Thursday, May 24, 2012   12:34 AM IST
Vaartha BlogRSS
Loading
വിനയായ ജനസേവനം
Published : Thursday, February 09, 2012
|
  
Text Size
മാരീചന്‍

ടൈറ്റ് ജീന്‍സും ഇറുകിയ ടീ ഷര്‍ട്ടും ധിരിച്ചു പബിലെത്തിയ സുന്ദരിയെ "മോറല്‍ പൊലീസു'കാര്‍ കര്‍ണാടകയില്‍ അടിച്ചു വീഴ്ത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതേയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ 2011 ജനുവരി 25നായിരുന്നു മംഗലാപുരത്തെ ഈ മോറല്‍ പൊലീസ് ലാത്തിച്ചാര്‍ജ്!

അല്‍പ്പവസ്ത്രം ധരിച്ച് അഴിഞ്ഞാടുന്നവരെ അടിച്ചോടിക്കുമെന്നു തന്നെയായിരുന്നു കര്‍ണാടക സംസ്കാര സംരക്ഷണത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തവരുടെ ഉറച്ച നിലപാട്. (പബ്ബില്‍ തല്ലുകൊണ്ട യുവതി അല്‍പ്പ വസ്ത്ര ധാരിയായിരുന്നില്ല എന്നതു മറ്റൊരു കാര്യം. ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ ഇറുക്കം മോറല്‍ പൊലീസ് അനുവദിക്കുന്ന "അഴകളവി'ലും കൂടതലായിരുന്നത്രേ!). പബ് സംസ്കാരം, നീലച്ചിത്രം, ഡാന്‍സ് ബാര്‍, മരം ചുറ്റി പ്രേമം... ഒന്നും വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു മുന്നറിയിപ്പ്.

മോറല്‍ പൊലീസിനെ പേടിച്ചാണോ കര്‍ണാടകത്തിലെ മൂന്നു മന്ത്രിമാര്‍ നീലച്ചിത്രാസ്വാദനം നിയമസഭയ്ക്കുള്ളിലാക്കിയതെന്നു നിശ്ചയമില്ല. ഏതായാലും, കള്ളി വെളിച്ചത്തായതോടെ സഹകരണ മന്ത്രി ലക്ഷ്മണ്‍ സവദി, വനിതാ ശിശുക്ഷേമ മന്ത്രി സിസി പാട്ടീല്‍, തുറമുഖ-ശാസ്ത്രകാര്യ മന്ത്രി കൃഷ്ണ പലേമര്‍ എന്നിവര്‍ ഇന്നലെ രാജിവച്ചു തടിതപ്പി.

സഭയ്ക്കുള്ളില്‍ മന്ത്രിമാര്‍ നീലച്ചിത്രം കണ്ടാസ്വദിക്കുന്ന വാര്‍ത്തയും വിഷ്വലുകളും ടിവി ചാനലുകള്‍ പുറത്തു വിട്ടതാണു പ്രശ്നമായത്. മൊബൈല്‍ ഫോണില്‍ നീലച്ചിത്രം ആദ്യം കണ്ട സവദി അതു പാട്ടീലിനെ കാണിക്കുകയായിരുന്നു. സഭയ്ക്കുള്ളില്‍ നീലച്ചിത്രം കണ്ടില്ലെങ്കിലും പ്രദര്‍ശിപ്പിച്ച ഫോണിന്‍റെ ഉടമസ്ഥതയാണു പലേമറെ കുടുക്കിയത്.

സുന്ദരിയായ ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യമായിരുന്നു ചിത്രത്തിന്‍റെ തുടക്കമെന്നു വാര്‍ത്ത. തുടര്‍ന്നു വിവസ്ത്രയായ അവര്‍ "അണ്‍ പാര്‍ലമെന്‍ററി ' നടപടികളിലേക്കു നീങ്ങുകയായിരുന്നത്രേ.

എന്നാല്‍, തങ്ങള്‍ കണ്ടതു നീലച്ചിത്രമല്ലെന്നു സവദി ആണയിടുന്നു. നാലു പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നത്രേ അതില്‍!. മദ്യവും മയക്കുമരുന്നും വിളമ്പുന്ന രാത്രികാല സല്‍ക്കാരങ്ങള്‍ (റേവ് പാര്‍ട്ടികള്‍) സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിന്‍റെ ഭാഗമായാണു താന്‍ ചിത്രം കണ്ടതെന്ന് അദ്ദേഹം പറയുന്നു. (ഇവിടെ ഒരു ലോ പോയിന്‍റുണ്ട്. എന്തൊക്കെയാണു നീലച്ചിത്രങ്ങളുടെ നിര്‍വചനത്തില്‍ വരിക? ബലാത്സംഗ ദൃശ്യങ്ങള്‍ നീലച്ചിത്രമാകുമോ? ഇല്ലെന്നു വന്നാല്‍, നീലച്ചിത്ര നിര്‍മാതാക്കള്‍ക്ക് അതൊരു സുരക്ഷിത പാത തുറന്നു നല്‍കും. അതു വേറൊരു വിഷയം).

നാടു നന്നാക്കാന്‍ ശ്രിക്കുന്നതിന്‍റെ ഭാഗമായിരുന്നു അതെങ്കില്‍, പിന്നെന്തിനു മന്ത്രിമാര്‍ രാജിവയ്ക്കണം? ചിത്രം കാണിച്ചാലും രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിനു ബോധ്യമാകണമെന്നില്ല. പക്ഷേ, പാര്‍ട്ടി നേതൃത്വത്തെയും സ്പീക്കറെയും ഗവര്‍ണറെയും ആ ചിത്രമൊന്നു കാണിച്ചാല്‍ മതിയായിരുന്നില്ലേ? അതിനും മന്ത്രിമാര്‍ക്കു മറുപടിയുണ്ട്. ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പിന്നെങ്ങനെയാണു സര്‍ക്കാരിനു പ്രതിസന്ധിയുണ്ടാകുക? ക്ഷീരമുള്ളോരകിടില്‍ ചുവട്ടിലും... ചോര തന്നെയല്ലോ കോണ്‍ഗ്രസിനും ജനതാദളിനും പഥ്യം!

രാഷ്ട്രീയക്കാരുടെ പതിവു പ്രയോഗമാണു നിരപരാധിത്വം തെളിയിച്ചു തിരിച്ചുവരും എന്നത്. ഈ വാചകം ഇവരും ആവര്‍ത്തിച്ച് ആണയിടുന്നു, ഞങ്ങള്‍ അഗ്നിശുദ്ധി തെളിയിച്ചു തിരിച്ചെത്തും! എന്തിനാണു നിരപരാധിത്വം തെളിയിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കുന്നതെന്നു വ്യക്തമല്ല. ആ ചിത്രം നാലാമതൊരാളെ കാണിച്ചാല്‍, അല്ലെങ്കില്‍, മാധ്യമങ്ങളെ കാണിച്ചാല്‍ തീരാവുന്നതേയുള്ളൂ പ്രശ്നം. കാണിക്കുന്നില്ല, കാണിക്കാമെന്നു പറയുന്നില്ല എന്നതാണു പ്രശ്നം. പ്രായപൂര്‍ത്തിയായവരെപ്പോലും കാണിക്കാന്‍ പറ്റാത്തതെന്തോ ആണു മൊബൈലില്‍ ഉള്ളതെന്നുറപ്പ്.

കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ഇവര്‍ക്ക് ആ പണി നല്ല വശമില്ലെന്നു തോന്നുന്നു. പെട്ടുപോയി. ഊരാക്കുടുക്കാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രമമായി. പിന്നെ പറഞ്ഞതൊക്കെ പരമാബദ്ധങ്ങളായി, പരസ്പരവിരുദ്ധമായി. അവനവനെത്തന്നെയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും വലിയൊരു നാണക്കേടില്‍ കൊണ്ടുചെന്നെത്തിച്ച ഇവര്‍ രാജി വയ്ക്കുന്നതു തന്നെയാണു നല്ലത്. പണിയറിയാത്തവരെക്കൊണ്ടു പാര്‍ട്ടിക്കും ഭരണത്തിനും നാടിനും ഗുണമില്ല. പരസ്പരം തല തല്ലിക്കീറുന്നവര്‍ എന്നാണു കര്‍ണാടകത്തിലെ ബിജെപിക്കാരെപ്പറ്റി പറയുന്നത്. അതിനിടെയാണു മൂന്നു പേരുടെ സെല്‍ഫ് ഗോള്‍! ഇവരെ മന്ത്രിസ്ഥാനത്തുനിന്നു മാത്രമല്ല, എംഎല്‍എ സ്ഥാനത്തുനിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നു തന്നെയും പുറത്താക്കണം. നാടിനും അതാണു നല്ലത്.

ജനപ്രതിനിധികള്‍ നിയമസഭയ്ക്കുള്ളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നിയമ സംരക്ഷണമുണ്ട്, അതു തെറി വിളിയായാലും സാരി വലിച്ചുകീറലായാലും കാലെടുത്തു മേശമേല്‍ വച്ച് അലറി വിളിക്കലായാലും വാര്‍ഡനെ കൈയേറ്റം ചെയ്യലായാലും. സ്വന്തം ഫോണില്‍ നീലച്ചിത്രം കാണുന്നതും ഇനി ഈ പട്ടികയില്‍പ്പെടുത്തണം. അഖിലേന്ത്യാ സ്പീക്കര്‍മാര്‍ ശ്രദ്ധിക്കുക. സഭയ്ക്കുള്ളിലെ ഈ പ്രവൃത്തിയുടെ പേരില്‍ അവരെ അറസ്റ്റ് ചെയ്യാനോ കോടതി കയറ്റാനോ നിലവില്‍ വകുപ്പില്ല. നീലച്ചിത്ര പ്രദര്‍ശനം ഈ വകുപ്പില്‍ പെടുത്താന്‍ സാധിക്കുമോ എന്ന് പ്രതിപക്ഷത്തിനെങ്കിലും ആലോചിക്കാവുന്നതാണ്.

കണ്ട ദൃശ്യങ്ങള്‍ സഭയില്‍ നിന്നു മറച്ചുപിടിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശമുണ്ടോ എന്നതാണ് ഇനി സ്പീക്കര്‍ പറയേണ്ട മറുപടി. സഭയുടെ മേശപ്പുറത്തുവയ്ക്കുന്നതെന്തും സഭയുടെ സ്വത്തെന്നാണ് ചട്ടം. അശ്ലീല ദൃശ്യം കണ്ടു രസിക്കുന്നതിനിടെ മന്ത്രിമാര്‍ മൊബൈല്‍ മേശപ്പുറത്തും വച്ചു. അപ്പോള്‍ സ്പീക്കര്‍ക്കു നടപടിയെടുക്കാം. അങ്ങനെയറിയാമല്ലോ, മന്ത്രിമാര്‍ പറഞ്ഞതു സത്യമോ എന്ന്. അല്ലെങ്കില്‍ വോട്ടിങ്ങിനെക്കുറിച്ചു തര്‍ക്കമുണ്ടായപ്പോള്‍ സഭാ നടപടികളുടെ ദൃശ്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ കീറിക്കെട്ടി പരിശോധിച്ച കേരള നിയമസഭാ സ്പീക്കറുടെ ഉപദേശം ആരായുകയും ആവാം.
Rate This News :
Latest News