റെയ്ല്‍വേ സദാചാര പൊലീസ്
Published : Saturday,
February 25,
2012
വി. റെജികുമാര്‍
വായനക്കാര്‍, കൃപയാ ധ്യാന്‍ ദീജിയേ: ഈ ലേഖനത്തിലെ അഭിപ്രായങ്ങള്‍ ലേഖകന്‍റേതു മാത്രമാണ്.
മദ്യപിച്ചു ട്രെയ്നില്‍ കയറരുത്. റെയ്ല്‍വേ സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമില്‍പ്പോലും കാലു കുത്തരുത്. പിഴ ആയിരം രൂപയും ആറുമാസം തടവും. അതിബുദ്ധിമാന്മാരായ റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ മലയാളികള്‍ക്കു നല്ലൊരു പണി തന്നിരിക്കുന്നു. രണ്ടുമൂന്നു ദിവസങ്ങളായി കേരളത്തിന്‍റെ ട്രെയ്ന്‍ യാത്രാമേഖലയില്‍ ഇതു സൃഷ്ടിച്ചിരിക്കുന്ന അരാജകത്വം വര്‍ണനാതീതം. സമീപകാലത്തൊന്നും ഇത്രയേറെ പൗരാവകാശവിരുദ്ധവും ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ ധ്വംസനവുമായ ഒരു പൊലീസ് നടപടി രാജ്യം കണ്ടിട്ടില്ല. മദ്യവിരുദ്ധരും സ്ത്രീജനങ്ങളുമൊക്കെ സദയം പൊറുക്കുക, രോഷം മാറ്റിവച്ച് മുന്‍വിധിയില്ലാതെ തുടര്‍ന്നു വായിക്കുക.
മദ്യം, മദ്യശാലകള്‍, മദ്യപാനികള്‍ എന്നിവ നിയമവിധേയമായ യാഥാര്‍ഥ്യമായി നിലനില്‍ക്കുന്ന നാടാണിതെങ്കിലും, പൊതുസ്ഥലത്തു മദ്യപാനവും പുകവലിയും പാടില്ല. മദ്യപാനത്തിന്‍റെ കടുത്ത ദൂഷ്യഫലങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കെത്തന്നെ, അതൊരു ശീലമായി കൊണ്ടുനടക്കുകയാണു നല്ലൊരു പങ്ക് മലയാളികള്‍. അതു വേറൊരു വിഷയം. പൊതുസ്ഥലത്തു മദ്യപിച്ചും അല്ലാതെയും പ്രശ്നങ്ങളുണ്ടാക്കരുത്. എന്നാല്‍, നിയമാനുസൃതം നികുതി നല്‍കി മദ്യം വാങ്ങി നിയമവിധേയമായി കഴിച്ചവര്‍ പൊതുസ്ഥലത്തിറങ്ങിക്കൂടാ എന്നു നിയമമില്ല. നിയമം അനുവദിക്കുന്ന അളവില്‍ മദ്യം കൈയില്‍ കൊണ്ടുനടക്കാനും തടസമില്ല. മദ്യപിച്ചവര്‍ പ്രശ്നമുണ്ടാക്കിയേക്കും എന്ന മുന്‍വിധിയോടെയും തീരുമാനത്തോടെയും മദ്യപിച്ച ഒരാളെ പിടികൂടി പിഴ ചുമത്താനും ജയിലിലിടാനും കഴിയുകയുമില്ല. മദ്യപിച്ചും അല്ലാതെയും നിയമലംഘനം നടത്തുന്നവരെ പിടികൂടി നടപടിയെടുക്കാന്‍ പ്രത്യേക സംവിധാനവും നിയമപാലകരും ഈ നാട്ടിലുണ്ട്. എന്നാല്‍ കുറ്റമൊന്നും ചെയ്യാത്ത ഒരാളെ പിടികൂടി ശിക്ഷിക്കുന്ന നടപടി ചരിത്രത്തിലിതാദ്യം!
റെയ്ല്‍വേ എന്നതു കളിയിക്കാവിള മുതല്‍ വാളയാര്‍ വരെയോ മഞ്ചേശ്വരം വരെയോ ഉള്ള ചെറു ശൃംഖലയല്ല. അതുകൊണ്ടുതന്നെ റെയ്ല്‍വേയുടെ ഏതൊരു നിയമവും നടപടിയും ഈ ഭൂപ്രദേശത്തിനുള്ളില്‍ മാത്രമൊതുക്കാനും കഴിയില്ല. മദ്യപിച്ചവരെ പ്ലാറ്റ്ഫോമില്‍ നിന്നും ട്രെയ്നില്‍ നിന്നും പിടികൂടി പിഴയടിക്കുന്നവര്‍ ഇക്കാര്യം ആലോചിച്ചിട്ടേയില്ല. നാഗര്‍കോവിലില്‍ നിന്നോ കോയമ്പത്തൂരില്‍ നിന്നോ മംഗലാപുരത്തുനിന്നോ മദ്യപിച്ച് ട്രെയ്നില്‍ കയറിയ ഒരാളെ കേരള അതിര്‍ത്തിക്കുള്ളിലെത്തുമ്പോള്‍ പിടികൂടി ശിക്ഷിക്കുന്നതിലെ പരിഹാസ്യതയും അപഹാസ്യതയും ഒട്ടും ചെറുതല്ല. മദ്യപിച്ചിരിക്കുന്ന ഒരാള്‍ പെട്ടെന്നൊരു ട്രെയ്ന്‍ യാത്രയ്ക്കു പുറപ്പെടുമ്പോള്‍ പിഴയും ജയില്‍ശിക്ഷയുമാണു കാത്തിരിക്കുന്നതെങ്കില്‍, ""ഇതെന്തു ചട്ടം'' എന്നാരും മൂക്കത്തുവിരല്‍ വയ്ക്കും.
ട്രെയ്നില്‍ കയറുന്നവര്‍ ഏതു ബോധത്തിലായിരിക്കണം എന്നു റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ക്കു തീരുമാനിക്കാനാവുമോ? ഒരാള്‍ സുബോധത്തിലാണോ അര്‍ധബോധത്തിലാണോ അന്യബോധത്തിലാണോ ആത്മബോധത്തിലാണോ അതോ അതീന്ദ്രിയാവസ്ഥയിലാണോ എന്നൊക്കെ കണ്ടെത്തലാണോ റെയ്ല്‍വേ പൊലീസിന്‍റെ ജോലി? മദ്യപിക്കാതെ തന്നെ ഉന്മാദത്തില്‍ കഴിയുന്നവരുണ്ട്. സ്വഭാവം ജന്മനാ തന്നെ ഉന്മാദമായവരുണ്ട്. പരമാവധി സമയം പരമാനന്ദത്തില്‍ത്തന്നെ ജീവിക്കാന്‍ മദ്യമല്ലാതെ മറ്റുപായങ്ങള്‍ പ്രയോഗിക്കുന്നവരുണ്ട്. ബ്രത്ത് അനലൈസറിനു പിടിത്തം കിട്ടാത്ത പലതും രക്തത്തിലേക്കു കയറ്റിവിട്ട് ഈ ലോകത്തെത്തന്നെ മറന്നു നടക്കുന്നവരുമുണ്ട്. ഏതു നിയമമാണ് റെയ്ല്‍വേ പൊലീസ് ഇത്തരക്കാര്‍ക്കു നേരെ പ്രയോഗിക്കുക?
മദ്യമെന്നല്ല, നിയമപ്രകാരം ലഭ്യമാകുന്ന ഏതു വസ്തുവും വാങ്ങാനും നിയമാനുസൃതം ഉപയോഗിക്കാനും രാജ്യത്തെ പൗരന്മാര്‍ക്കുള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. സ്വകാര്യയിടങ്ങളിലും മദ്യശാലകളിലും ആര്‍ക്കും മദ്യം യഥേഷ്ടം കഴിക്കാം. മദ്യപിച്ചശേഷം പുറത്തിറങ്ങി നടക്കാം. യാത്ര ചെയ്യാം. ട്രെയ്നും നിരത്തിലോടുന്ന വാഹനങ്ങളും ഓടിക്കരുത് എന്നല്ലാതെ അതിലിരുന്നു യാത്ര ചെയ്യരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതൊക്കെ ഭരണഘടന കല്‍പ്പിച്ചനുവദിച്ചിരിക്കുന്ന പൗരാവകാശമാണ്, മൗലികാവകാശമാണ്. എന്നാല്‍ എന്തൊക്കെ കഴിച്ചു, എന്തൊക്കെ കുടിച്ചു എന്നു പൊലീസുകാരെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ഗതികേടിലാണു ട്രെയ്ന്‍ യാത്രികര്‍..! പാലാണോ മോരാണോ ജ്യൂസാണോ മിനറല്‍ വാട്ടറാണാ, അതുമല്ലെങ്കില്‍ റമ്മാണോ കഴിച്ചതെന്നു പറഞ്ഞാലേ വിടൂ എന്നതു ജനാധിപത്യലോകത്ത് ഒരിടത്തും കേട്ടിട്ടില്ലാത്ത വിചിത്രനീതി. ഈ ബുദ്ധി ഉദിച്ചുയര്‍ന്ന തലകളുടെ ഫൊട്ടോസ്റ്റാറ്റ് അങ്ങു ഡല്‍ഹി റെയ്ല്‍ ഭവന്‍ മുതല്‍ ഇങ്ങിവിടെ നിലമ്പൂര്‍ സ്റ്റേഷന്‍ വരെ ഒട്ടിച്ചുവയ്ക്കണം!
ഇതു മദ്യത്തെയും മദ്യപരെയും മദ്യപാനശീലത്തെയും ന്യായീകരിക്കാനുദ്ദേശിച്ചുള്ള കുറിപ്പല്ല. നിയമവാഴ്ച നടക്കുന്ന നാട്ടില്‍ നിയമങ്ങള്‍ നിയമപാലകര്‍ തന്നെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്യുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്നതും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച്, ജനവിരുദ്ധരെന്നും സ്ത്രീവിരുദ്ധരെന്നും വാക്കിനു വിലയില്ലാത്തവരെന്നും പേരുകേള്‍പ്പിച്ച റെയ്ല്‍വേ തന്നെ അത്തരമൊന്നിനു മുതിരുമ്പോള്‍. സമീപകാലത്തു റെയ്ല്‍വേയ്ക്കു കേരളത്തില്‍ സംഭവിച്ച പ്രതിച്ഛായാനഷ്ടം വീണ്ടെടുക്കാനുള്ള ചെപ്പടിവിദ്യയാണ് ഈ മദ്യപവേട്ട. സംശയമില്ല. ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനും, സ്വന്തം കൈയിലിരുപ്പുകൊണ്ട് നഷ്ടമായിപ്പോയ സല്‍പ്പേര് തിരിച്ചുപിടിക്കാനുമുള്ള തരംതാണ അടവാണിത്. മദ്യപരെ പിടിച്ച് ഊതിക്കുന്നതും ഫൈനടിപ്പിക്കുന്നതും കണ്ട് മദ്യവിരുദ്ധര്‍ കൈയടിക്കുന്നുണ്ട്. അത്രയേ റെയ്ല്‍വേ തല്‍ക്കാലം ഉദ്ദേശിച്ചിട്ടുമുള്ളൂ.
എന്നാല്‍, ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പൗരാവകാശലംഘനം ശ്രദ്ധിക്കാതിരുന്നുകൂടാ. ബ്രത്ത് അനലൈസര്‍ വാങ്ങലടക്കമുള്ള കരാറുകളില്‍ വന്നു ഭവിക്കാന്‍ പോകുന്ന ലക്ഷങ്ങളുടെ അഴിമതി അടക്കമുള്ളതു ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിയില്ല. കേസില്‍ നിന്നൊഴിവാകാനുള്ള കൈമടക്ക്, മദ്യപിക്കാത്തവരെപ്പോലും മദ്യപനെന്ന് അപമാനിക്കാന്‍ കഴിയുന്ന സാഹചര്യം, വഴങ്ങാത്തവരെ റെയ്ല്‍വേയുടെ നൂലാമാലകളേറെയുള്ള കടുത്ത കേസില്‍പ്പെടുത്താനുള്ള സാഹചര്യം, ഭീഷണിപ്പെടുത്തി പണം പിടുങ്ങാനുള്ള അവസരം, ട്രെയ്ന്‍ പുറപ്പെടാന്‍ വിസിലടിക്കുമ്പോള്‍ മണംപിടിക്കുന്ന യന്ത്രത്തിനു മുന്നില്‍ ഊതിയൂതി നെടുവീര്‍പ്പിടുന്ന നിസഹായത... വാക്കുകള്‍ക്കതീതമാണ് ഈ ക്രൂരത. മദ്യത്തെ എതിര്‍ക്കുന്ന സ്ത്രീകള്‍ പോലും സ്വന്തം ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍, മകന്‍ അത്തരമൊരവസ്ഥയില്‍ നില്‍ക്കുമ്പോള്‍ റെയ്ല്‍വേയെ ശപിക്കും.
ടിക്കറ്റെടുത്തവര്‍ക്ക് ഇരിക്കാന്‍ സീറ്റ്, ശുദ്ധജലം, നല്ല ഭക്ഷണം, വൃത്തിയുള്ള ടോയ്ലെറ്റുകള്‍, ദുര്‍ഗന്ധമില്ലാത്ത പരിസരം, ജീവന് സുരക്ഷ, കള്ളന്മാരും യാചകരുമില്ലാത്ത കോച്ചുകള്‍, മാന്യമായി പെരുമാറുന്ന ജീവനക്കാര്‍, കാവല്‍ക്കാരുള്ള റെയ്ല്‍ ഗേറ്റുകള്‍, വെളിച്ചമുള്ള പ്ലാറ്റ് ഫോമുകള്‍... ഇന്നോളം ഇതൊന്നും നല്‍കാനാവാത്ത റെയ്ല്‍വേയാണ് ഇപ്പോള്‍ മദ്യപരെ പിടിച്ചു ജയിലിലടയ്ക്കാന്‍ ആവേശം കാട്ടുന്നത്.
മദ്യം സര്‍ക്കാര്‍ ക്വാട്ടയില്‍ വാങ്ങി സേവിക്കുന്ന കേന്ദ്രസേനക്കാര്‍, രണ്ടു പെഗ്ഗ് കഴിച്ചയാള്‍ ചീത്തവിളിക്കുമെന്നും സഹയാത്രികയെ കയറിപ്പിടിക്കുമെന്നും പറയുന്നതു ഫാസിസമാണ്. നാട്ടിന്‍പുറത്തു കള്ളുകുടിയന്മാരെയും സൈക്കിളില്‍ ഡബിള്‍സ് പോകുന്നവരെയും പിടിക്കാന്‍ നടന്നിരുന്ന പഴയ ഇടിയന്‍ കുട്ടന്‍പിള്ള പൊലീസുകാരുടെ നിലവാരത്തിലേക്കു റെയ്ല്‍വേ പൊലീസ് ആണ്ടുപോയിരിക്കുന്നു. ഒരു ബോഗിയില്‍ ഒരു പൊലീസുകാരനെ മുഴുസമയവും നിയോഗിച്ചാല്‍ തീരാവുന്ന ലളിതമായ പ്രശ്നത്തെ പ്ലാറ്റ്ഫോമിലും ട്രെയ്നിലും വച്ച് അടിച്ചുതീര്‍ക്കാമെന്നു തീരുമാനിച്ചവര്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ല. കള്ളുകുടിയന്‍ വരുന്നുവെന്നു പറഞ്ഞു മക്കളെ പേടിപ്പിച്ചിരുന്ന അമ്മമാരുടെ കാലം പോയപ്പോള്‍, റെയ്ല്‍വേ അതേറ്റെടുത്തിരിക്കുന്നു! സ്വന്തം കടമ മറന്നവര്‍, ചെയ്യാനേല്‍പ്പിച്ച ജോലി ചെയ്യാതിരുന്നവര്‍, ചെയ്യാന്‍ പാടില്ലാത്ത പലതും ചെയ്തുകൂട്ടി അപമാനിതരായവര്‍ മുഖംരക്ഷിക്കാന്‍ നടത്തുന്ന വേലകള്‍ക്കു നിയമസാധുതയില്ല എന്നതാണു പരമാര്‍ഥം.
ഭ്രാന്തന്മാര്‍, അരവട്ടന്മാര്‍, മനോനില ശരിയല്ലാത്തവര്‍, മാരകരോഗങ്ങളുള്ളവര്‍, പകര്‍ച്ചവ്യാധികളുള്ളവര്‍, ഭിക്ഷക്കാര്‍, കുറ്റവാളികള്‍, കൊലപാതക- ബലാത്സംഗമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, സ്വൈരിണികള്‍, സ്വവര്‍ഗപ്രേമികള്‍, ഹിജഡകള്‍... ഇവര്‍ക്കാര്‍ക്കുമില്ലാത്ത വിലക്ക് രണ്ടു പെഗ്ഗ് മദ്യം, ഒരു ബിയര്‍, അര ഗ്ലാസ് വൈന്‍ കഴിച്ചുപോയ ഒരാള്‍ക്ക് റെയ്ല്‍വേ വിധിക്കുന്നുവെങ്കില്‍ അതു പണ്ടത്തെ തീണ്ടലാചാരത്തിനു സമമാണ്. മദ്യം കഴിക്കുന്ന കേരളീയരെ തൊട്ടുകൂടാത്തവരായും കാരാഗൃഹത്തിലടയ്ക്കേണ്ടവരായും കരുതുന്ന കേരളത്തിലെ റെയ്ല്‍വേ തമ്പുരാക്കന്മാര്‍ക്ക് എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു. അതല്ലെങ്കില്‍, ഏതോ വലിയ കുഴപ്പത്തില്‍ നിന്ന് അവര്‍ രാജ്യശ്രദ്ധ തിരിക്കുന്നു, തടിയൂരുന്നു. പൊതുഗതാഗത സംവിധാനങ്ങളായ നിരത്തുവാഹനങ്ങളിലും വിമാനങ്ങളിലും മദ്യം കഴിച്ചവര്‍ക്കു മറ്റുള്ളവര്‍ക്കു ശല്യമാകാതെ യാത്ര ചെയ്യാമെങ്കില്‍, ട്രെയ്നുകളില്‍ മാത്രമെന്താണു വിലക്ക്? പാലസ് ഓണ്‍ വീല്‍സ് പോലെയുള്ള ആഡംബര ട്രെയ്നുകളില്‍ മദ്യശാലയും സ്വകാര്യ സ്വീറ്റുകളുമടക്കമുള്ള സൗകര്യങ്ങളും ഒരുക്കി പരസ്യംചെയ്യുന്ന റെയ്ല്‍വേ, മലയാളികളോടു കാണിക്കുന്നതു പ്രതികാരമല്ലെങ്കില്‍ മറ്റെന്ത്? സൗമ്യ വധം മുതല്‍ ജയഗീതയെന്ന വനിതയോടു ടിടിഇമാര്‍ കാട്ടിയ അപമര്യാദ വരെയുള്ള സമീപകാല പ്രശ്നങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന റെയ്ല്‍വേ, കൃത്യമായി ടിക്കറ്റെടുത്തു യാത്രചെയ്യുന്ന മലയാളിയോട് ഇത്രയൊക്കെ ചെയ്തില്ലെങ്കിലല്ലേയുള്ളൂ അദ്ഭുതം!
പുഷ് പുള്‍
ഒരു ""വെള്ളമടിക്കാരനെ'' ഊതിക്കുന്നതു കാണുമ്പോള്‍ ഊറിച്ചിരിക്കുന്ന മദ്യവിരുദ്ധര്‍, സ്ത്രീകള്‍ ശ്രദ്ധിക്കുക: ട്രെയ്നുകളിലെ പീഡനങ്ങള്‍ക്കു കാരണം സ്ത്രീകളുടെ മോഡേണ്‍ വസ്ത്രധാരണമാണെന്നു വരുംദിനങ്ങളില്‍ റെയ്ല്‍വേ പൊലീസ് പറഞ്ഞേക്കും. ജീന്‍സും ടി- ഷര്‍ട്ടും ബര്‍മുഡയും, വയറും പുറവും കാണുന്ന സാരിയും, സ്ലീവ്ലെസ് ബ്ലൗസും ട്രെയ്നില്‍ പാടില്ലെന്ന് ഉത്തരവിറക്കിയേക്കും. കേരള അതിര്‍ത്തിയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ഡ്രസ് കോഡ് തന്നെ പ്രഖ്യാപിച്ചേക്കാനുമിടയുണ്ട്!
സൗമ്യയെ കൊലപ്പെടുത്തിയത് ഒറ്റക്കൈയന്‍ ആണെന്നതിനാല്‍, വികലാംഗരൊക്കെ കുഴപ്പക്കാരാണെന്നും സ്റ്റേഷന്‍ പരിസരത്തു പോലും അവരെ അടുപ്പിക്കരുതെന്നും ഈ വിദ്വാന്‍മാര്‍ ഉത്തരവിറക്കിയേക്കും. എല്ലാ ബലാത്സംഗക്കേസുകളും പ്രതികള്‍ പുരുഷന്മാരായതിനാല്‍, പൗരുഷം ജന്മസിദ്ധവും വര്‍ഗസിദ്ധവുമാകയാല്‍, പ്ലാറ്റ്ഫോമില്‍ പൗരുഷപരിശോധന നടത്തി തിരിച്ചയയ്ക്കുകയോ വന്ധീകരിക്കുയോ ചെയ്യുന്ന ഏര്‍പ്പാടും ഭാവിയില്‍ പ്രതീക്ഷിക്കാമോ? ഇങ്ങനെയാണു പോക്കെങ്കില്‍ അങ്ങനെ പ്രതീക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
""കൂകിപ്പായും തീവണ്ടി, വെള്ളം മോന്തും തീവണ്ടി'' എന്ന് ട്രെയ്നിനെ വലിയ ""വെള്ളമടിക്കാരനായി'' കുഞ്ഞുനാള്‍ മുതലേ പഠിപ്പിച്ചുതന്ന അജ്ഞാതനായ കവേ, അങ്ങേയ്ക്കു സ്തുതി.
Close...
Maximum Character Allowed -
4000