Thursday, May 24, 2012   12:57 AM IST
Vaartha BlogRSS
Loading
ജനങ്ങള്‍ മറുപടി നല്‍കണം
Published : Saturday, February 25, 2012
|
  
Text Size
കൊച്ചി

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിനെതിരേ ജനങ്ങള്‍ മറുപടി നല്‍കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന വികസന കാര്യങ്ങള്‍ തുടരാന്‍ പോലും ഈ സര്‍ക്കാരിനായില്ല. വിഴിഞ്ഞം പദ്ധതി ഇതിനുദാഹരണമാണ്. കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടികളാണു യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്‍ഡിഎഫ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാന പ്രശ്നങ്ങള്‍ സംസ്ഥാനത്തു വീണ്ടും വ്യാപകമാകുകയാണ്. ആറോ, ഏഴോ മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സര്‍ക്കാരാണിത്. ക്വട്ടേഷന്‍ സംഘങ്ങള്‍ വീണ്ടും സജീവമായിക്കഴിഞ്ഞു. എംജി യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചതു ക്വട്ടേഷന്‍ സംഘങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്നു യുഡിഎഫ് പിന്മാറുകയാണ്. ഡാമിന്‍റെ അപകടം സംബന്ധിച്ച പ്രശ്നവും ആശങ്കയും പരിഹരിക്കാന്‍ ഒരു മന്ത്രി ആവശ്യപ്പെട്ടിട്ടു പോലും സര്‍ക്കാരിനായില്ല. കഞ്ചിക്കോട് ഫാക്റ്ററിക്കു തറക്കല്ലിട്ടതു പാലക്കാട് കോട്ടമൈതാനത്താണ്. പദ്ധതിയുടെ പൊതുമേഖലാ സ്വഭാവം എവിടെപ്പോയെന്നു വൈക്കം വിശ്വന്‍ ചോദിച്ചു.

വിദ്യാഭ്യാസ രംഗത്തു വരേണ്യവര്‍ഗത്തിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. വോട്ടുബാങ്കു ലക്ഷ്യമിട്ടാണിത്.

അനൂപിനെ മന്ത്രിയാക്കുമെന്ന യുഡിഎഫ് പ്രഖ്യാപനം കളളമാണ്. അങ്ങനെയെങ്കില്‍ നേരത്തേ ആക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പിറവം മണ്ഡലത്തില്‍ അടുത്ത മാസം മൂന്നിന് ബഹുജന റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ റാലി ഉദ്ഘാടനം ചെയ്യുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു.
Rate This News :
Latest News