Thursday, May 24, 2012   12:44 AM IST
Vaartha BlogRSS
Loading
കേസ് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
Published : Saturday, February 25, 2012
|
  
Text Size
തിരുവനന്തപുരം

ആര്‍. റിന്‍സ്

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയശേഷം തുടര്‍ നടപടികളറിയാന്‍ ഇനി സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട. ഒരൊറ്റ മൗസ്ക്ലിക്കില്‍ വിവരങ്ങള്‍ കണ്‍മുന്നിലെത്തും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലയിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ പ്രൊപ്പോസലിനു ഡിജിപിയുടെയും ആഭ്യന്തരവകുപ്പിന്‍റെയും അനുമതിയും ലഭിച്ചിട്ടുണ്ട്.

കേരള പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലായിരിക്കും കേസിന്‍റെ തുടര്‍ വിവരങ്ങളറിയാനുള്ള സംവിധാനം. "കേസിന്‍റെ സ്ഥിതി അറിയുക' എന്ന പുതിയ ലിങ്ക് തുറക്കും. ഇവിടെ ക്ലിക്ക് ചെയ്താല്‍ പൊലീസ് ജില്ലയുടെയും സ്റ്റേഷന്‍റെയും വിവരങ്ങള്‍ ലഭിക്കും. എഫ്ഐആറിന്‍റെ ക്രൈം നമ്പര്‍ നല്‍കിയാല്‍ കേസിന്‍റെ ഇപ്പോഴത്തെ വിവരങ്ങള്‍ അറിയാനാകും.

പരാതിക്കാരന്‍ താമസിക്കുന്ന സ്ഥലവും കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനും ഒരേ സ്ഥലത്താകണമെന്നില്ല. സ്റ്റേഷനില്‍ പോകുമ്പോഴൊക്കെ അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ കഴിഞ്ഞെന്നും വരില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ സംവിധാനമെന്ന് തിരുവനന്തപുരം സിറ്റിയില്‍ പദ്ധതിയുടെ ചുമതലയുള്ള ഐജി ഷേയ്ക്ക് ദര്‍വേശ് സാഹിബ് "മെട്രൊ വാര്‍ത്ത'യോടു പറഞ്ഞു.

ഇതിനായി സോഫ്റ്റ്വെയര്‍ തയാറാക്കുന്നതിനും മറ്റും പുറത്തുനിന്നുള്ള ഒരു സ്ഥാപനത്തെയും ആശ്രയിക്കുന്നില്ല. പൊലീസ് ഹൈടെക് സെല്ലിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സോഫ്റ്റ്വെയര്‍ പൊലീസ് തന്നെ വികസിപ്പിക്കും. തിരുവനന്തപുരം സിറ്റിയില്‍ പദ്ധതി വിജയം കണ്ടാല്‍ മറ്റു പൊലീസ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ശബരിമലയില്‍ ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത് വിജയമായ സാഹചര്യത്തിലാണ് പുതിയ സംവിധാനം വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. വിര്‍ച്വല്‍ ക്യൂ സംവിധാനവും പൊലീസ് വെബ്സൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Rate This News :
Latest News