Thursday, May 24, 2012   12:47 AM IST
Vaartha BlogRSS
Loading
ജയിച്ചാല്‍ അനൂപ് മന്ത്രി
Published : Saturday, February 25, 2012
|
  
Text Size
പിറവം

എ.സി. ജിപ്സണ്‍

ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാകുമെന്നു യുഡിഎഫ്. പിറവത്ത് അനൂപിന്‍റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ യുഡിഎഫ് നേതാക്കള്‍ ഇക്കാര്യം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു ഫലം ഒമ്പതു മാസത്തെ യുഡിഎഫ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്‍വന്‍ഷനില്‍ വ്യക്തമാക്കി.

അനൂപ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന ആര്യാടന്‍ മുഹമ്മദിന്‍റെ പ്രസ്താവന ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി സിപിഎം തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരുന്നു. ആര്യാടന്‍റെ പ്രസ്താവനയെ ഇടതു നേതാക്കള്‍ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു യുഡിഎഫിന്‍റെ പ്രഖ്യാപനം.

അനൂപ് മന്ത്രിയാകുമെന്നു നേരത്തേ പ്രഖ്യാപിക്കുന്നതു ചട്ടലംഘനമല്ലെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണു പ്രചാരണം തുടങ്ങിയത്. ഇക്കാര്യത്തില്‍ ഒരു ചട്ടലംഘനവുമില്ല. പരാജയഭീതികൊണ്ടുള്ള നെഞ്ചിടിപ്പാണ് ഇടതുപക്ഷത്തിനെന്നും ചെന്നിത്തല.

മന്ത്രിയാക്കുന്ന കാര്യത്തില്‍ ഇലക്ഷനു മുന്‍പോ ശേഷമോ എന്നതു സംബന്ധിച്ചു മാത്രമായിരുന്നു തര്‍ക്കം ഉയര്‍ന്നുവന്നിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അതിനപ്പുറം ഒന്നും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ല. ഇലക്ഷനു മുന്‍പു മന്ത്രിയാകണമെന്ന് അനൂപും യുഡിഎഫും ആഗ്രഹിച്ചില്ല. ഇനിയുള്ള കാര്യങ്ങള്‍ പിറവത്തെ ജനങ്ങള്‍ തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പുഫലം അനൂപിന് അനുകൂലമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലം യുഡിഎഫ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന പിണറായി വിജയന്‍റെ പ്രസ്താവന വെല്ലുവിളിയായി സ്വീകരിക്കുന്നു. ഭൂരിപക്ഷം കുറഞ്ഞുപോയതിന്‍റെപേരിലോ മുന്നണിയിലെ തര്‍ക്കത്തിന്‍റെ പേരിലോ ഇന്നേവരെ സര്‍ക്കാര്‍ തീരുമാനമൊന്നും മാറ്റിവയ്ക്കേണ്ടിവന്നിട്ടില്ല. മന്ത്രിമാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. യുഡിഎഫ് മന്ത്രിമാര്‍ക്കു പിറവത്തു വരാനും വോട്ട് ചോദിക്കാനും അവകാശവും അധികാരവുമുണ്ടെന്നും മുഖ്യമന്ത്രി.

കണ്‍വന്‍ഷനില്‍ ഡിസിസി പ്രസിഡന്‍റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു.

യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഷിബു ബേബി ജോണ്‍, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കക്ഷിനേതാക്കളായ ആര്‍. ബാലകൃഷ്ണപിള്ള, എം.പി. വീരേന്ദ്രകുമാര്‍, അഡ്വ. എ.എന്‍. രാജന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.



Rate This News :
Latest News