Thursday, May 24, 2012   12:49 AM IST
Vaartha BlogRSS
Loading
പദ്ധതികളും പ്രതിസന്ധിയും
Published : Saturday, February 25, 2012
|
  
Text Size
അരവിന്ദ്

വൈദ്യുതി പ്രശ്നത്തില്‍ കേരളത്തില്‍ നിലവിലുള്ള സ്ഥിതി വിലയിരുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യാത്തതാണു ഗുരുതമായ സ്ഥിതിവിശേഷത്തിനു കാരണമായത്. അന്തര്‍ സംസ്ഥാന വൈദ്യുതി വിതരണ ശൃഖംലയുടെ ശേഷി 1200 മെഗാവാട്ട് മാത്രമാണ്. 1135 മെഗാവാട്ട് കേന്ദ്ര വിഹിതം ഈ ലൈനുകള്‍ വഴിയാണു കൊണ്ടു വരുന്നത്. ഈ ലൈനിന്‍റെ ശേഷി വര്‍ധിപ്പിക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതു തിരിച്ചടിയാകുന്നുണ്ട്. ഈ ലൈനിന്‍റെ ശേഷി ഇരട്ടിയെങ്കിലും ആക്കാത്തിടത്തോളം കാലം പുറത്തുനിന്നു വൈദ്യുതി കൊണ്ടുവന്നു പ്രശ്നം പരിഹരിക്കാമെന്നുള്ള മോഹം വ്യാമോഹമായി തുടരും. കൈഗ പദ്ധതിയില്‍ നിന്നു വൈദ്യുതി കൊണ്ടുവരുന്നതിനു വേണ്ടി അരീക്കോട് സ്ഥാപിച്ച 400 കെ.വി. സബ്സ്റ്റേഷന്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കര്‍ണാടക ഭാഗത്തുണ്ടായ ഭൂമി തര്‍ക്കങ്ങള്‍ പ്രസരണ ലൈന്‍ വലിക്കുന്നതിലുണ്ടാക്കിയ തടസമാണു പ്രധാന കാരണം. ഈ തടസമൊഴിവാക്കാന്‍ എന്തു നടപടി സ്വീകരിച്ചതെന്നു വൈദ്യുതി ബോര്‍ഡിനു പോലും അറിയാമെന്നു തോന്നുന്നില്ല. ഈസ്റ്റ് കൊച്ചിയിലെ 400 കെവി സബ്സ്റ്റേഷന്‍റെ അവസ്ഥയും വ്യത്യസ്തമല്ല. കൂടംകുളത്തു നിന്നു വൈദ്യുതി ലഭിക്കുകയാണെങ്കില്‍ തിരുനല്‍വേലി വഴി വരുന്ന ലൈന്‍, പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെ കടന്നു വരണം. എന്നാല്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതിന്‍റെ പ്രവര്‍ത്തനം പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ചില പരിഹാരങ്ങളായെങ്കിലും ലൈന്‍ വലിക്കുന്നതിനും പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനും കഴിഞ്ഞിട്ടില്ല.

2017 വരെയുള്ള വൈദ്യുതി ആവശ്യകത വിലയിരുത്തിയാണു മുന്നോട്ടു പോകേണ്ടത്. മുന്‍കൂട്ടിയുള്ള വിലയിരുത്തലുകളില്‍ ചെറിയ വ്യതിയാനങ്ങളുണ്ടാകും. എങ്കിലും ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്രോതസുകള്‍ സൃഷ്ടിക്കാന്‍ കഴിയും. 17-ാം ഊര്‍ജ സര്‍വെ പ്രകാരം 2011-12 വര്‍ഷത്തില്‍ 3528 മെഗാവാട്ട് ആവശ്യം വരുമെന്നാണു വിലയിരുത്തല്‍. വരാന്‍ പോകുന്ന വികസന പദ്ധതികളുടെ ഉപയോഗം കൂടി വിലയിരുത്തി ഇതു പുനര്‍നിശ്ചയിക്കുമ്പോള്‍ 3369 മെഗാവാട്ടിന്‍റെ ആവശ്യം കണക്കാക്കുന്നു. (ഇത് ഊര്‍ജ സര്‍വെ കണക്കിനെക്കാള്‍ കുറവാണങ്കിലും, നിലവിലുള്ള ഉപയോഗത്തില്‍ അധികമാണ്).

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഈ വിടവു നികത്താന്‍ വഴികളില്ല. 2017- 18 വര്‍ഷം വികസന സാധ്യതകള്‍ അടക്കം പരിഗണിച്ചാല്‍ 5346 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരും. ഇന്നത്തെ സാഹചര്യത്തില്‍ ഒരു വൈദ്യുതി പദ്ധതി പൂര്‍ത്തിയാക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും വേണ്ടി വരും. പത്തോ അതില്‍ കൂടുതലോ വര്‍ഷങ്ങളാണു സാധാരണഗതിയില്‍ ഒരു പദ്ധതി പൂര്‍ത്തിയാക്കാന്‍ കേരളത്തിനു വേണ്ട സമയമെന്നതാണു ചരിത്രം.

ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ അഞ്ചു വര്‍ഷമെന്നു നിജപ്പെടുത്തിയാലും ഏകദേശം 2,000ത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുക അപ്രായോഗികം. ഇതു കടുത്ത പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. അടുത്ത പഞ്ചവല്‍സര പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തന്നെ കേരളത്തില്‍ വൈദ്യുതി കിട്ടാക്കനിയാകുമെന്നുറപ്പാണ്. ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും പരമ്പരാഗത രീതികളെല്ലാം വിട്ട് ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചാല്‍ പ്രതിസന്ധി മറിടക്കാന്‍ കഴിയും. അതിനുള്ള ഏറ്റവും ലഘുവായ, നടപ്പിലാക്കാന്‍ കഴിയുന്ന മാര്‍ഗങ്ങളാണു കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതും.

പ്രതിസന്ധി മറികടക്കാന്‍ പരമ്പരാഗത ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കുന്നതു ചരിത്ര പരമായ മണ്ടത്തരമായി മാറും. മെച്ചപ്പെട്ട സംഭരണ ശേഷിയുള്ള വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ഇനി ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പാരിസ്ഥിതിക പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരുമിടുന്ന കുരുക്കുകള്‍ അഴിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അധ്വാനവും സമയവും പണവും ചെലവിടാമെന്നല്ലാതെ കാര്യമായ ഒരു ഗുണവും ഇതുവഴിയുണ്ടാകില്ല. അതിരപ്പിള്ളി പദ്ധതി തന്നെ ഇതിന് ഉത്തമ ഉദാഹരണമായി മുന്നിലുണ്ട്. ഈ വൈതരണികള്‍ മറികടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ചെറുകിട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ രംഗത്തു കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

ഇതോടൊപ്പം പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ ആശ്രയിക്കുന്നതിനും പദ്ധതികള്‍ വിഭാവനം ചെയ്തു. പദ്ധതി ആസൂത്രണത്തില്‍ ചെറുകിട, വ്യക്തിയധിഷ്ഠിത പദ്ധതികള്‍ക്കു പുറമേ വന്‍കിട പദ്ധതികളും വിഭാവനം ചെയ്തു. അമിതമായ ചെലവും ചെലവിന് അനുസൃതമായ ഉല്‍പ്പാദന ക്ഷമതയുടെ കുറവും ഇടത്തര-വന്‍കിട പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കാരണമായി. സൗരോര്‍ജ പദ്ധതികള്‍ വ്യക്തിയധിഷ്ഠിതമായി സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയിരുന്നെങ്കില്‍ സഹായകമാകുമായിരുന്നു. സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും സൗരോര്‍ജത്തെ ആശ്രയിക്കാനുള്ള അവസരം ഒരുക്കുകയോ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിര്‍ബന്ധമാക്കുകയോ ചെയ്തിരുന്നുവെങ്കിലും കുറെയേറെ വൈദ്യുതി ലഭ്യമാക്കാമായിരുന്നു.

(തുടരും)

Rate This News :
Latest News