ തന്നെ. അവനെ കീഴടക്കാന്‍ മറ്റൊരു കേമന്‍ വരുമോ എന്നു കാത്തിരുന്നറിയാം, അടുത്ത വര്‍ഷം വരെ.
Close...
Maximum Character Allowed -
4000